പ്രതിപക്ഷ പാർട്ടികളെ തകർക്കാനും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനുമുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാരും ബി.ജെ.പിയും ശക്തമാക്കിയിരിക്കുകയാണല്ലോ. അതിനായി തികച്ചും ജനാധിപത്യ വിരുദ്ധമായും പണമൊഴുക്കിയും എം.എൽ.എമാരെ വിലക്കെടുക്കുന്നു. ഇ.ഡി അടക്കമുള്ള ഏജൻസികളെ ഉപയോഗിക്കുന്നു.
ഗവർണറും സർക്കാരും ഒരിക്കൽ കൂടി ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിനു മുമ്പും നിരവധി അഭിപ്രായ ഭിന്നതകൾ ഉണ്ടായിട്ടും ഗവർണർക്കെതിരെ കാര്യമായി മുന്നോട്ടു പോകാൻ സർക്കാർ തയാറായിട്ടില്ല. പല ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലും സർക്കാരുകളും പല വിഷയങ്ങളിലും ഗവർണർക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോഴും കേരള സർക്കാർ മിക്കാവാറും സന്ദർഭങ്ങളിൽ നിലപാടുകളിൽ വിട്ടുവീഴ്ച വരുത്തുന്നതായാണ് കാണാറുള്ളത്. ഇത്തവണ ചാൻസലർ എന്ന പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനാണ് സർക്കാർ നീക്കം. ഫെഡറലിസവുമായി ബന്ധപ്പെട്ട പല തർക്കങ്ങളിലും പിറകോട്ടുപോയ സർക്കാർ വിവാദമായ ഒരു ബന്ധു നിയമനവുമായി ബന്ധപ്പെട്ടാണ് ഗവർണറുമായി കൊമ്പുകോർക്കുന്നത് എന്നതാണ് വിരോധാഭാസം. അപ്പോഴും ബംഗാളും തമിഴ്നാടുമൊക്കെ ചെയ്ത പോലെ ഗവർണറെ ചാൻസലർ പദവിയിൽ നിന്നു നീക്കം ചെയ്യാനൊന്നും സർക്കാർ തയാറല്ല എന്നത് ശ്രദ്ധേയമാണ്. വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിന് സ്വാധീനം ഉണ്ടാകുന്ന തരത്തിൽ സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിച്ചുകൊണ്ടുള്ള ഭേദഗതി മാത്രമാണ് കൊണ്ടുവരുന്നത്. നിലവിൽ സെർച്ച് കമ്മിറ്റിയിൽ മൂന്നംഗങ്ങളാണുള്ളത്. ഗവർണറുടെ പ്രതിനിധിക്കും യു.ജി.സി പ്രതിനിധിക്കും പുറമെ സർവകലാശാല പ്രതിനിധിയുമാണ് അംഗങ്ങൾ. സമിതിയിലെ മൂന്നിൽ രണ്ടു പേരും കേന്ദ്ര സർക്കാർ താൽപര്യമുള്ളവരായതിനാൽ സംസ്ഥാന സർക്കാരിന് താൽപര്യമുള്ളവരെ വൈസ് ചാൻസലർമാർ ആക്കാനാവില്ല. ഈ ഭേദഗതി തങ്ങൾക്ക് താൽപര്യമുള്ളവരെ നിയമിക്കാനാണെന്ന് ആരെങ്കിലും ആരോപിച്ചാൽ കുറ്റം പറയാനാകില്ല. നിയമസഭ പാസാക്കിയാലും ബില്ലിൽ ഒപ്പിടില്ലെന്ന മുന്നറിയിപ്പ് ഗവർണർ നൽകിക്കഴിഞ്ഞു എന്നത് വേറെ കാര്യം.
പറയുമ്പോൾ ഗവർണർ ഭരണഘടന തലവൻ തന്നെയാണ്. പക്ഷേ അദ്ദേഹം ഭരണാധികാരിയല്ല. അതായത് ഗവർണർക്ക് എക്സിക്യൂട്ടീവ് പവർ ഇല്ല എന്നർത്ഥം. ജനാധിപത്യത്തിൽ അത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് ഗവർണർക്കുള്ളത്. തീർച്ചയായും അവയോട് വിയോജിക്കാനും പുനഃപരിശോധിക്കാൻ ആവശ്യപ്പെടാനും ഗവർണർക്ക് അധികാരമുണ്ട്. ഭരണഘടനയുടെ 200 ാം അനുഛേദമനുസരിച്ച് നിയമസഭ പാസാക്കിയ ബിൽ ഗവർണർക്ക് അയച്ചാൽ അദ്ദേഹത്തിന് ഒന്നുകിൽ അതിൽ സമ്മതം രേഖപ്പെടുത്തി തിരിച്ചയക്കാം. അല്ലെങ്കിൽ നിരസിക്കാം. അതുമല്ലെങ്കിൽ പുനഃപരിശോധനക്ക് തിരിച്ചയക്കാം. പ്രസിഡന്റിന്റെ പരിഗണനക്ക് വിടാം. പക്ഷേ, പുനഃപരിശോധനക്കു ശേഷം സർക്കാർ അതേ തീരുമാനം വീണ്ടും അയച്ചാൽ കഴിഞ്ഞു, ഗവർണർ അതിൽ ഒപ്പിടണം. അത്തരത്തിൽ നിരവധി സംഭവങ്ങൾ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ നടന്നിട്ടുമുണ്ട്. ഇപ്പോഴത്തെ രാഷ്ട്രപതിയടക്കം ഗവർണറായിരുന്നപ്പോൾ ഈ അധികാരം ഉപയോഗിച്ചിട്ടുണ്ട്. ജനാധിപത്യത്തിൽ ജനങ്ങളോട് നേരിട്ടുള്ള ഉത്തരവാദിത്തം സർക്കാരിനാണല്ലോ. സുപ്രീം കോടതി പോലും ഇക്കാര്യം ശരിവെച്ചിട്ടുമുണ്ട്. ഭരണഘടന അനുസരിച്ച് ഗവർണർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അധികാരങ്ങളൊന്നും തന്നെ ഇല്ലെന്ന് സാക്ഷാൽ അംബേദ്കറും വ്യക്തമാക്കിയിട്ടുണ്ട്.
സർവകലാശാലയിലേക്കു വരികയാണെങ്കിൽ ചാൻസലർ സർവകലാശാല തലവനാണ്. ചാൻസലർക്ക് സർവകലാശാലകളുടെ കാര്യത്തിൽ സർക്കാരിന്റെ ഉപദേശം കൂടാതെ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ സർവകലാശാലയുടെ ഭരണപരമായ ഉത്തരവാദിത്തവും ദൈനംദിന ചുമതലകളും വൈസ് ചാൻസലറിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കാരണം അവ ചെയ്യേണ്ടത് അക്കാദമിക് മേഖലയിൽനിന്നുള്ളവരായിരിക്കണം എന്നതു തന്നെ. ചാൻസലർക്ക് അർധ ജുഡീഷ്യലോ ജുഡീഷ്യലോ ആയ അധികാരങ്ങളുമില്ല.
വാസ്തവത്തിൽ ഇപ്പോൾ ഉയരേണ്ടത് ഗവർണർ എന്ന പദവി ജനാധിപത്യത്തിൽ ആവശ്യമാണോ എന്ന ചോദ്യമാണ്. മുഖ്യമായും സി.പി.ഐ മാത്രമാണ് ആവശ്യമില്ല എന്ന നിലപാട് എടുത്തിട്ടുള്ളത്. ഒരു ജനാധിപത്യ ഫെഡറൽ സംവിധാനത്തിൽ അത്തരമൊരു പദവിക്ക് ഒരു പ്രസക്തിയുമില്ല എന്നതാണ് വസ്തുത. പരോക്ഷമായി അതംഗീകരിക്കുന്നതിനാലാണ് ഭരണകക്ഷി എന്നും അവർക്ക് അനിവാര്യമല്ലാത്ത, അല്ലെങ്കിൽ തെരഞ്ഞെടുപ്പുകളിലും മറ്റും തോറ്റ മുതിർന്ന നേതാക്കൾക്ക് ഗവർണർ പദവി നൽകി അവരെ ഒതുക്കുന്നത്. കേന്ദ്ര ഗവൺമെന്റിൽ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങൾ സംസ്ഥാന തലത്തിൽ കൈയാളുന്നതിന് ഇന്ത്യൻ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവർണർ എന്നാണ് വെപ്പ്. സംസ്ഥാനത്തിന്റെ യഥാർത്ഥ ഭരണ നിർവഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും നാമമാത്ര ഭരണത്തലവനായി ഗവർണറെ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന ഭരണത്തിലെ എല്ലാ നടപടികളും ഗവർണറുടെ പേരിലാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണ കാര്യങ്ങളിൽ ഗവർണറെ സഹായിക്കുന്നു എന്നാണ് വിശേഷിപ്പിക്കുന്നത്. നടക്കുന്നത് അങ്ങനെയല്ലെങ്കിലും. കേവലം ആലങ്കാരിക പദവി മാത്രമാണിത്.
ഈ ഗവർണർ തന്നെ പൗരത്വ ഭേദഗതി നിയമത്തിൽ കേരള സർക്കാർ നിലപാടിനെതിരെ സംസാരിക്കുകയും പിന്നീട് സർക്കാർ നിലപാട് നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തത് മറക്കാറായിട്ടില്ലല്ലോ. നിലവിൽ ജനാധിപത്യ സംവിധാനത്തെ മറികടന്നെന്നു പറയാവുന്ന അധികാരമുള്ളത് ജുഡീഷ്യറിക്കാണല്ലോ. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഏതെങ്കിലും ചീഫ് ജസ്റ്റിസ് വായിച്ചു കൊടുക്കട്ടെ എന്നു വെക്കുന്നതാണുചിതം. നയപ്രഖ്യാപനവും മറ്റും മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കട്ടെ.
വളരെ ഗൗരവമായ മറ്റൊരു രാഷ്ട്രീയ പ്രശ്നവും ഇപ്പോൾ പ്രസക്തമാണ്. പ്രതിപക്ഷ പാർട്ടികളെ തകർക്കാനും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനുമുള്ള നീക്കങ്ങൾ കേന്ദ്ര സർക്കാരും ബി.ജെ.പിയും ശക്തമാക്കിയിരിക്കുകയാണല്ലോ. അതിനായി തികച്ചും ജനാധിപത്യ വിരുദ്ധമായും പണമൊഴുക്കിയും എം.എൽ.എമാരെ വിലക്കെടുക്കുന്നു. ഇ.ഡി അടക്കമുള്ള ഏജൻസികളെ ഉപയോഗിക്കുന്നു. വ്യത്യസ്ത നിലപാടുകളെടുക്കുന്നവരെ കള്ളക്കേസുകളിൽ ഉൾപ്പെടുത്തുന്നു. ഒരു വശത്ത് നെഹ്റു കുടുംബത്തിന്റെ വിശ്വാസ്യത തകർത്ത് കോൺഗ്രസിനെ നിലംപരിശാക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് ആം ആദ്മിയുടെ അഴിമതി വിരുദ്ധ മുഖം പിച്ചിച്ചീന്താൻ ശ്രമിക്കുന്നു. ബിഹാറിൽ തിരിച്ചടി കിട്ടിയെങ്കിലും സംസ്ഥാന സർക്കാരുകളെ തകർക്കാനുള്ള നീക്കം തുടരുകയാണ്. ഇപ്പോഴത്തെ ലക്ഷ്യം തെലങ്കാനയാണെന്നാണ് വാർത്ത. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറെക്കുറെ പ്രതിപക്ഷ മുക്തമാക്കി ഇന്ത്യയെ മാറ്റുകയാണ് അവരുടെ ലക്ഷ്യമെന്നുറപ്പ്. എന്നാൽ അക്കാര്യത്തിൽ മറ്റു പല സംസ്ഥാനങ്ങളിലും പ്രയോഗിച്ച തന്ത്രങ്ങൾ കേരളത്തിൽ വിജയിക്കില്ല എന്നതാണ് അവരുടെ പ്രധാന തലവേദന. ഏറെക്കുറെ തുല്യരായ രണ്ടു മുന്നണികൾ ഉള്ളതിനാൽ അവയെ മറികടക്കുക എളുപ്പമല്ല എന്ന് സംഘപരിവാറിനു കൃത്യമായി അറിയാം. തീവ്രമായ ഹിന്ദുത്വ രാഷ്ട്രീയത്തിനും കേരളത്തിൽ കാര്യമായ വേരോട്ടം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ബംഗാളിലും തമിഴ്നാട്ടിലും മറ്റും ശ്രമിക്കുന്ന പോലെ ഗവർണറെ മുന്നിൽ നിർത്തിയുള്ള ഒളിപ്പോരിന് അവർ ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ട് യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും പരമാവധി അകറ്റാൻ കഴിഞ്ഞാൽ അതും നേട്ടമാകുമല്ലോ. ഈ തന്ത്രമാണ് ഇരു മുന്നണികളും തിരിച്ചറിയേണ്ടത്. സത്യത്തിൽ ഈ സാഹചര്യത്തിൽ വേണ്ടത് ഗവർണറെ തിരിച്ചുവിളിക്കാൻ നിയമസഭ ആവശ്യപ്പെടുക എന്നതാണ്.






