ഈ നേതാക്കളൊന്നും ചില്ലറക്കാരല്ല. പാർട്ടിയിൽ നിന്ന് കിട്ടാവുന്ന സ്ഥാനങ്ങളത്രയും നേടിയെടുത്തവരാണ് ആനന്ദ് ശർമയും ഗുലാം നബി ആസാദും. നാളെ ഇവർ ബി.ജെ.പിയിലേക്ക് ചാടിയാലും അദ്ഭുതപ്പെടാനില്ല. രാജ്യത്തെ വലിയൊരു ജനാധിപത്യ പാർട്ടി, നയിക്കാൻ നട്ടെല്ലുള്ള ഒരു നേതാവിനെ കിട്ടാതെ ഇരുട്ടിൽ തപ്പുന്ന കാഴ്ച അതിദയനീയം എന്നേ പറയാൻ പറ്റൂ.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പൻ തകർച്ചയെത്തുടർന്നാണ് മകൻ രാഹുലിൽ നിന്ന് സോണിയ ഗാന്ധി അധ്യക്ഷ പദം ഏറ്റെടുക്കുന്നത്. കേസുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലുമെല്ലാം രോഗബാധിതയായ സോണിയ ഗാന്ധിയെ വല്ലാതെ അവശയാക്കിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങളാൽ അധ്യക്ഷ പദത്തിൽ തുടരാനാകില്ലെന്ന് അവർ വ്യക്തമാക്കിക്കഴിഞ്ഞു; പ്രസിഡന്റാകാൻ താനില്ലെന്ന് രാഹുലും. സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള മാർഗം കൂടി പറഞ്ഞു തരണമെന്ന് രാഹുലിനോട് അഭ്യർഥിച്ചിരിക്കുകയാണ് നേതാക്കൾ.
അധികാര മോഹവും കിടമൽസരങ്ങളും കാരണം 2019 ലെ തിരിച്ചടിയേക്കാൾ ദയനീയമാകും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംഭവിക്കുകയെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു കാലത്ത് നാന്നൂറിലേറെ ലോക്സഭ സീറ്റിൽ ജയിച്ചിരുന്ന കോൺഗ്രസിന് 2019 ൽ 53 സീറ്റിലാണ് ജയിക്കാനായത്. ബി.ജെ.പിക്ക് എതിരെയുള്ള മതനിരപേക്ഷ സഖ്യത്തെ നയിക്കാൻ ആ പാർട്ടിക്കാകില്ലെന്ന് പലതവണ തെളിയിക്കപ്പെട്ടതാണ്. മാത്രവുമല്ല, യുപിയിലും ബിഹാറിലും മതനിരപേക്ഷ സഖ്യത്തിൽ വിള്ളൽ വീഴ്ത്താനാണ് കോൺഗ്രസ് ശ്രമിച്ചത്.
പ്രമുഖർ കോൺഗ്രസ് വിടുന്നു, വിടുന്നവർ ബി.ജെ.പിയിൽ ചെന്ന് പദവികൾ നേടുന്നു. അവശേഷിക്കുന്നവർ ഒരു പ്രതീക്ഷയുമില്ലാതെ അസ്വസ്ഥരായി കോൺഗ്രസിൽ തുടരുന്നു. ബി.ജെ.പിയിൽനിന്ന് ഒരു വിളി വന്നാൽ ആരും പോകുമെന്ന സ്ഥിതി. അടുത്ത കാലത്ത് കോൺഗ്രസ് വിട്ടവരിൽ പ്രമുഖനാണ് കപിൽ സിബൽ. വിമത നേതാക്കളുടെ കൂട്ടായ്മയായ ജി 23 ലെ പ്രമുഖനായിരുന്ന സിബൽ സമാജ്വാദി പിന്തുണയോടെ രാജ്യസഭയിൽ എത്തി. ഹരിയാനയിൽ നിന്നുള്ള പ്രവർത്തക സമിതി അംഗം കുൽദീപ് ബിഷ്ണോയി ബി.ജെ.പിയിൽ ചേർന്നു. നിരന്തരമായ തിരിച്ചടികളിൽ ഏറ്റവും പുതിയതാണ് കശ്മീരിൽനിന്നുള്ള ഗുലാം നബി ആസാദിന്റെയും ഹിമാചലിൽനിന്നുള്ള ആനന്ദ് ശർമയുടെയും സ്ഥാനമൊഴിയൽ. ജമ്മു കശ്മീരിലെ കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്ന് ഗുലാം നബി രാജിവെച്ചതിനു പിന്നാലെയാണ് ഹിമാചൽ പ്രദേശ് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിർന്ന നേതാവായ ആനന്ദ് ശർമ രാജിവച്ചത്. കുറച്ചു കാലമായി കോൺഗ്രസ് സംഘടനയിൽ സമൂലമായ പരിഷ്കരണം ആവശ്യപ്പെടുകയാണ് ജി 23 കൂട്ടായ്മയിലെ നേതാക്കൾ. ഇവരുടെ നിരന്തരമായ ആവശ്യങ്ങളോട് സോണിയയും രാഹുലും എ.ഐ.സി.സിയിലെ അവരുടെ കൂട്ടാളികളും പുറംതിരിഞ്ഞു നിൽക്കുന്നതിന്റെ പരിണതി കൂടിയാണ് സിബൽ, ആസാദ്, ശർമ എന്നിവരുടെ പുതിയ നീക്കങ്ങൾ. ഈ നേതാക്കളൊന്നും ചില്ലറക്കാരല്ല. പാർട്ടിയിൽ നിന്ന് കിട്ടാവുന്ന സ്ഥാനങ്ങളത്രയും നേടിയെടുത്തവരാണ് ആനന്ദ് ശർമയും ഗുലാംനബി ആസാദും. നാളെ ഇവർ ബി.ജെ.പിയിലേക്ക് ചാടിയാലും അദ്ഭുതപ്പെടാനില്ല. രാജ്യത്തെ വലിയൊരു ജനാധിപത്യ പാർട്ടി, നയിക്കാൻ നട്ടെല്ലുള്ള ഒരു നേതാവിനെ കിട്ടാതെ ഇരുട്ടിൽ തപ്പുന്ന കാഴ്ച അതിദയനീയം എന്നേ പറയാൻ പറ്റൂ.






