മിഷേൽ പ്ലാറ്റീനിയുടെ മാസ്മരിക ടീമിന് സാധിക്കാതിരുന്നതാണ് സ്വന്തം മണ്ണിൽ സിനദിൻ സിദാന്റെ ഫ്രഞ്ച് ടീം 1998 ൽ നേടിയെടുത്തത്. ലോകകപ്പിന്റെ പിതാവ് യൂൾസ്‌റിമെയുടെ ജന്മനാട്ടിൽ വിരുന്നെത്തിയ ടൂർണമെന്റിൽ ഫ്രാൻസ് ആദ്യമായി ചാമ്പ്യന്മാരായി. ഫ്രാൻസിന്റെ സങ്കര സംസ്‌കാരത്തിന്റെ വിജയം കൂടിയായി അത്. ആതിഥേയ ടീമിലെ 22 കളിക്കാരിൽ 14 പേരും ആഫ്രിക്കൻ വംശജരായിരുന്നു. അവശേഷിച്ച എട്ടിൽ വികാസ് ദൊറാസു ഇന്ത്യൻ വംശജനാണ്, ഡേവിഡ് ട്രസഗ്വെയുടെ മാതാപിതാക്കൾ അർജന്റീനക്കാരും. മൂന്നു ഗോളിമാരുൾപ്പെടെ ആറ് കളിക്കാർ മാത്രമായിരുന്നു വെള്ളക്കാർ.
ലോകകപ്പിന്റെ താരമാവുമെന്നു കരുതപ്പെട്ട റൊണാൾഡൊ ഫൈനലിൽ ഉറക്കത്തിലെന്ന പോലെ ഉലാത്തിയതാണ് മറക്കാനാവാത്ത രംഗം. ഹോട്ടൽ മുറിയിൽ അപസ്മാര ബാധിതനായ റൊണാൾഡോയെ ആരുടെ നിർദേശപ്രകാരമാണ് അവസാന നിമിഷം കളിപ്പിക്കാൻ തീരുമാനിച്ചതെന്ന വിവാദം ഏറെക്കാലം കത്തിനിന്നു.
32 ടീമുകൾ ആദ്യമായി പങ്കെടുത്ത ലോകകപ്പായിരുന്നു അത്. എട്ട് ഗ്രൂപ്പുകളിലെ ആദ്യ രണ്ടു സ്ഥാനക്കാർ പ്രി ക്വാർട്ടറിലേക്ക് മുന്നേറി. ഗോൾഡൻ ഗോളും ഇഞ്ചുറി ടൈം സൂചിപ്പിക്കുന്ന ഇലക്ട്രോണിക് ബോർഡും രംഗപ്രവേശം ചെയ്തത് ഈ ലോകകപ്പിലായിരുന്നു. ആദ്യ ഗോൾഡൻ ഗോളടിച്ചത് ഫ്രാൻസിന്റെ ലോറന്റ് ബ്ലാങ്കാണ്. ചാമ്പ്യന്മാരായ ബ്രസീലിന് ഉദ്ഘാടന മത്സരത്തിൽ സ്‌കോട്‌ലന്റിനെ തോൽപിക്കാൻ സെൽഫ് ഗോളിന്റെ സഹായം വേണ്ടിവന്നു. നോർവേയോട് ബ്രസീൽ തോൽക്കുകയും ചെയ്തു, 1966 ന് ശേഷം ആദ്യമായാണ് ബ്രസീൽ ആദ്യ റൗണ്ടിൽ പരാജയമറിഞ്ഞത്. സ്‌പെയിൻ ആദ്യ റൗണ്ടിൽ പുറത്തായി. നൈജീരിയയോട് തോൽക്കുകയും ഗോളി ഹോസെ ലൂയിസ് ഷിലാവർട്ട് നയിച്ച പാരഗ്വായ്‌യുമായി സമനില പാലിക്കുകയും ചെയ്ത അവർ അവസാന കളിയിൽ ബൾഗേറിയക്കെതിരെ ആറു ഗോളടിച്ച് ഉണരുമ്പോഴേക്കും വൈകിപ്പോയിരുന്നു. ഇംഗ്ലണ്ടും കൊളംബിയയുമുൾപ്പെട്ട ഗ്രൂപ്പിൽനിന്ന് റുമാനിയയും രണ്ടാം റൗണ്ടിലെത്തി. തലയുയർത്തി മടങ്ങിയത് ഇറാനായിരുന്നു, രാഷ്ട്രീയ വൈരികളായ അമേരിക്കയെ തോൽപിച്ചുകൊണ്ട്. സൗദി അറേബ്യക്കെതിരായ കളിയിൽ സിദാൻ ചുവപ്പ് കാർഡ് കിട്ടി പുറത്താവുന്നതിനും ആദ്യ റൗണ്ട് സാക്ഷിയായി. അർജന്റീനയുടെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട രണ്ടു ലോകകപ്പുകളിൽ ഹാട്രിക് നേടുന്ന ഏക കളിക്കാരനായി. ഡെന്മാർക്കിന്റെ എബ്ബെ സാന്റ് പകരക്കാരനായിറങ്ങി പതിനാറാം സെക്കന്റിൽ ഗോളടിച്ച് റെക്കോർഡിട്ടു. ടൂർണമെന്റിൽ 22 പേർ ചുവപ്പ് കാർഡ് കണ്ടതും റെക്കോർഡായി, കാമറൂണിന്റെ റിഗോബർട്ട് സോംഗ് രണ്ടു കളികളിൽ പുറത്താക്കപ്പെട്ടു.
അറിയാമോ? ലോകകപ്പിൽ രണ്ടു രാജ്യങ്ങൾക്കു വേണ്ടി ഗോളടിച്ച ഏക വ്യക്തിയാണ് റോബർട്ട് പ്രോസിനെക്കി. 1990 ൽ യു.എ.ഇക്കെതിരെ യൂഗോസ്ലാവ്യക്കു വേണ്ടിയും 1998 ൽ ജമൈക്കക്കെതിരെ ക്രൊയേഷ്യക്കു വേണ്ടിയും.
ത്രസിപ്പിക്കുന്ന ഇംഗ്ലണ്ട്-അർജന്റീന പോരാട്ടത്തോടെയാണ് രണ്ടാം റൗണ്ട് ഉണർന്നത്. ആദ്യ പത്തു മിനിറ്റിൽ തന്നെ ഇരു ടീമുകൾക്കും പെനാൽട്ടി കിട്ടി. കൗമാരക്കാരനായ മൈക്കിൾ ഓവന്റെ ഗോൾ കാണികളെ അമ്പരപ്പിച്ചു. ഇടവേളക്കു മുമ്പെ ഹവിയർ സനേറ്റി അർജന്റീനയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയിൽ അർജന്റീനാ നായകൻ ഡിയേഗൊ സെമിയോണിയെ അനാവശ്യമായി ചവിട്ടി ഡേവിഡ് ബെക്കാം പുറത്തായി. എന്നിട്ടും ഇംഗ്ലണ്ട് ധീരമായി പൊരുതി. സോൾ കാംബെലിന്റെ ഗോൾ നിഷേധിക്കപ്പെട്ടു. എക്‌സ്ട്രാ ടൈമിലും സമനിലയുടെ കെട്ടഴിഞ്ഞില്ല. ഷൂട്ടൗട്ടിൽ ഡേവിഡ് ബാറ്റിയുടെ അവസാന കിക്ക് രക്ഷിച്ച് ഗോളി കാർലോസ് റോവ അർജന്റീനയെ ക്വാർട്ടറിലേക്കു നയിച്ചു.
ഫ്രാൻസ് ഇഴയുകയായിരുന്നു. പാരഗ്വായ്‌യുടെ പ്രതിരോധം ഭേദിക്കാൻ 113 ാം മിനിറ്റിലെ ലോറന്റ് ബ്ലാങ്കിന്റെ ഗോൾഡൻ ഗോൾ വേണ്ടിവന്നു അവർക്ക്. ലോകകപ്പിലെ ആദ്യ ഗോൾഡൻ ഗോളായിരുന്നു അത്. ക്വാർട്ടറിൽ ഇറ്റലിക്കെതിരെ ക്രോസ് ബാറാണ് ഫ്രാൻസിന്റെ ജീവൻ കാത്തത്. എക്‌സ്ട്രാ ടൈമിൽ റോബർട്ടൊ ബാജിയോയുടെ ഹെഡറിനും ഷൂട്ടൗട്ടിലെ നിർണായ കിക്കിൽ ലൂജി ബിയാജിയോയുടെ ഷോട്ടിനും പോസ്റ്റ് തടസ്സം നിന്നു. മൂന്നാമത്തെ ലോകകപ്പിലും ഇറ്റലിയെ ഷൂട്ടൗട്ട് ചതിച്ചു.
ക്വാർട്ടറിൽ ജർമനിയെ 3-0 ന് തകർത്ത വിസ്മയ ടീം ക്രൊയേഷ്യയായിരുന്നു സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ. ഡേവർ സൂക്കറിലൂടെ ക്രൊയേഷ്യ ഗാലറിയെ ഞെട്ടിച്ചു. പക്ഷേ ഡിഫന്റർ ലീലിയൻ തുറാം കരിയറിലാദ്യമായി നേടിയ രണ്ടു ഗോളുകൾ ഫ്രാൻസിനെ കരകയറ്റി.
ആതിഥേയർ: ഫ്രാൻസ്,
ചാമ്പ്യന്മാർ: ഫ്രാൻസ്
ടീമുകൾ: 32, മത്സരങ്ങൾ:
64യോഗ്യതാ റൗണ്ടിൽ
പങ്കെടുത്ത ടീമുകൾ: 174
ടോപ്‌സ്‌കോറർ: ഡേവർ സൂക്കർ (ക്രൊയേഷ്യ, 6)
പ്രധാന അസാന്നിധ്യം: റഷ്യ
അപ്രതീക്ഷിതമായി യോഗ്യത നേടിയത്: ജപ്പാൻ, ജമൈക്ക,
ദക്ഷിണാഫ്രിക്ക
ആകെ ഗോൾ 171 (ശരാശരി 2.67), കൂടുതൽ ഗോളടിച്ചത് ഫ്രാൻസ് (15)
മത്സരക്രമം: നാലു വീതം
ടീമുകളുള്ള എട്ട് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ
രണ്ടു സ്ഥാനക്കാർ
പ്രി ക്വാർട്ടറിൽ.
ഡെന്നിസ് ബെർകാമ്പിന്റെ മാസ്മരിക ഗോളിൽ അർജന്റീനയെ മറികടന്ന നെതർലാന്റ്‌സുമായായിരുന്നു ബ്രസീലിന്റെ സെമി. റൊണാൾഡോയും പാട്രിക് ക്ലയ്‌വർട്ടും ഗോളടിച്ചു. പക്ഷേ വിജയം നിർണയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നു.
ഫൈനലിൽ ആശയക്കുഴപ്പത്തിലായ ബ്രസീലിനെതിരെ ഫ്രാൻസ് തുടക്കത്തിലേ നിയന്ത്രണം പിടിച്ചു. കോർണറുകളിൽനിന്ന് സിദാന്റെ രണ്ട് ഹെഡറുകൾ അവർക്ക് 2-0 ലീഡ് സമ്മാനിച്ചു. 25 മിനിറ്റോളം ശേഷിക്കേ ഫ്രഞ്ച് ഡിഫന്റർ മാഴ്‌സെൽ ഡിസായി ചുവപ്പ് കാർഡ് കണ്ടെങ്കിലും ബ്രസീലിന് ആളെണ്ണം മുതലാക്കാനായില്ല. അവസാന മിനിറ്റിൽ പ്രത്യാക്രമണത്തിൽനിന്ന് ഇമ്മാനുവേൽ പെറ്റി ഫ്രാൻസിന്റെ മൂന്നാം ഗോളടിച്ചു.
കിരീടം നേടിയ ആറാമത്തെ ആതിഥേയ ടീമാണ് ഫ്രാൻസ്. ഉറുഗ്വായ് (1934), ഇറ്റലി (1934), ഇംഗ്ലണ്ട് (1966), പശ്ചിമ ജർമനി (1974) എന്നിവയാണ് മറ്റു ടീമുകൾ. ലോകകപ്പ് ഫൈനൽ നിയന്ത്രിക്കുന്ന ആദ്യ ആഫ്രിക്കക്കാരനായ മൊറോക്കോയുടെ സയ്ദ് ബെൽകൂല അവസാന വിസിൽ മുഴക്കുന്നതിനു മുമ്പെ പാരിസിലെ ഷാം എലീസിയിൽ പതിനായിരങ്ങൾ നൃത്തമാരംഭിച്ചു കഴിഞ്ഞിരുന്നു.






