ലോകത്തെല്ലായിടത്തും ഉപയോഗത്തിലിരിക്കുന്ന സുഗന്ധദ്രവ്യമാണ് ഗ്രാമ്പു അഥവ കരയാമ്പു. പല നാടുകളിൽ, പല ഭാഷകളിൽ പല പേരുകളിൽ അറിയപ്പെടുന്ന കരയാമ്പു മനുഷ്യ ചരിത്രത്തിലെ എറ്റവും പഴക്കം ചെന്ന സുഗന്ധദ്രവ്യങ്ങളിലൊന്നായാണ് ഗണിക്കപ്പെടുന്നത്. ഔഷധ ഗുണത്തിന്റെയും സുഗന്ധത്തിന്റെയും പേരിൽ അടുക്കളകളിൽ സ്ഥാനം നേടിയിട്ടുള്ള ഉണക്കപ്പൂവിനെക്കുറിച്ച് അറേബ്യൻ എഴുത്തുകാരനായിരുന്ന ഇബ്‌നുബത്തൂത്ത തന്റെ ചരിത്രരേഖകളിൽ പരാമർശിച്ചിട്ടുണ്ട്. ലോകപ്രസിദ്ധമായ ആയിരത്തൊന്നു രാവുകളിൽ നാവികൻ സിന്ദ്ബാദ് ഇന്ത്യയിൽ ചെന്ന് കരയാമ്പു വ്യാപാരം നടത്തുന്നതിനെക്കുറിച്ച് പറയുന്നുണ്ട്.
ബി.സി മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മനുഷ്യർ പാത്രത്തിൽ അടച്ചുവെച്ച കരയാമ്പു സിറിയയിൽ നടത്തിയ ഉദ്ഖനനത്തിൽ പുരാവസ്തു വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ക്രിസ്തു ജനിക്കുന്നതിന് മുമ്പ് കേരളത്തിലെത്തിയിരുന്ന അറേബ്യൻ കച്ചവടക്കാർ ഗ്രാമ്പുവും കുരുമുളകും നിറച്ച കപ്പലുകളുമായി മടങ്ങിയിരുന്നതായി ചരിത്രം പറയുന്നു. മധ്യകാലഘട്ടത്തിൽ ഇന്ത്യയിലും ഇന്തോനേഷ്യയിലുമെത്തിയിരുന്ന അറബികളാണ് കരയാമ്പുവിനെ വാണിജ്യാടിസ്ഥാനത്തിൽ ലോകത്തിന് പരിചയപ്പെടുത്തിയത്. ഇന്തോനേഷ്യയിലെ മലാക്കു ദ്വീപാണ് ഗ്രാമ്പുവിന്റെ ജന്മദേശം. ഇന്തോനേഷ്യക്ക് പുറമെ ഇന്ത്യയിലും ശ്രീലങ്കയിലും ടാൻസാനിയയിലും മഡഗാസ്‌കറിലുമാണ് വൻ തോതിൽ കരയാമ്പു കൃഷി നടക്കുന്നത്. ഇന്ത്യയിൽ കേരളത്തിലും തമിഴ്‌നാട്ടിലുമാണ് വ്യപകമായി കൃഷിയുള്ളത്. മൈർട്ടാസിയൊ കുടുംബത്തിൽപെട്ട വൃക്ഷത്തിലെ പൂക്കൾ ഉണങ്ങിയാണ് സുഗന്ധം പരത്തുന്ന ഗ്രാമ്പുവായി മാറുന്നത്. ഇന്ത്യയുൾപ്പെടെയുള്ള എഷ്യൻ രാജ്യങ്ങളിലും അറബ് ആഫ്രിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും ഭക്ഷണത്തിന് നിറവും മണവും പകരാനാണ് ഗ്രാമ്പു കൂടുതലായി ഉപയോഗിക്കുന്നത്. സുഗന്ധം പരത്തുന്ന ഗ്രാമ്പു ചേർത്ത കറികളും മറ്റു ഭക്ഷ്യവസ്തുക്കളും എല്ലാ കാലത്തും മനുഷ്യർക്കിടയിൽ സ്വാധീനം നേടിയ രുചിക്കൂട്ടുകളാണ്.
അടുക്കളയിലെ വേദന സംഹാരി
സുഗന്ധദ്രവ്യമെന്നതിലുപരി അടുക്കളയിലെ ഔഷധക്കൂട്ടു കൂടിയാണ് ഗ്രാമ്പു. ആയുർവേദ ഗ്രന്ഥങ്ങളിലും പുരാതന ചൈനീസ് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുള്ള ഗ്രാമ്പു പൊതുവെ നല്ലൊരു പ്രകൃതിദത്ത വേദന സംഹാരിയായാണ് അറിയപ്പെടുന്നത്. പല്ലു വേദനയ്ക്കുള്ള അടിയന്തര പ്രതിവിധിയാണ് ഗ്രാമ്പു. ഗ്രാമ്പു പിഴിഞ്ഞെടുത്ത് അതിന്റെ ചാറ് പുരട്ടിയാൽ പല്ലു വേദനയ്ക്ക് ആശ്വാസം ലഭിക്കും. ശരീരത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ അളവ് വർധിപ്പിക്കാനും ദഹന സംബന്ധിയായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഗ്രാമ്പു എണ്ണ ഉപയോഗിച്ചു വരുന്നുണ്ട്. ചൈനീസ് പ്രകൃതി ചികിത്സകർ വയറിലെ അസ്വസ്ഥകൾക്കും കിഡ്‌നി സംബന്ധമായ രോഗങ്ങൾക്കും പ്രതിവിധിയായി കരയാമ്പുവും അതിന്റെ എണ്ണയും നിർദേശിക്കുന്നുണ്ട്. തിബത്തിൽ പ്രകൃദി തന്ന ഔഷധമെന്ന നിലക്കാണ് കരയാമ്പു കൂടുതലായി ഉപയോഗിക്കുന്നത്. ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്കുള്ള ഒറ്റമൂലിയാണ് കരയാമ്പു. കേരളത്തിൽ കരയാമ്പു പൊടിച്ചു ചായയിൽ ചേർത്ത് കുടിക്കാറുണ്ട്. വടക്കെ മലബാറിൽ കല്യാണ സദ്യകളിൽ കരയാമ്പു ചായ പതിവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കരയാമ്പുവിന് ശേഷിയുണ്ട്. അമേരിക്കയിൽ പനിക്കെതിരായ പ്രതിരോധത്തിന് കരയാമ്പു ഉപയോഗിക്കുന്നുണ്ട്. ലൈംഗിക ശക്തി വർധിപ്പിക്കുന്നതിനുള്ള മരുന്നുകളിലും കരയാമ്പുവിന്റെ സാന്നിധ്യമുണ്ട്. തലവേദന, ആർത്രൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നായും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട്. പ്രകൃതി കനിഞ്ഞു നൽകിയ സുഗന്ധം ഗ്രാമ്പുവിനെ നല്ലൊരു മൗത്ത് വാഷാക്കി മാറ്റിയിട്ടുണ്ട്.
ഗ്രാമ്പു കടിച്ചു തിന്നുന്നത് വായനാറ്റം ഇല്ലാതാക്കാൻ സഹായിക്കും. ചൈനയിലെ ഹാൻ രാജവംശത്തിൽപ്പെട്ട രാജക്കന്മാർ കൂടിക്കാഴ്ചക്കു വരുന്നവർക്ക് ഗ്രാമ്പു ചവയ്ക്കാൻ കൊടുക്കുന്ന പതിവുണ്ടായിരുന്നുവത്രേ. ഗ്രാമ്പുവിലെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം കാൻസറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയ, ഫംഗസ് എന്നിവയെ നശിപ്പിക്കാൻ കരിയാമ്പു എണ്ണ ഫലപ്രദമാണ്. ചർമ്മ സംരക്ഷണത്തിനും ഗ്രാമ്പുവിന്റെ എണ്ണ വളരെ നല്ലതാണ്. ഈ ഉണയ്ക്ക പൂവ് പുകയ്ക്കുന്നത് വീടിന്റെ അകത്തളങ്ങളിൽ നല്ല സുഗന്ധം പരക്കാൻ സഹായിക്കും. ഇന്തോനേഷ്യയിലും ചില അറബ് രാജ്യങ്ങളിലും ഊദിന് പകരമായി ഗ്രാമ്പു പുകയ്ക്കുന്ന പതിവുണ്ട്.