കോൺഗ്രസ് വലിയൊരു പ്രതിസന്ധിയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. സോണിയയും രാഹുലും അവരുടെ വിശ്വസ്തരുമായി ഒരു പക്ഷവും ഗ്രൂപ്പ് 23 നേതാക്കൾ ഉൾപ്പെട്ട മറുപക്ഷവും തമ്മിലുള്ള തുറന്ന പോരാണ് ഇനി കോൺഗ്രസിൽ നടക്കാൻ പോകുന്നത്. മുതിർന്ന നേതാക്കളിൽ പലരും പാർട്ടി വിട്ട് മറ്റു പാർട്ടികളിലേക്ക് ചേക്കേറുകയോ അല്ലെങ്കിൽ രാഷ്ട്രീയമായി നിഷ്ക്രിയരാകുകയോ ചെയ്യുന്ന സ്ഥിതിയുണ്ടാകും.
പാർട്ടിയെ ദേശീയ തലത്തിൽ നയിക്കാൻ ഒരു അധ്യക്ഷനെ കണ്ടെത്താനാകാതെ കുഴങ്ങുന്ന കോൺഗ്രസ് എങ്ങനെയാണ് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജ.പിയെ നേരിടുകയെന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്തുകൊണ്ട് കോൺഗ്രസ് ദുർബലമായിക്കൊണ്ടിരുക്കുന്നുവെന്നതിന്റെ ഉത്തരവും ഈ ചോദ്യത്തിലുണ്ട്. അടുത്ത മാസം ഇരുപതിനകം പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നാണ് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. അധ്യക്ഷന് വേണ്ടിയുള്ള ചർച്ചകൾ പാർട്ടിക്കുള്ളിൽ നടന്നുകൊണ്ടിരിക്കുകയാണ്.
താൽക്കാലിക അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിയെ മാറ്റി പകരം രാഹുൽ ഗാന്ധിയെ കൊണ്ടുവരാനുള്ള ചരടുവലികളാണ് നെഹ്റു കുടുംബത്തിന്റെ ഭക്തൻമാരായ നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ പാർട്ടി രൂപീകരിച്ച ശേഷം ഇക്കാലമത്രയും തുടരുന്ന കുടുംബാധിപത്യം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നാണ് പാർട്ടിയിലെ തിരുത്തൽ വാദികളായ മുതിർന്ന നേതാക്കളുടെ ആവശ്യം.
അടുത്ത അഞ്ച് വർഷത്തേക്കുള്ള സ്ഥിരം അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്നും അങ്ങനെ വന്നാൽ വലിയ പ്രശ്നങ്ങളില്ലാതെ അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ കഴിയുമെന്നുമാണ് കുടുംബ വാഴ്ചയെ അനുകൂലിക്കുന്ന നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരായ നേതാക്കളുടെ അഭിപ്രായം. അതല്ലെങ്കിൽ പാർട്ടി നേതൃത്വത്തിൽ വലിയ പൊട്ടിത്തെറികളുണ്ടാകുമെന്ന് അവർ കണക്കാക്കുന്നുണ്ട്. രാഹുൽ ഇല്ലെങ്കിൽ സോണിയ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നും ഇക്കൂട്ടർ വാദിക്കുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കാൻ ശ്രമിച്ചാൽ അതിനെതിരെ ജനാധിപത്യ രീതിയിൽ മത്സരം കൊണ്ടുവരണമെന്നാണ് പാർട്ടിയിൽ സംഘടനാപരമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് ഇടഞ്ഞു നിൽക്കുന്ന ഗ്രൂപ്പ് 23 എന്ന പേരിലറിയപ്പെടുന്ന ഒരു വിഭാഗം പാർട്ടി നേതാക്കളുടെ നിലപാട്. സോണിയയെയും രാഹുലിനെയും ഉദ്ദേശിച്ചുകൊണ്ട് ഗാന്ധിമാർക്കപ്പുറത്തേക്ക് കോൺഗ്രസ് ചിന്തിക്കേണ്ടതുണ്ടെന്നാണ് അവർ പരസ്യമായിത്തന്നെ ആവശ്യപ്പെടുന്നത്.
നെഹ്റു കുടുംബത്തിന്റെ വിശ്വസ്തരിൽ നിന്നും വലിയ സമ്മർദമുണ്ടെങ്കിലും പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനോട് നിഷേധാത്മകമായ നിലപാടാണ് രാഹുൽ ഗാന്ധി തുടരുന്നത്. അധ്യക്ഷ പദവി ഏറ്റെടുക്കാൻ താനില്ലെന്ന പരസ്യമായ പ്രഖ്യാപനവും അദ്ദേഹം നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഭാരിച്ച ഉത്തരവാദിത്തങ്ങളില്ലാതെ പാർട്ടി പ്രവർത്തനത്തെ പാർട്ട് ടൈം പരിപാടിയായി കാണുന്നതിലാണ് രാഹുൽ ഗാന്ധിക്ക് താൽപര്യം. മാത്രമല്ല, ഗുജറാത്ത് ഉൾെപ്പടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും 2024 ൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് വലിയ റിസ്ക് ആയി രാഹുൽ കണക്കുകൂട്ടുന്നുണ്ട്. അധ്യക്ഷ സ്ഥാനത്ത് തുടരാൻ സോണിയ ഗാന്ധിയിലും സമ്മർദമുണ്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ കാരണം അവരും വിസമ്മതിക്കുകയാണ്. പാർട്ടിയുടെ മുഴുവൻ കടിഞ്ഞാണും തങ്ങളുടെ കൈയയ്യിൽ തന്നെ നിൽക്കുന്ന രീതിയിൽ അധ്യക്ഷസ്ഥാനം തങ്ങളുടെ അതിവിശ്വസ്തരിൽ ആരെയെങ്കിലും ഏൽപിക്കണമെന്നതാണ് സോണിയയുടെയും രാഹുലിന്റെയും മനസ്സിലിരിപ്പ്. കുടുംബ വാഴ്ചയിൽ പാർട്ടി നേതാക്കളിൽ വലിയൊരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. ഇക്കാര്യം രാഹുലിനും ബോധ്യമുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് അദ്ദേഹത്തിന്റെ തീരുമാനത്തിന് പിന്നിൽ ഇതും ഒരു ഘടകമാണ്.
അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉയർന്നു വരുന്നുണ്ട്. പാർട്ടിയിലെ കുടുംബ വാഴ്ചയെ അംഗീകരിക്കാത്ത ഗ്രൂപ്പ് 23 ൽ പെട്ട മുതിർന്ന നേതാക്കളിൽ പലരും തങ്ങളുടെ പാർട്ടി പദവികൾ രാജിവെച്ചുകൊണ്ട് സമ്മർദം ശക്തമാക്കുകയാണ്. അടുത്തു തന്നെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മുകശ്മീരിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാനായി മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ സോണിയ ഗാന്ധി നിശ്ചയിച്ചിരുന്നു. എന്നാൽ ആ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ല. ഇതിന് തൊട്ടു പിന്നാലെ ഹിമാചൽ പ്രദേശ് കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഗ്രൂപ്പ് 23 ലെ മറ്റൊരു പ്രമുഖ നേതാവായ ആനന്ദ് ശർമമ്മ രാജിവെച്ചിരുന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം പാർട്ടി ദേശീയ വക്താവായ ജയ്വീർ ഷെർജിൽ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചു.
തങ്ങളുടെ വിശ്വസ്തരല്ലാത്ത ആരെയും സോണിയയും രാഹുലും പാർട്ടി സംബന്ധമായ യാതൊരു കാര്യങ്ങളും അറിയിക്കുന്നില്ലെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ് ജെയ്വീർ ഷെർജിൽ നടത്തിയ പ്രസ്താവന. ഇത് തന്നെയാണ് കോൺഗ്രസിലെ ഏറ്റവും വലിയ പ്രശ്നം.
സോണിയയെയും രാഹുലിനെയും പൊതിഞ്ഞു നിൽക്കുന്ന ഒരു കൂട്ടം ഉപജാപ സംഘങ്ങൾക്കപ്പുറത്തേക്ക് സംഘടനയിലെ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല. സ്തുതി ഗീതങ്ങൾക്കപ്പുറത്തേക്ക് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളൊന്നുമുണ്ടാകുന്നില്ല. 2024 ലെ പൊതുതെരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവൻമരണ പോരാട്ടമാണ്. ശക്തി തെളിയിക്കാനുള്ള അവസാനത്തെ അവസരമാണ്. ഈ സാഹചര്യത്തിൽ പാർട്ടിയെ ഒരു പോരാട്ടത്തിന് സജ്ജമാക്കാൻ കെൽപുള്ള നേതാവിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരേണ്ടത്. സ്തുതിപാഠകരുടെ കെണിയിൽ വീഴാതെ സോണിയയും രാഹുലും ഇനിയെങ്കിലും യാഥാർത്ഥ്യം തിരിച്ചറിയുകയാണ് വേണ്ടത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് സോണിയ ഗാന്ധി ആവശ്യപ്പെട്ടതായ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോണിയ ഗാന്ധിയുടെ വിശ്വസ്തരിൽ ഒരാളാണ് അശോക് ഗെഹ്ലോട്ട്. എന്നാൽ താൻ അധ്യക്ഷ സ്ഥാനത്തേക്കില്ലെന്നും രാഹുൽ തന്നെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നുമാണ് ഗെഹ്ലോട്ട് പറയുന്നത്. അതേസമയം അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് നിർദേശിച്ചാൽ ഗ്രൂപ്പ് 23 നേതാക്കൾ അദ്ദേഹത്തിനെതിരെ സ്ഥാനാർത്ഥിയെ നിർത്തുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.
അധ്യക്ഷ സ്ഥാനത്തേക്ക് ആര് എത്തിയാലും ഒരു കാര്യം ഉറപ്പാണ്. കോൺഗ്രസ് വലിയൊരു പ്രതിസന്ധിയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. സോണിയയും രാഹുലും അവരുടെ വിശ്വസ്തരുമായി ഒരു പക്ഷവും ഗ്രൂപ്പ് 23 നേതാക്കൾ ഉൾപ്പെട്ട മറുപക്ഷവും തമ്മിലുള്ള തുറന്ന പോരാണ് ഇനി കോൺഗ്രസിൽ നടക്കാൻ പോകുന്നത്. മുതിർന്ന നേതാക്കളിൽ പലരും പാർട്ടി വിട്ട് മറ്റു പാർട്ടികളിലേക്ക് ചേക്കേറുകയോ അല്ലെങ്കിൽ രാഷ്ട്രീയമായി നിഷ്ക്രിയരാകുകയോ ചെയ്യുന്ന സ്ഥിതിയുണ്ടാകും. കുടുംബ വാഴ്ചയാണ് കോൺഗ്രസിനെ തകർക്കുന്നതെന്ന ഗുരുതരമായ ആരോപണം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയരുമ്പോൾ അതിനെ മറികടക്കുകയെന്നത് എളുപ്പമാകില്ല.






