Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൂടുതൽ ശാന്തസുന്ദരമാവേണ്ടതല്ലേ നമ്മുടെ ജീവിതം?

ഉറക്കം കിട്ടാതെ പ്രയാസപ്പെട്ട് അയാൾ ചരിഞ്ഞും മറിഞ്ഞും കിടന്നു. തന്റെ ഇണയോടൊത്ത് വടക്കൻ ഇറ്റലിയിലേക്ക് മെജോറെയുടെ സമീപത്ത് മനോഹരമായ ഹോട്ടലിൽ താമസിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ തന്നെ ഏറെ ആകർഷകമായ ഒരിടമാണത്. ആരുടെയും മനം കവരുന്ന ആ പ്രദേശത്ത് സ്വസ്ഥമായി രാത്രി ചെലവിടാമെന്ന മോഹത്തോടെ എത്തിയ അയാൾക്ക് ഉറക്കം കിട്ടുന്നില്ല.
കാരണമെന്തെന്നല്ലേ?
തടാകക്കരയിലെ ഹോട്ടലിനടുത്തുള്ള റോഡിലൂടെ ചീറിപ്പായുന്ന ടു വീലറുകളുടെ നിർത്താതെയുള്ള ശബ്ദമാണ് അയാളുടെ ഉറക്കം കെടുത്തുന്നത്. രാത്രി ഏറെ വൈകിയിട്ടും ഇടതടവില്ലാതെ മൽസരിച്ചോടുന്ന വാഹനങ്ങളുടെ ഒച്ചയും അവയിൽ നിന്നുള്ള അവിരാമമായ ഹോണടി ശബ്ദവും അദ്ദേഹത്തെ ആകെ ഭ്രാന്തെടുപ്പിച്ചു. ജാലകമടച്ചാലോ മുറിയിലെ ചൂട് താങ്ങാവുന്നതിലപ്പുറവും.
ഒടുവിൽ സഹികെട്ട് പലതും പിറുപിറുത്ത് അയാൾ ചെവിയിൽ പഞ്ഞി തിരുകി വെച്ച് നോക്കി. എന്നിട്ടും അയാൾക്ക് ഉറക്കം കിട്ടിയില്ല!


രാത്രി ഉറങ്ങാൻ കിടക്കുന്നവരെ ഇങ്ങനെ ക്രൂരമായ ശബ്ദത്തിൽ ബൈക്ക് ഓടിച്ച് ബുദ്ധിമുട്ടിക്കുന്നവരെ കുറിച്ച് അയാൾ ഭാര്യയോട് കുറ്റം പറയാനും ശപിക്കാനും തുടങ്ങി.
ഇത് കേട്ട ഭാര്യ സൗമ്യമായി ഒരു പോംവഴി മുന്നോട്ട് വെച്ചു. അത് മറ്റൊന്നുമായിരുന്നില്ല. ബൈക്ക് യാത്രക്കാരെ ശപിക്കുന്നതിന് പകരം അവർ സുരക്ഷിതരായി വീടണയാൻ വേണ്ടി പ്രാർത്ഥിച്ചു നോക്ക് എന്ന നിർദേശമായിരുന്നു അത്. ഒരു വിമുഖതയുമില്ലാതെ അദ്ദേഹം അത് പാലിച്ചു. തുടർന്ന് പിറ്റേന്ന് എട്ടര മണി വരെ അദ്ദേഹം സ്വസ്ഥമായുറങ്ങിയെന്നാണ് കഥ. ആരായിരുന്നു അയാൾ എന്ന കൗതുകം ചിലപ്പോൾ നിങ്ങളിൽ ഉയരുന്നുണ്ടാവാം. പവർ ഓഫ് പോസിറ്റിവ് തിങ്കിംഗ് എന്ന പുസ്തകം ലോകത്തിന് സമ്മാനിച്ച നോർമൻ വിൻസന്റ് പീൽ ആയിരുന്നു അദ്ദേഹം.


ജീവിതത്തിൽ ഇങ്ങനെ പല തലത്തിലും തരത്തിലുമുള്ള അസ്വസ്ഥഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോവാത്തവർ ആരും അധികം ഉണ്ടാവില്ലല്ലോ? അത്തരം സന്ദർഭങ്ങളിൽ കാരുണ്യപൂർവം ഇത്തിരി സംയമനത്തോടെയുള്ള സമീപനം ആ യാഥാർത്ഥ്യങ്ങളെ മറ്റൊരു കോണിൽ നിന്ന് നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കും. അതോടെ നമ്മുടെ പ്രശ്‌നം ഒരു പ്രശ്‌നമേ അല്ലാതായി മാറുന്നത് കാണാം. മാത്രവുമല്ല, പ്രശ്‌നമായി നമുക്ക് അനുഭവപ്പെട്ട ആ അവസ്ഥയെ എളുപ്പത്തിൽ അനുയോജ്യമായ തരത്തിൽ തരണം ചെയ്യാനും നമുക്ക് കഴിയും. കൂടാതെ, നിസ്സാര പ്രശ്‌നങ്ങളെ വികലമായ വികാര വിക്ഷുബ്ധ വിനിമയത്തിലൂടെ വളർത്തി വലിയ പ്രതിസന്ധികളാക്കി മാറ്റാതിരിക്കാനും ആ മനോഭാവം സഹായിക്കും.
നോക്കൂ, ജീവിതത്തിൽ പല പ്രശ്‌നങ്ങളും പ്രതിസന്ധികളും വീർപ്പുമുട്ടിക്കുന്ന തരത്തിൽ വളർന്ന് ഉറക്കം കിട്ടാത്ത തരത്തിൽ നമ്മെ അസ്വസ്ഥമാക്കാറില്ലേ?
ഒരു ചെറുമാറ്റം നമ്മുടെ മനോഭാവത്തിൽ വരുത്തിയാൽ മല പോലെ വഴി മുടക്കുന്ന ആ പ്രശ്‌നം മഞ്ഞ് പോലെ ഉരുകിയൊലിച്ച് ജീവിതം കൂടുതൽ ശാന്തസുന്ദരമായ ഒരു ഒഴുക്കായി മാറില്ലേ?

Latest News