ന്യൂദല്‍ഹി- ട്വിറ്ററില്‍ വിവരങ്ങള്‍ ചോര്‍ത്താനായി കേന്ദ്രം ജീവനക്കാരെ നിയമിച്ചതായി വെളിപ്പെടുത്തല്‍. ട്വിറ്റര്‍ മുന്‍ ഹെഡ് ഓഫ് സെക്യൂരിറ്റിആയിരുന്ന പീറ്റര്‍ സാറ്റ്‌കോയുടേതാണ് വെളിപ്പെടുത്തല്‍. അതീവ രഹസ്യമായ വൃക്തിഗത വിവരങ്ങള്‍ പരിശോധിക്കാനും കമ്പനി ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും പീറ്റര്‍ സാറ്റ്‌കോയുടെ വെളിപ്പെടുത്തലില്‍ പറയുന്നു. കര്‍ഷക സമരത്തിലാണ് ഇത് കൂടുതലായി ഉപയോഗിക്കപ്പെട്ടതെന്നും പറയുന്നു. ഇത് സംബന്ധിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍,ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസ്, ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ എന്നിവര്‍ക്കും സാറ്റ്‌കോ പരാതി നല്‍കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട രേഖകള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റീസിന്റെ നാഷ്ണല്‍ സെക്യൂരിറ്റി ഡിവിഷനും സാറ്റ്‌കോ അയച്ചിട്ടുണ്ട്. വെളിപ്പെടുത്തലുകളുടെ പിന്നാലെ വിഷയത്തില്‍ അന്വേഷണം വേണമെന്ന് കാണിച്ച് രാജ്യ സഭാ എംപി ഡോ.വി ശിവദാസന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇത് ഭരണഘടനാ ലംഘനമാണെന്നും സ്വകാര്യതയ്ക്കുള്ള അവകാശത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കത്തില്‍ എംപി ആവശ്യപ്പെട്ടു






