ന്യൂദൽഹി- കോൺഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പ് ന്യായവും സ്വതന്ത്രവുമായി നടത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും വോട്ടർപട്ടിക ഉടൻ പൊതുവായി പ്രസിദ്ധീകരിക്കണമെന്നും മുൻ കേന്ദ്രമന്ത്രിയും ജി-23 ഗ്രൂപ്പിലെ പ്രമുഖനുമായ മനീഷ് തിവാരി എംപി. വോട്ടർമാരുടെ പേരും വിലാസവും കോൺഗ്രസിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാതെ തെരഞ്ഞെടുപ്പു സുതാര്യം ആകില്ലെന്ന് തുടർ ട്വീറ്റുകളിൽ തിവാരി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പ്രസിഡന്റു തെരഞ്ഞെടുപ്പു പ്രക്രിയ തികച്ചും നീതിപൂർവമാകുമെന്നും ന്യായമാകില്ലെന്ന സംശയത്തിനു കാര്യമില്ലെന്നും കോൺഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞതിനു മറുപടിയായാണ് മിസ്ത്രിയെ ടാഗ് ചെയ്തുള്ള മനീഷിന്റെ ട്വീറ്റുകൾ. സംഘടനാ തെരഞ്ഞെടുപ്പു പ്രകിയ തട്ടിപ്പാണെന്ന് നേരത്തെ ഗുലാം നബി ആസാദ് കുറ്റപ്പെടുത്തിയിരുന്നു.
മിസ്ത്രിജി, വളരെ ആദരവോടെ ചോദിക്കട്ടെ, പൊതുവായി വോട്ടർ പട്ടിക ലഭ്യമല്ലാതെ തെരഞ്ഞെടുപ്പ് എങ്ങനെ ന്യായവും സ്വതന്ത്രവുമായി നടക്കും? വോട്ടർമാരുടെ പേരും വിലാസവും സുതാര്യമായ രീതിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം എന്നതാണു ന്യായവും സ്വതന്ത്രവുമായ പ്രക്രിയയുടെ സത്തയെന്നും പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എം.പിയായ മനീഷ് തിവാരി ചൂണ്ടിക്കാട്ടി.
നീതിയുടെയും സുതാര്യതയുടെയും താൽപര്യങ്ങൾ കണക്കിലെടുത്തു പാർട്ടി വെബ്സൈറ്റിൽ വോട്ടർമാരുടെ മുഴുവൻ പട്ടികയും പ്രസിദ്ധീകരിക്കാൻ അഭ്യർഥിക്കുന്നു. ഇലക്ടർമാർ ആരാണെന്ന് അറിയില്ലെങ്കിൽ ഒരാൾക്ക് എങ്ങിനെ മത്സരിക്കാമെന്നു പരിഗണിക്കാനാകും? ആരെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ആവശ്യാനുസരണം 10 കോൺഗ്രസ് അംഗങ്ങൾ അതു നിർദ്ദേശിക്കുകയും ചെയ്താലും അവർ സാധുവായ ഇലക്ടർമാരല്ലെന്ന് പറഞ്ഞു പത്രിക നിരസിക്കാം. ഒരു ക്ലബ് തെരഞ്ഞെടുപ്പിലും ന്യായമായി വോട്ടർപട്ടിക സംഭവിക്കുന്നില്ലെന്നും മനീഷ് തിവാരി ട്വിറ്ററിൽ കുറിച്ചു.