ദോഹ- ഖത്തര്‍ ലോകകപ്പിന് ടിക്കറ്റ് സ്വന്തമാക്കിയവര്‍ ഹയ്യ കാര്‍ഡുകള്‍ക്ക് അപേക്ഷിച്ചുവരികയാണെന്നും ഇതിനകം 2,60,000 ഹയ്യ കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്നും ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ കുവാരി അറിയിച്ചു.
നവംബര്‍ 20ന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ടിക്കറ്റ് സ്വന്തമാക്കിയ ശേഷം ഖത്തറിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്കുള്ള ഏക ഗേറ്റ് വേ ഹയ്യ കാര്‍ഡ് ആയിരിക്കും. എന്നാല്‍ ഹയ്യ കാര്‍ഡ് അനുവദിക്കുന്നത് ഖത്തറിന്റെ പരമാധികാരമാണെന്നും ടൂര്‍ണമെന്റിനുള്ള രാജ്യത്തിന്റെ സുരക്ഷാ തന്ത്രത്തിന് അനുസൃതമാണെന്നും അല്‍ കുവാരി പറഞ്ഞു.
ഖത്തറിന് പുറത്ത് നിന്നും അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച് ദിവസത്തിനകവും ഖത്തറില്‍നിന്ന് അപേക്ഷിക്കുന്നവര്‍ക്ക് മൂന്ന് ദിവസത്തിനകവും ഹയ്യ കാര്‍ഡ് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപേക്ഷ സമര്‍പ്പിച്ച ശേഷം ഇതില്‍ കൂടുതല്‍ കാലതാമസം നേരിട്ടാല്‍, അപേക്ഷകര്‍ ഖത്തറിന് പുറത്ത് നിന്ന് 0097444412022 എന്ന നമ്പറിലും ഖത്തറിനുള്ളില്‍ നിന്ന് 2022 ലും കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് അല്‍ കുവാരി പറഞ്ഞു. ഫിഫ അംഗീകരിച്ച ഒന്നിലധികം ഭാഷകളില്‍ കോള്‍ സെന്റര്‍ ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തിക്കും
ഹയ്യ കാര്‍ഡ് 2022 നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 23 വരെ ഖത്തറിലേക്കുള്ള എന്‍ട്രി വിസയായി കണക്കാക്കും. ഖത്തറിലെ സന്ദര്‍ശകര്‍ക്കും പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള നിര്‍ബന്ധിത പെര്‍മിറ്റ് കൂടിയാണിത്. ഇത് അതിന്റെ ഉടമയെ സൗജന്യ പൊതുഗതാഗതത്തിന് യോഗ്യനാക്കുകയും മത്സരത്തോടൊപ്പമുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആരാധകരെ അനുവദിക്കുകയും ചെയ്യും.
ടൂര്‍ണമെന്റിനെത്തുന്ന ജിസിസി പൗരന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കുവാന്‍ ഹയ്യ കാര്‍ഡ് നിര്‍ബന്ധമാണ് .