ലോകകപ്പിലെ പ്രവചനാതീതമായ ഗ്രൂപ്പുകളിലൊന്നാണ് ബി. ഇറാൻ-അമേരിക്ക മത്സരവും ഇംഗ്ലണ്ട്-വെയ്ൽസ് മത്സരവും ഏറെ സുപ്രധാനമാണ്, ഇറാൻ-അമേരിക്ക മത്സരം രാഷ്ട്രീയമായും ഇംഗ്ലണ്ട്-വെയ്ൽസ് മത്സരം ചരിത്രപരമായും. 1879 മുതൽ ഇംഗ്ലണ്ടും വെയ്ൽസും ഔദ്യോഗികമായി ഏറ്റുമുട്ടുന്നുണ്ട്. നയതന്ത്ര ബന്ധമില്ലാത്ത ഇറാനും അമേരിക്കയും ലോകകപ്പിൽ രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്, 1998 ൽ ഇറാൻ ജയിച്ചിരുന്നു. യോഗ്യത റൗണ്ട് പൂർത്തിയാവും മുമ്പാണ് ഗ്രൂപ്പ് ബി നിശ്ചയിക്കപ്പെട്ടത്. ഗ്രൂപ്പിലെ താരതമ്യേന ദുർബലമായ നാലാമത്തെ ടീമിനെ നിശ്ചയിച്ചിരുന്നില്ല. ഉക്രൈൻ, സ്‌കോട്‌ലന്റ്, വെയ്ൽസ് എന്നിവയിലൊന്നിനാണ് സ്ഥാനം മാറ്റിവെച്ചത്. വെയ്ൽസാണ് ജയിച്ചത്. പക്ഷേ അവർ ലോക റാങ്കിംഗിൽ പത്തൊമ്പതാം സ്ഥാനത്താണ്. ഗ്രൂപ്പിൽ ഏറ്റവും റാങ്കിംഗ് കുറഞ്ഞ ഇറാൻ പോലും ഇരുപത്തിരണ്ടാം സ്ഥാനത്താണ്. റാങ്കിംഗിൽ ഇത്ര അന്തരമില്ലാത്ത ഗ്രൂപ്പ് വേറെയില്ല. അതുകൊണ്ട് തന്നെ നോക്കൗട്ട് സ്ഥാനത്തിനായി ശക്തമായ പോരാട്ടം പ്രതീക്ഷിക്കാം. രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങൾ കൂടിയാവുമ്പോൾ കളിക്കളത്തിനു പുറത്തും ഈ ഗ്രൂപ്പ് മത്സരങ്ങൾ ശ്രദ്ധിക്കപ്പെടും.
ഒരു ചുവട് മുന്നോട്ടുവെക്കാൻ
ടീം: ഇംഗ്ലണ്ട്
ഫിഫ റാങ്കിംഗ്: 5
ലോകകപ്പിൽ: പതിനാറാം തവണ
മികച്ച പ്രകടനം: ചാമ്പ്യന്മാർ (1966)
മികച്ച കളിക്കാരൻ: ഹാരി കെയ്ൻ
കോച്ച്: ഗാരെത് സൗത്‌ഗെയ്റ്റ്
സാധ്യത: ക്വാർടർ ഫൈനൽ
കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനലും കഴിഞ്ഞ യൂറോ കപ്പിൽ ഫൈനലും കളിച്ച ടീമാണ് ഇംഗ്ലണ്ട്. ഇത്തവണ ഒരു ചുവട് മുന്നോട്ടു പോവുകയാണ് ഇംഗ്ലണ്ടിന്റെ സ്വപ്‌നം. ലോകകപ്പിൽ ആദ്യകാലത്ത് പങ്കെടുക്കാൻ വൈമനസ്യം കാട്ടിയ ടീമാണ് ഇംഗ്ലണ്ട്. 1950 ലെ അരങ്ങേറ്റം നിരാശാജനകമായിരുന്നു. 1966 ൽ സ്വന്തം നാട്ടിൽ ലോകകപ്പ് അരങ്ങേറിയപ്പോഴാണ് ഒരേയൊരിക്കൽ ചാമ്പ്യന്മാരായത്. പിന്നീട് എപ്പോഴും കിരീട സാധ്യതയിലുള്ള ടീമായിരുന്നു ഇംഗ്ലണ്ട്. പക്ഷേ കിരീട നേട്ടം ആവർത്തിക്കാനായില്ല. ഇത്തവണയും മികച്ച ടീമുണ്ട് അവർക്ക്. അമിതാവേശമില്ലാത്ത, അഹങ്കാരമില്ലാത്ത, സമചിത്തതയോടെ കാര്യങ്ങൾ വീക്ഷിക്കുന്ന കോച്ചുമുണ്ട്. എന്നാൽ കളി കൈയിൽ നിന്ന് വിടുമ്പോൾ ജാഗ്രതയോടെ, ചടുലതയോടെ പ്രതികരിക്കാനുള്ള തന്ത്രം സൗത്‌ഗെയ്റ്റിനുണ്ടോ എന്നതാണ് സംശയം. താരസമ്പന്നമാണ് ടീം എന്നതും ടൂർണമെന്റുകളിൽ മികവു കാണിക്കാനാവുന്നു എന്നതും അനുകൂല ഘടകമാണ്.
അമേരിക്കക്കെതിരെ ലോകകപ്പിൽ മുമ്പ് രണ്ടു തവണ കളിച്ചപ്പോഴും ഇംഗ്ലണ്ടിന് ജയിക്കാനായിട്ടില്ല. 1950 ലെ തോൽവി ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ്. 2010 ൽ 1-1 സമനില വഴങ്ങി.
ഇപ്പോഴത്തെ നിലയിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇംഗ്ലണ്ടിന് വല്ലാതെ പ്രയാസപ്പെടേണ്ടി വരില്ല. രണ്ടാം റൗണ്ടിൽ അവർ നേരിടാൻ സാധ്യതയുള്ള ഏറ്റവും ശക്തമായ ടീം നെതർലാന്റ്‌സാണ്. ക്വാർട്ടർ ഫൈനലിൽ അർജന്റീനയോ ഫ്രാൻസോ മുഖാമുഖം വന്നേക്കാം. അതു കടക്കുകയായിരിക്കും ഇംഗ്ലണ്ടിന്റെ ആദ്യത്തെ പ്രധാന വെല്ലുവിളി.
ഹാരി കെയ്ൻ, ഹാരി മഗ്വയർ, റഹീം സ്റ്റെർലിംഗ്, ജോർദൻ പിക്ഫഡ് തുടങ്ങി ലോക ഫുട്‌ബോളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി കളിക്കാർ ഇംഗ്ലണ്ട് നിരയിലുണ്ട്. യുവ കളിക്കാരുടെ വൻനിര തന്നെ ടീമിൽ സ്ഥാനം പ്രതീക്ഷിച്ചു നിൽക്കുന്നു.
എന്നാൽ ലോകകപ്പിന് മുമ്പ് അവരുടെ ഫോം പ്രതീക്ഷാവഹമല്ല. അവസാന നാലു കളികളിൽ ഒന്നു പോലും ജയിച്ചില്ല. രണ്ടെണ്ണം തോറ്റു. അവസാന ഹോം മത്സരത്തിൽ ഹംഗറിയോട് 0-4 ന് നാണം കെട്ടു. നാഷൻസ് ലീഗിൽ തങ്ങളുടെ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഇംഗ്ലണ്ട്.
ഇടവേളക്കു ശേഷം
ടീം: അമേരിക്ക
ഫിഫ റാങ്കിംഗ്: 14
ലോകകപ്പിൽ: പന്ത്രണ്ടാം തവണ
മികച്ച പ്രകടനം: സെമി ഫൈനൽ (1930)
മികച്ച കളിക്കാരൻ: ക്രിസ്റ്റ്യൻ പുലിസിക്
കോച്ച്: ഗ്രെഗ് ബെർതാൾടർ
സാധ്യത: ആദ്യ റൗണ്ട്
1990 മുതലുള്ള എല്ലാ ലോകകപ്പുകളിലും അമേരിക്ക കളിച്ചിട്ടുണ്ട്. എന്നാൽ 2018 ലെ അവസാന ലോകകപ്പ് അവർക്ക് നഷ്ടപ്പെട്ടു. ഒരു ഇടവേളക്കു ശേഷമാണ് അവർ വീണ്ടും ലോകകപ്പിനെത്തുന്നത്. അത്ര ഭയപ്പെടുത്തുന്ന ടീമല്ല ഇത്തവണ അമേരിക്ക. എങ്കിലും റഷ്യൻ ലോകകപ്പിന് യോഗ്യത നേടാൻ സാധിക്കാതിരുന്ന ശേഷം അവർ ക്രമേണ മെച്ചപ്പെടുന്നുണ്ട്.
ക്രിസ്റ്റ്യൻ പുലിസിക്, ജിയൊ റയ്‌ന, ടയ്‌ലർ ആഡംസ്, വെസ്റ്റൺ മകെന്നി തുടങ്ങി യുവപ്രതിഭകളുടെ നിരയുണ്ട് അമേരിക്കൻ ടീമിൽ. ഇവരെല്ലാം യൂറോപ്യൻ ക്ലബ്ബുകളിൽ കരുത്തു തെളിയിച്ചവരാണ്. ഇത്തവണ വലിയ പ്രയാസമില്ലാതെയാണ് അവർ കോൺകകാഫ് മേഖലയിൽ നിന്ന് യോഗ്യത നേടിയത്. എന്നാൽ ടീം സെലക്ഷനിലെ അസ്ഥിരത വലിയ പ്രയാസം സൃഷ്ടിച്ചു കൊണ്ടിരുന്നു.
പ്രഥമ ലോകകപ്പിൽ സെമി ഫൈനലിലെത്തിയ ടീമാണ് അമേരിക്ക. പക്ഷേ വിദേശികളുടെ കരുത്തിലാണ് അത്. 1950 ലെ ലോകകപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെ അമച്വർ കളിക്കാരും വിദേശികളുമടങ്ങിയ അമേരിക്കൻ നിര ഞെട്ടിച്ചത് വലിയ കൊടുങ്കാറ്റായി. പിന്നീട് ടീം വിസ്മൃതിയിലേക്ക് പോയി. 1990 ലാണ് അതിനു ശേഷം ലോകകപ്പിന് യോഗ്യത നേടുന്നത്. 2002 ൽ ക്വാർട്ടർ ഫൈനലിലെത്തിയതാണ് സമീപകാലത്തെ മികച്ച റിസൾട്. ഇത്തവണ കോൺകകാഫ് മേഖലയിൽ നിന്നുള്ള മൂന്നാമത്തെയും അവസാനത്തെയും സ്ഥാനമാണ് അമേരിക്ക സ്വന്തമാക്കിയത്.
ഇത്തവണ യോഗ്യത റൗണ്ടിൽ ഹോം മത്സരങ്ങളിൽ അവർ അജയ്യരായിരുന്നു. മെക്‌സിക്കോയെ അവരുടെ പടക്കളമായ അസ്റ്റെക്ക സ്റ്റേഡിയത്തിൽ സമനിലയിൽ തളച്ചു. 2021 ലെ കോൺകകാഫ് സ്വർണക്കപ്പ് ജേതാക്കളാണ്.
ഗ്രൂപ്പ് ബി-യിൽ ഇംഗ്ലണ്ട് ആദ്യ സ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷ. രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്താൻ മറ്റു മൂന്നു ടീമുകൾക്കും സാധ്യതയുണ്ട്. ക്രിസ്റ്റിയൻ പുലിസിക് പാനമക്കെതിരായ യോഗ്യത മത്സരത്തിൽ ഹാട്രിക് നേടിയിട്ടുണ്ടെങ്കിലും ഗോളടിക്കുന്നതിൽ വിമുഖരാണ് അമേരിക്കൻ ടീം. ഫുൾബാക്കുകളെയും സെൻട്രൽ ഡിഫന്റർമാരെയുമൊക്കെ ഗോളിന് ആശ്രയിക്കേണ്ടി വരുന്നു.
ഇടർച്ചയോടെ ടീം മെല്ലി
ടീം: ഇറാൻ
ഫിഫ റാങ്കിംഗ്: 22
ലോകകപ്പിൽ: ഏഴാം തവണ
മികച്ച പ്രകടനം: ആദ്യ റൗണ്ട്
മികച്ച കളിക്കാരൻ: മെഹ്ദി തെരീമി
കോച്ച്: ദ്രാഗൻ സ്‌കോസിച്
സാധ്യത: ആദ്യ റൗണ്ട്
ഏഷ്യയിലെ ഒന്നാം നമ്പർ ടീമാണ് ഇറാൻ. ലോകകപ്പിൽ ആറു തവണ കളിച്ചെങ്കിലും ഒരിക്കൽ പോലും ആദ്യ റൗണ്ട് പിന്നിടാനായിട്ടില്ല. എന്നാൽ കഴിഞ്ഞ ലോകകപ്പിൽ ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരുന്നു. മൊറോക്കോയെ തോൽപിക്കുകയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർചുഗലിനെ വിറപ്പിച്ച ശേഷം സമനില നേടുകയും ചെയ്തു.
ഇത്തവണ ഏതാണ്ട് അനായാസമായാണ് ഇറാൻ യോഗ്യത റൗണ്ട് പിന്നിട്ടത്. എന്നാൽ അതിനു ശേഷം ടീം പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. കോച്ച് ദ്രാഗൻ സ്‌കോസിച്ചിനെ മാറ്റി മുൻ നായകൻ അലി ദാഇയെ പരിശീലകനായി കൊണ്ടുവരാൻ ശ്രമം നടന്നു. എന്നാൽ അത് വിജയിച്ചില്ല. തുടർന്ന് സ്‌കോസിച്ചിന്റെ കരാർ നീട്ടിക്കൊടുത്തു.
കോച്ചിന്റെ കരാർ നീട്ടിയതിനെ സ്‌ട്രൈക്കർ സർദാർ അസ്മൂൻ പരസ്യമായി സ്വാഗതം ചെയ്തു. ലോകകപ്പ് കഴിയുന്നതു വരെ ധിറുതി പിടിച്ച് തീരുമാനമെടുക്കരുതെന്ന് അഭ്യർഥിച്ചു. അതിനെതിരെ മറ്റൊരു സ്‌ട്രൈക്കർ മെഹ്ദി തെരീമി രംഗത്തു വന്നു. കളിക്കാരുടെ താൽപര്യത്തിന് എതിരായാണ് അസ്മൂൻ പരസ്യ പ്രസ്താവന നടത്തിയതെന്ന് തെരീമി ആരോപിച്ചു. ക്യാപ്റ്റൻ അലിരിസ ജെഹാൻബക്ഷ്, ഇഹ്‌സാൻ ഹജ്‌സാഫി, കരീം അൻസാരിഫർദ് തുടങ്ങിയ സീനിയർ കളിക്കാർ ഇതിനെ പിന്തുണച്ചു. ഇപ്പോൾ അസ്മൂന്റെ നേതൃത്വത്തിൽ യുവ കളിക്കാരും തെരീമിയുടെ നേതൃത്വത്തിൽ സീനിയർ കളിക്കാരും രണ്ടു തട്ടിലാണെന്നാണ് വാർത്ത. സെപ്റ്റംബറിൽ അടുത്ത ട്രയ്‌നിംഗ് ക്യാമ്പാവുമ്പോഴേക്കും ഭിന്നത രൂക്ഷമാവുമെന്നാണ് റിപ്പോർട്ടുകൾ. പല രാജ്യങ്ങളും രാഷ്ട്രീയ കാരണങ്ങളാൽ ഇറാനുമായി സൗഹൃദ മത്സരം കളിക്കാൻ വിസമ്മതിക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. കാനഡ ഈയിടെ മത്സരം റദ്ദാക്കിയിരുന്നു. ഇത് ലോകകപ്പിന്റെ ഒരുക്കത്തെ ബാധിക്കും.
ആരാധകരിൽ നിന്ന് കനത്ത വിമർശനമുണ്ടായതോടെ 2018 ൽ ഇരുപത്തിമൂന്നാം വയസ്സിൽ അസ്മൂൻ വിരമിച്ചിരുന്നു. പിന്നീട് തിരിച്ചുവന്നു. പോർട്ടൊ താരമായ തെരീമി ചെൽസിക്കെതിരെ നേടിയ ബൈസികിൾ കിക്ക് 2021 ചാമ്പ്യൻസ് ലീഗ് സീസണിലെ മികച്ച ഗോളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പെലെയുടെ ഓർമയിൽ
ടീം: വെയ്ൽസ്
ഫിഫ റാങ്കിംഗ്: 19
ലോകകപ്പിൽ: രണ്ടാം തവണ
മികച്ച പ്രകടനം: ക്വാർട്ടർ ഫൈനൽ (1958)
മികച്ച കളിക്കാരൻ: ഗാരെത് ബെയ്ൽ
കോച്ച്: റോബ് പെയ്ജ്
സാധ്യത: രണ്ടാം റൗണ്ട്
ചരിത്രവും പാരമ്പര്യവുമുള്ള ടീമാണ് വെയ്ൽസ്. ചരിത്രത്തിലെ മൂന്നാമത്തെ ദേശീയ ഫുട്‌ബോൾ ടീമാണ് അവർ. 1876 ൽ സ്‌കോട്‌ലന്റിനെതിരെ ആദ്യ മത്സരം കളിച്ചു. എങ്കിലും 1958 ലാണ് വെയ്ൽസ് ഒരേയൊരിക്കൽ ലോകകപ്പ് കളിച്ചത്. അമ്പതുകൾ വെൽഷ് ഫുട്‌ബോളിന്റെ സുവർണ കാലമായിരുന്നു. പെലെയും ഗരിഞ്ചയും ഒരുമിച്ച് അരങ്ങേറിയ ആ ലോകകപ്പിൽ ബ്രസീലിനോടാണ് വെയ്ൽസ് ക്വാർട്ടർ ഫൈനലിൽ മുട്ടുമടക്കിയത്. പെലെയുടെ ആദ്യ ഗോൾ പതിനേഴാം വയസ്സിൽ വെയ്ൽസിനെതിരെയായിരുന്നു. അര നൂറ്റാണ്ടിലേറെ കഴിഞ്ഞാണ് ലോകകപ്പിൽ അവർ തിരിച്ചെത്തുന്നത്. 2015 ൽ ഫിഫ റാങ്കിംഗിൽ 117 ാം സ്ഥാനത്തേക്കു വരെ പോയ വെയ്ൽസ് നൂറിലേറെ സ്ഥാനങ്ങൾ കയറിയാണ് മടങ്ങിയെത്തുന്നത്. എട്ടാം സ്ഥാനത്തേക്കു വരെ അവർ ഉയർന്നിരുന്നു.
2016 ലെ യൂറോ കപ്പിലാണ് വെയ്ൽസിന്റെ രണ്ടാം ഉദയം കണ്ടത്. സെമി ഫൈനലിൽ പോർചുഗലിനോട് തോൽക്കുകയായിരുന്നു. പോർചുഗൽ പിന്നീട് ചാമ്പ്യന്മാരായി. കഴിഞ്ഞ യൂറോ കപ്പിൽ പ്രി ക്വാർട്ടറിലെത്തി.
ഇംഗ്ലണ്ടിനെ തോൽപിക്കാനാവുമോയെന്നതാണ് വെയ്ൽസിന്റെ മുന്നിലെ പ്രധാന ചോദ്യം. എങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാൻ അവർക്കു സാധിച്ചേക്കും. ഇംഗ്ലണ്ടിനോട് വലിയ തോൽവി വഴങ്ങിയാൽ അവരുടെ നില പരുങ്ങലിലാവും.
ഗാരെത് ബെയ്‌ലിന്റെ ഫോമാണ് മറ്റൊരു പ്രശ്‌നം. ബെയ്ൽ പ്രതാപ കാലം പിന്നിട്ടു. ഇപ്പോൾ അമേരിക്കൻ സോക്കർ ലീഗിലാണ് കളിക്കുന്നത്. റയൽ മഡ്രീഡിൽ റിസർവ് ബെഞ്ചിലായിരുന്നു.