സ്‌റ്റൈൽ മന്നന്റെ ഓരോ പടവും ഉലകമെങ്ങുമുള്ള ഫാൻസിന് ആവേശം പകരുന്നതാണ്. മലേഷ്യയിലും കാനഡയിലും യൂറോപ്പിലും ഗൾഫിലും എന്നു വേണ്ട ഇന്ത്യക്കാരുള്ളിടത്തെല്ലാം നന്നായി കലക്റ്റ് ചെയ്യുകയും ചെയ്യും. ഏറ്റവും പുതിയ രജനി പടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാറായി. കബാലിക്ക് ശേഷം പാ രഞ്ജിത്ത് രജനി കൂട്ടുകെട്ടിൽ ഒരുങ്ങിയ കാലാ ഉടൻ തിയേറ്ററുകളിലെത്തും. തമിഴ് സിനിമാ മേഖലയിലെ സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നില്ല. ചിത്രത്തിന്റെ നിർമ്മാതാവ് തന്നെയാണ് ആരാധകർക്കായി സന്തോഷ വാർത്ത പുറത്തു വിട്ടത്. ജൂൺ 7ന് വിവിധ ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുമെന്ന് ധനുഷ് പറഞ്ഞു. നേരത്തെ ഏപ്രിൽ 27ന് പുറത്തിറക്കാനാണ് തീരുമാനിച്ചിരുന്നത്. പക്ഷേ സിനിമാ സമരം കാരണം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം അവതാളത്തിലാകുകയായിരുന്നു. ലേറ്റായി വന്നാലും ലേറ്റസ്റ്റായി തലൈവർ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.