Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

മീൽ ഓൺ  വീൽസ്

രാവിലെ ഏഴ് മണിക്ക് പതിവ് പോലെ ഓഫീസിലേക്ക് പുറപ്പെട്ട മകൻ മസൂദ് അന്ന് ഉച്ച ഭക്ഷണപ്പൊതി ഇല്ലാതെ പോകുന്നത് കണ്ടു. മറന്നതാകാമെന്ന് വിചാരിച്ച് ഓർമിപ്പിച്ചപ്പോൾ ഇന്ന് മീൽസ് ഓൺ വീൽസിന് പോകാനുണ്ടെന്നും അത് കഴിഞ്ഞ് ലഞ്ചിന് വീട്ടിൽ എത്തുമെന്നുമായിരുന്നു മറുപടി. എന്താണ് മീൽസ് ഓൺ വീൽസ് എന്ന ചോദ്യത്തിനുത്തരം ഞങ്ങളെയും കൂട്ടിയാണ് പോകുന്നതെന്നും പത്തു മണിക്ക് തയാറായി ഇരിക്കണമെന്നുമായിരുന്നു.
കൃത്യം പത്ത് മണിക്ക് തന്നെ മൂന്നു പേരും കൂടി പുറപ്പെട്ടു. അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തെ നാഷ്‌വില്ലിലെ ഫ്രാൻക്ലിൻ പ്രദേശത്തുള്ള ഒരു ചർച്ചിലാണ് ആദ്യം ചെന്നത്. 
ഇടനാഴിയിൽ കൂടി അൽപദൂരം മുന്നോട്ടു നടന്നപ്പോൾ എത്തിയത് ഭക്ഷണം പാകം ചെയ്യാനും പാത്രങ്ങളിൽ വിളമ്പി പായ്ക്ക് ചെയ്യുന്നതിനും മറ്റും ആവശ്യമായ സൗകര്യങ്ങളോടു കൂടിയ വിശാലമായ ഒരു അടുക്കളയിലായിരുന്നു. ഭക്ഷണം ഉണ്ടാക്കാൻ നല്ല അടുക്കളയും കഴിക്കാൻ നല്ല ഭക്ഷണശാലയും ഇവിടത്തെ എല്ലാ ചർച്ചുകളിലും മസ്ജിദുകളിലും സജ്ജീകരിച്ചിട്ടുണ്ടാവും. പതിനഞ്ചോളം ആളുകൾ അടുക്കളയിൽ വിവിധ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നു. ആണും പെണ്ണുമുണ്ട്. എല്ലാം മുതിർന്ന പൗരൻമാർ.


ഞങ്ങൾക്ക് ഒരു ലിസ്റ്റ് തന്നു. ഏരിയ, വീട്ടുനമ്പർ, ആളുടെ പേര് എന്നിവ അടങ്ങിയ അഡ്രസുകളാണ് അതിൽ. ലിസ്റ്റിൽ ഉള്ള അത്രയും ഭക്ഷണ പായ്ക്കറ്റുകളും തന്നു. ഭക്ഷണം വിലാസക്കാർക്ക് എത്തിച്ചു പാത്രങ്ങൾ ചർച്ചിൽ തിരിച്ചേൽപിക്കണം. ഞങ്ങളെപ്പോലെ മറ്റു കുറെ പേർ കൂടി ചർച്ചിൽ വന്നിട്ടുണ്ട്.
അവർ തന്ന അഡ്രസിലെ കമ്യൂണിറ്റികളിൽ അതാത് വീടുകളിൽ ഈ ഭക്ഷണം എത്തിക്കുന്നതിനുളള യാത്രയിലാണ് മീൽസ് ഓൺ വീൽസ് എന്താണ് എന്ന് മസൂദ് പറഞ്ഞു തന്നത്.
അമേരിക്കൻ ഐക്യനാടുകളിൽ പല കാരണങ്ങളാൽ ഒറ്റക്ക് ജീവിക്കുന്നവരായി വളരെയധികം പേരുണ്ട്. ഭാര്യയോ ഭർത്താവോ മരണപ്പെട്ടവർ, വിവാഹ ബന്ധം വേർപെടുത്തിയവർ, തീരെ വിവാഹം കഴിച്ചിട്ടില്ലാത്തവർ, ഒരുമിച്ച് ജീവിച്ചിരുന്നവർ വേർപിരിഞ്ഞപ്പോൾ മക്കളും കുടുംബവും വേറെ സ്ഥലത്തായവർ, ഇതിനൊക്കെ പുറമെ ഒറ്റക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നവർ എന്നിങ്ങനെ പല തരത്തിലുള്ള ആളുകളും ഈ കൂട്ടത്തിലുണ്ട്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരും ശാരീരിക അവശതകളനുഭവിക്കുന്നവരുമുണ്ട്.


ഇങ്ങനെയുളള ആളുകളിൽ 60 വയസ്സിനു മുകളിൽ പ്രായമുളളവർക്ക് എല്ലാ പോഷകങ്ങളുമടങ്ങിയ ഭക്ഷണം എത്തിക്കുക എന്ന ഉദ്ദേശ്യവുമായി 1954 ൽ ഫിലാഡൽഫിയയിലെ ഒരു കൂട്ടം ആളുകൾ തുടങ്ങിയ ഒരു സംരംഭമാണിത്. പിൽക്കാലത്ത് സർക്കാരും മത, രാഷ്ട്രീയ, പൊതുജന സംഘടനകളും വ്യക്തികളും ഏറ്റെടുത്തു വളർത്തിയ 'മീൽസ് ഓൺ വീൽസ്' എന്ന മഹത്തായ ഈ പരിപാടി ഇന്ന് യു.എസ്.എ മുഴുവൻ വ്യാപിച്ചു കിടക്കുന്നു. വർഷത്തിൽ 24 ലക്ഷം ആളുകളിലേക്ക് ഈ സേവനം എത്തുന്നു.


ദിവസങ്ങളോളം രണ്ടാമതൊരാളെ കാണാൻ പോലും കഴിയാത്ത പലർക്കും ഭക്ഷണമെത്തിക്കുന്ന വളണ്ടിയർമാരുമായുള്ള ഹ്രസ്വ സൗഹൃദ സംഭാഷണം ഊർജം പകരുന്നതാണ്. വീട്ടിലും പരിസരത്തും എന്തെങ്കിലും സുരക്ഷ ഭീഷണി ഉണ്ടോയെന്ന ചെറിയ ഒരു പരിശോധനയും വളണ്ടിയർമാർ നടത്തുന്നു. സംഘാടകർക്കുളള ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണമെത്തിക്കാൻ ആവശ്യത്തിനു വളണ്ടിയർമാരെ കിട്ടുക എന്നതാണ്. അതിനു വേണ്ടി അവർ സമൂഹത്തിലെ എല്ലാ ആളുകളോടും സഹായാഭ്യർത്ഥന ചെയ്യുന്നു. ഇസ് ലാമിക് സെന്റർ ഓഫ് വില്യംസൺ കൗണ്ടിയുടെ പ്രതിനിധികളായിട്ടായിരുന്നു അന്ന് ഞങ്ങൾ മീൽസ് ഓൺ വീൽസിൽ പങ്കെടുത്തത്.

Latest News