Sorry, you need to enable JavaScript to visit this website.
Thursday , December   08, 2022
Thursday , December   08, 2022

കാരുണ്യത്തിന്റെ കരുതൽ സ്പർശം

വി.കെ. അഷ്‌റഫ് സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളോടൊപ്പം.
വി.കെ. അഷ്‌റഫ്
വി.കെ. അഷ്‌റഫ് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം.

പിതാവിന്റെ ഓർമക്കായി ഒരു സ്‌നേഹ വീട് ആരംഭിച്ച മകൻ ആ കഥ പറയുന്നു

വളാഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും ഇരുന്നൂറിലേറെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ വി.കെ.എം സ്‌പെഷ്യൽ സ്‌കൂളിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. അവരെ കൊണ്ടുവരാൻ സ്‌കൂൾ ബസുകളുണ്ട്, ഉച്ചഭക്ഷണവും ചികിത്സ സംവിധാനങ്ങളുമുണ്ട്. എല്ലാം സൗജന്യം. ഇരുപത് വർഷത്തിനുള്ളിൽ ആയിരത്തി അഞ്ഞൂറിലധികം കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസവും ഇരുന്നൂറോളം പേർക്ക് അനുയോജ്യ തൊഴിൽ പരിശീലനവും നൽകിക്കഴിഞ്ഞു.

 

വർഷം മുഴുവൻ കാരുണ്യത്തിന്റെ പ്രഭ ചൊരിയുന്ന ഒരു സ്ഥാപനമുണ്ട് മലപ്പുറത്ത്. വളാഞ്ചേരിക്കടുത്ത് പുറമണ്ണൂരിൽ പ്രവർത്തിക്കുന്ന വി.കെ. എം സ്‌പെഷ്യൽ സ്‌കൂൾ. വികാസപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള പഠന കേന്ദ്രത്തിനപ്പുറം ശാസ്ത്രീയമായ പരിശീലനത്തിനൊപ്പം പരിലാളനയും നൽകുന്ന സ്‌നേഹ വീട് കൂടിയാണിവിടം.
സെറിബ്രൽ പൾസിയും അനുബന്ധ വൈകല്യങ്ങളുമുള്ള നിരവധി കുട്ടികളാണ് വിവിധ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് എത്തുന്നത്. വിദഗ്ധ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം പൂർണമായും സൗജന്യമായി ലഭിക്കുന്നു എന്നതാണ് ഇവിടുത്തെ ആകർഷണം. കഴിഞ്ഞ ഇരുപതു വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇതുവരെ ഒരാളിൽ നിന്നും ഒരു രൂപ പോലും ഫീസായി വാങ്ങിയിട്ടില്ല. സ്ഥാപനം മുന്നോട്ടു പോകാൻ ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളുമടക്കം ആറ് ലക്ഷത്തിൽ കൂടുതൽ രൂപയെങ്കിലും വേണ്ടി വരും എന്നറിയുമ്പോൾ ഇതിന്റെ രഹസ്യമറിയാൻ ആർക്കും ആകാംക്ഷ തോന്നും.


ഇതിന് അദ്ഭുതമോ ഒന്നുമില്ല. ഉപ്പയുടെ ഓർമക്കായി തുടങ്ങിയ സ്ഥാപനമാണിത്. അവിടെ വരുന്നവർക്ക് സാധ്യമായ എല്ലാ സേവനങ്ങളും സൗജന്യമായി നൽകണമെന്ന് തുടക്കം മുതൽ തീരുമാനിച്ചതാണ്. എത്ര ചെലവ് വന്നാലും കൈയിൽ നിന്നെടുക്കണമെന്നും. ഇരുപത് വർഷമായി അങ്ങനെ തുടരുന്നു. ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകും -സ്‌കൂളിന്റെ സ്ഥാപകനും വി.കെ. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ വി.കെ. മുഹമ്മദ് അഷ്‌റഫ് പുഞ്ചിരിയോടെ പറയുന്നു.
പതിറ്റാണ്ടുകളായി ദുബായിൽ വ്യവസായിയാണ് മുഹമ്മദ് അഷ്‌റഫ്. അഷററഫിന്റെ പിതാവ് വി.കെ. മുഹമ്മദ് സാഹിബ് സ്വാതന്ത്ര്യസമര സേനാനിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായി നാട്ടിൽ എന്തെങ്കിലുമൊരു സ്ഥാപനം തുടങ്ങണമെന്ന ചിന്ത അഷ്‌റഫിന് തോന്നിയത് 2002 ലാണ്. ആശുപത്രിയോ സ്‌കൂളോ പോലെ എന്തെങ്കിലും വലിയ പ്രോജക്ടുകളായിരുന്നു മനസ്സിൽ. ആയിടയ്ക്ക് നാട്ടിൽ വന്നപ്പോൾ കണ്ടൊരു കാഴ്ചയാണ് അഷ്‌റഫിനെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സേവന കേന്ദ്രം തുടങ്ങാൻ പ്രേരിപ്പിച്ചത്. നാട്ടിൽ ഒരു വിവാഹത്തിന് പോയപ്പോഴാണ് ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ആ കുട്ടിയെ കണ്ടത്. മുഷിഞ്ഞ വസ്ത്രവും ധരിച്ച് വിവാഹ വീടിന് പിന്നിലെ മൂലയ്ക്കിരിക്കുന്ന അവനെ ആരൊക്കെയോ ചേർന്ന് കോമാളിയെ പോലെ കളിയാക്കുന്നുണ്ടായിരുന്നു. മറുത്തൊന്നും പറയാനറിയാതെ അവനവർക്ക് മുന്നിൽ തല കുനിച്ചിരുന്നു. ചടങ്ങ് കഴിഞ്ഞ് വീട്ടിൽ തിരി ച്ചെത്തിയിട്ടും ആ ദൈന്യ മുഖം മനസ്സിൽ നിന്ന് മാഞ്ഞതേയില്ല. അവനെ പോലെയുള്ളവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് വി.കെ.എം സ്‌പെഷ്യൽ സ്‌കൂൾ പിറവിയെടുക്കുന്നത് -തുടക്കവഴികൾ അഷ്‌റഫ് ഓർത്തെടുക്കുന്നു.


സ്‌പെഷ്യൽ സ്‌കൂൾ ആരംഭിക്കുന്നതിന് മുമ്പ് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ വളാഞ്ചേരിയിലും സമീപ പഞ്ചായത്തുകളായ എടയൂർ, ഇരിമ്പിളിയം, മൂർക്കനാട് എന്നിവിടങ്ങളിലും വിശദമായ സർവേ നടത്തി അഷ്‌റഫ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് സർവേയിൽ നിന്ന് ലഭിച്ചത്. നാല് പഞ്ചായത്തുകളിൽ മാത്രം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർ നാന്നൂറിലേറെയുണ്ട്. ഇവരിൽ കുട്ടികൾ മുതൽ കൗമാരക്കാർ വരെ ഉൾപ്പെടുന്നു. മതിയായ ചികിത്സയോ പരിശീലനമോ കിട്ടാതെ വീട്ടിനുള്ളിൽ തന്നെ തീരുകയാണ് ഇവരുടെ ജീവിതം. പലരെയും മുറിയിൽ പൂട്ടിയിട്ടോ ജനലിൽ കെട്ടിയിട്ടോ ആണ് മാതാപിതാക്കൾ ജോലിക്ക് പോകുന്നത്.
2002 മെയ് 21 ന് വളാഞ്ചേരിക്കടുത്ത് പൂക്കാട്ടിരിയിലെ വാടകക്കെട്ടിടത്തിൽ 33 വിദ്യാർത്ഥികളുമായി വി.കെ.എം സ്‌പെഷ്യൽ സ്‌കൂളിന് തുടക്കമിട്ടു. 2004 ജൂലൈ ഏഴിന് പുറമണ്ണൂരിലെ സ്വന്തം കാമ്പസിലേക്ക് മാറി.
ഇന്നിപ്പോൾ വളാഞ്ചേരിയിലെയും സമീപ പഞ്ചായത്തുകളിലെയും ഇരുന്നൂറിലേറെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ വി.കെ.എം സ്‌പെഷ്യൽ സ്‌കൂളിന്റെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. അവരെ കൊണ്ടുവരാൻ സ്‌കൂൾ ബസുകളുണ്ട്, ഉച്ചഭക്ഷണവും ചികിത്സ സംവിധാനങ്ങളുമുണ്ട്. എല്ലാം സൗജന്യം. ഇരുപത് വർഷത്തിനുള്ളിൽ ആയിരത്തഞ്ഞൂറിലധികം കുട്ടികൾക്ക് പ്രത്യേക വിദ്യാഭ്യാസവും ഇരുന്നൂറോളം പേർക്ക് അനുയോജ്യ തൊഴിൽ പരിശീലനവും നൽകിക്കഴിഞ്ഞു.


കേന്ദ്ര സർക്കാരിന്റെ സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാം അടക്കമുള്ള വിവിധ തൊഴിൽ പരിശീലന പദ്ധതികൾ വി.കെ.എം സ്‌പെഷ്യൽ സ്‌കൂൾ നടത്തുന്നുണ്ട്. കംപ്യൂട്ടർ ഡാറ്റ എൻട്രി, ജൈവ പച്ചക്കറിക്കൃഷി, അലങ്കാരച്ചെടിക്കൃഷി, കരകൗശല വസ്തുക്കളുടെ നിർമാണം എന്നിവ ഇവയിൽ ചിലതാണ്.
പ്രശസ്ത പീഡിയാട്രിക് ഓർത്തോപീഡിക്‌സ് സർജറി പ്രൊഫസർ ഡോ. ടി.എസ്. ഗോപകുമാറിന്റെയും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ 2002 മുതൽ ആരംഭിച്ച സൗജന്യ വൈകല്യ സർജറി പദ്ധതിയിൽ 2018 വരെ 267 കുട്ടികൾക്ക് സേവനം നൽകി. തുടർന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന 'മൊബിലിറ്റി മിഷൻ കേരള എന്ന പദ്ധതിയിൽ നാന്നൂറിലേറെ കുട്ടികളുടെ വൈകല്യ നിവാരണ ശസ്ത്രക്രിയകളും അനുബന്ധ പുനരധിവാസ പരിശീലനവും പൂർത്തിയാക്കിക്കഴിഞ്ഞു.
മൂന്നു വർഷം മുമ്പ് അന്തരിച്ച മാതാവ് സി.പി. ആയിഷുമ്മയുടെ ഓർമക്കായി റിഹാബിലിറ്റേഷൻ റോബോട്ടിക്‌സ് അടക്കമുള്ള ഏറ്റവും നൂതനമായ ചികിത്സ പുനരധിവാസ സൗകര്യങ്ങളോടു കൂടിയ സമ്പൂർണ സെറിബ്രൽ പൾസി റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റിയൂട്ട് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മുഹമ്മദ് അഷ്‌റഫ് ഇപ്പോൾ. സെറിബ്രൽ പൾസിയുള്ള മുതിർന്ന കുട്ടികളിലെ അമിതമായ ബലംപിടിത്തം കുറക്കുന്നതിനുള്ള ഏറെ ചെലവേറിയ നൂതന രീതിയായ ബക്ലോഫൻ പമ്പ് ചികിത്സ ഏറ്റവും പാവപ്പെട്ട രണ്ട് കുട്ടികൾക്ക് നൽകാനുള്ള പ്രാഥമിക പരിശോധന പൂർത്തിയായിക്കഴിഞ്ഞു. ഈ ചികിത്സ ആവശ്യമുണ്ടെന്ന് വിദഗ്ധർ വിലയിരുത്തിയ വേറെയും കുട്ടികളുണ്ട്.


ദുബായിലും നാട്ടിലുമായി വിവിധ വ്യാപാര സംരംഭങ്ങളുണ്ടെങ്കിലും വി.കെ.എം സ്‌പെഷ്യൽ സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന മാനസിക സന്തോഷവും സംതൃപ്തിയും മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ലെന്ന് അഷ്‌റഫ് പറയുന്നു. സ്‌കൂളിനായി ചെലവിട്ട പണത്തിന്റെ കണക്ക് നോക്കാറേയില്ല.
ഈയടുത്ത കാലം തൊട്ടാണ് സർക്കാരിൽ നിന്ന് ചെറിയൊരു തുക പ്രതിവർഷ ഗ്രാന്റ് ലഭിച്ചുതുടങ്ങിയത്. എന്ത് തിരക്കുണ്ടെങ്കിലും മാസത്തിലൊരിക്കലെങ്കിലും സ്‌കൂൾ സന്ദർശിക്കും. അവിടെയെത്തുമ്പോൾ കാണുന്ന കുട്ടികളുടെ പുഞ്ചിരിയാണ് എനിക്ക് ദൈവം തരുന്ന പ്രതിഫലമെന്ന് തോന്നാറുണ്ട്. പ്രാർഥനകളിൽ എപ്പോഴുമെന്നെ ഓർക്കാറുണ്ടെന്ന് അവരുടെ മാതാപിതാക്കൾ പറയും. ഇതിൽപരം എന്തു നേട്ടമാണ് മനുഷ്യന് വേണ്ടത് -അഷ്‌റഫ് ചോദിക്കുന്നു. വി.കെ.എം ചാരിറ്റബിൾ ട്രസ്റ്റിന്റെ നിസ്വാർഥ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ ഒട്ടേറെ വ്യക്തികളും സംഘടനകളും സാമ്പത്തിക സഹായ വാഗ്ദാന ങ്ങളുമായി മുന്നോട്ടു വരാറുണ്ട്. ഇതുവരെ ആരുടെ കൈയിൽ നിന്നും ഒന്നും വാങ്ങിയിട്ടില്ല. സർക്കാർ സഹായമോ കോർപറേറ്റ് കമ്പനികളുടെ സി.എസ്.ആർ ഫണ്ടോ ലഭിച്ചാൽ ഇപ്പോഴുള്ള പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വിപുലപ്പെടുത്താം. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നു -അഷ്‌റഫ് ഭാവിപരിപാടികൾ വ്യക്തമാക്കി.
ഫാത്തിമയാണ് അഷ്‌റഫിന്റെ ഭാര്യ. മക്കൾ: ഡോ. ആയിഷ, ആസിഫ്, ആമിർ, ആമിന, ആലിയ. മരുമക്കൾ: സൈറ ഹസൻ, ലത്തീഫ ഷംസുദ്ദീൻ. സ്‌കൂളിന്റെ പ്രവർത്തനങ്ങളിലും വി.കെ. മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പരിപാടികളിലും സജീവമായിക്കൊണ്ട് പിതാവിന്റെ സേവന വഴിയിലൂടെയാണ് മൂത്ത മകൾ ആയിഷയുടെയും യാത്ര.      
 

Latest News