ഉന്നത വിദ്യാഭ്യാസ മേഖല വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് രാഷ്ട്രീയ ഇടപെടലുകൾ തുടച്ചുനീക്കി സർവകലാശാല ഭരണം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മാറിനിൽക്കാൻ കഴിയുന്ന ശക്തമായ ഒരു സർവകലാശാല ഭരണം ഉണ്ടായാലേ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്കാദമിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ കഴിയൂ.
രാജ്ഭവനും കണ്ണൂർ സർവകലാശാലയും തമ്മിലുള്ള പോര് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് ഭയാശങ്കകൾ വർധിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ജീവിത പങ്കാളിക്ക് കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറുടെ തസ്തികയിൽ നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സർവകലാശാലയും രാജ്ഭവനും തമ്മിലുള്ള പോര് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റേത് സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കേരളത്തിലെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ മേഖലയും രാഷ്ട്രീയത്തിന്റെ നീരാളിപ്പിടിത്തത്തിലാണ് എന്ന നിരീക്ഷണം പുതിയതൊന്നുമല്ല. കേരള സംസ്ഥാനം രൂപം കൊണ്ട് കേരള, കാലിക്കറ്റ്, കൊച്ചി, എം.ജി, കണ്ണൂർ യൂനിവേഴ്സിറ്റികൾ പ്രവർത്തനം ആരംഭിച്ചതോടെ രാഷ്ട്രീയ പിടിമുറുക്കലുകളും പിരിമുറുക്കങ്ങളും അവിടങ്ങളിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും പിണറായി സർക്കാർ അധികാരമേറ്റതു മുതൽ അതിന്റെ തീവ്രത പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.
ഭരിക്കുന്നവരും പ്രതിപക്ഷവും കേരളത്തിലെ സർവകലാശാലകളെ അവരുടെ രാഷ്ട്രീയ യുദ്ധക്കളരികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോൾ സർവകലാശാലകളുടെ നിലവാരങ്ങളും യോഗ്യതകളും ശ്രദ്ധിക്കാൻ ആരും തയാറാവുന്നില്ല. സമ്പൂർണ സാക്ഷരതയെ കുറിച്ചും നവോത്ഥാനത്തിന്റെ പഴമ്പുരാണങ്ങളെ കുറിച്ചും വീരവാദങ്ങൾ മുഴക്കുന്ന കേരളത്തിന് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളായ സർവകലാശാലകളുടെ നിലവാരത്തെ കുറിച്ച് ഒരക്ഷരം ഉരിയാടാൻ സാധിക്കുന്നില്ല. ഇന്ത്യയിലെ സർവകലാശാലകളുടെ റാങ്കിംഗ് നിലവാരം കണക്കാക്കുന്ന നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന്റെ (എൻ.ഐ.ആർ.എഫ്) പട്ടികയിൽ കേരളത്തിലെ സർവകലാശാലകൾ വളരെ പിന്നിലാണ്. രാഷ്ട്രീയം തലക്കുപിടിച്ച അവക്ക് ഇതുവരെയും ആദ്യ ഇരുപതിലേക്ക് കടക്കുവാൻ സാധിച്ചിട്ടില്ല.
കേരളത്തിൽ നിന്നും വിദ്യാർഥികൾ അന്യസംസ്ഥാന സർവകലാശാലകളിലേക്ക് ഒഴുകുന്ന പ്രവണതയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിൽ കോഴ്സുകൾ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് നിലവാര തകർച്ചയും രാഷ്ട്രീയ അതിപ്രസരവുമാണ് വിദ്യാർഥികൾ കേരളത്തെ ഉപേക്ഷിച്ചു തുടങ്ങാൻ കാരണമായിട്ടുള്ളത്. കോഴ്സുകൾ സമയബന്ധിതമായി ആരംഭിക്കാൻ കഴിയാതിരിക്കുക, പരീക്ഷകൾ കൃത്യമായി നടത്താൻ സാധിക്കാതിരിക്കുക, ഫലപ്രഖ്യാപനം വളരെയധികം വൈകുക, പരീക്ഷാഫലങ്ങളിലെ അവ്യക്തതകൾ എന്നിവയെല്ലാം നമ്മുടെ സർവകലാശാലകളിൽ സർവസാധാരണമാണ്. സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർഥികൾ അവലംബിക്കുന്ന വിദൂര പഠന സംവിധാനങ്ങളെ പോലും തകർക്കുന്ന തരത്തിലുള്ള നിലപാടുകളാണ് ഉത്തരവാദപ്പെട്ടവർ എടുക്കുന്നത്. ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റി പ്രഖ്യാപിക്കുകയും മുഴുവൻ വിദൂര പഠനവും അതിലേക്ക് കൊണ്ടുവരികയും മറ്റു യൂനിവേഴ്സിറ്റികളിൽ നിന്ന് വിദൂര പഠനം വേർപെടുത്തുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഇതുവരെയും അത് പ്രാവർത്തികമാക്കാൻ സാധിക്കുന്നില്ല. അതേസമയം കാലിക്കറ്റ് അടക്കമുള്ള സർവകലാശാലകളിൽ വിദൂര പഠനം അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഓപൺ സ്കീമിൽ വിദ്യാർഥികൾ ഇഗ്നോ പോലുള്ള ദേശീയ സർവകലാശാലകളെയാണ് ഇപ്പോൾ കൂടുതലും ആശ്രയിക്കുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർവകലാശാലകളെ കേരളത്തിലെ വിദ്യാർഥികൾ ധാരാളമായി ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു.
കാലിക്കറ്റ് സർവകലാശാല സ്ഥാപിച്ച് അതിന്റെ ആദ്യത്തെ വൈസ് ചാൻസലറെ നിയമിക്കുന്ന സന്ദർഭത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ്കോയ വി.സിയെ നിശ്ചയിക്കുന്നതിലുണ്ടായ കാലതാമസത്തെ കുറിച്ചുള്ള ചോദ്യത്തിന് നിയമസഭയിൽ പറഞ്ഞ മറുപടി വളരെ പ്രസക്തമാണ്. അക്കാലത്ത് വി.സി നിയമനങ്ങളെ രാഷ്ട്രീയം സാരമായി സ്വാധീനിച്ചിരുന്നില്ല. മുസ്തഫ കെമാൽ എന്ന അംഗത്തിന്റെ ചോദ്യത്തിന് മറുപടിയായി സി.എച്ച് പറഞ്ഞത് യോഗ്യരും പ്രശസ്തരുമായ പ്രഗത്ഭരെ കണ്ടെത്താനുള്ള ശ്രമമാണ് കാലതാമസത്തിന് കാരണം എന്നായിരുന്നു. (നിയമസഭ ആർക്കൈവ്സ് 1969 മാർച്ച് 3). അങ്ങനെയാണ് വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭനായ ബംഗളൂരു റീജണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്റ്റർ എം.എം. ഗനി കാലിക്കറ്റ് സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആകുന്നത്. സി.എച്ചിന്റെ കാലത്ത് തന്നെ സ്ഥാപിതമായ കൊച്ചിൻ യൂനിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലറായി അദ്ദേഹം കണ്ടെത്തിയത് വിദ്യാഭ്യാസ പ്രമുഖനും കേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ ജോസഫ് മുണ്ടശ്ശേരിയെ ആയിരുന്നു. രാഷ്ട്രീയമായി ഭിന്നധ്രുവങ്ങളിലായിരുന്നു മുണ്ടശ്ശേരിയും സി.എച്ചും എന്ന കാര്യം ഇന്ന് വി.സി നിയമനത്തിന്റെ പേരിൽ കടിപിടി കൂടുന്ന രാഷ്ട്രീയ പാർട്ടികൾ ഓർക്കേണ്ടതുണ്ട്.
സാങ്കേതിക സർവകലാശാലയിൽ നടന്ന മാർക്ക് അദാലത്ത് വിവാദം കേരളം മറന്നിട്ടില്ല. മാർക്ക് കുറഞ്ഞ വിദ്യാർത്ഥിക്ക് വേണ്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു എന്നതായിരുന്നു വിവാദം. വേണ്ട വിധത്തിലുള്ള മൂല്യനിർണയം സർവകലാശാല പരീക്ഷകളിൽ നടക്കുന്നില്ല എന്ന പരാതി വിദ്യാർഥികൾ നേരത്തെ ഉന്നയിച്ചിട്ടുള്ളതാണ്. വളരെ നന്നായി പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാർക്ക് കുറയുകയും പഠിക്കാതെ എഴുതുന്നവർക്കു മാർക്ക് ലഭിക്കുകയും ചെയ്യുന്നത് സർവ സാധാരണമായിരിക്കുകയാണ്. എന്നാൽ അത് പരിഹരിക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെട്ട് അദാലത്തുകൾ നടത്തുന്നത് പരീക്ഷകളുടെ വിശ്വാസ്യത തകർക്കും.
കണ്ണൂർ സർവകലാശാല വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ കടുത്ത ആരോപണങ്ങളുമായാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തു വന്നിട്ടുള്ളത്. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് കണ്ണൂർ വി.സി പ്രവർത്തിക്കുന്നത് എന്നത് ഒരു പുതിയ ആരോപണമല്ല. പ്രിയ വർഗീസിന്റെ നിയമനത്തിന്റെ കാര്യത്തിൽ മാത്രമല്ല കോളേജുകൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടും കണ്ണൂർ വി.സിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇവിടങ്ങളിലെല്ലാം വി.സി രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നു എന്നത് പ്രകടമാണ്. ഒടുവിൽ 2019 ലെ ചരിത്ര കോൺഗ്രസിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് വി.സിക്കെതിരെ 'ക്രിമിനൽ' ആരോപണമാണ് ഗവർണർ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയം കളിച്ച് സമയം കളയുന്ന കണ്ണൂർ സർവകലാശാലക്ക് ഇതുവരെ റാങ്കിംഗിൽ 200 പോലും എത്താൻ സാധിച്ചിട്ടില്ല എന്നത് ഇതിനോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
ഉന്നത വിദ്യാഭ്യാസ മേഖല വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് രാഷ്ട്രീയ ഇടപെടലുകൾ തുടച്ചുനീക്കി സർവകലാശാല ഭരണം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. രാഷ്ട്രീയത്തിന്റെ പിടിയിൽ നിന്ന് മാറിനിൽക്കാൻ കഴിയുന്ന ശക്തമായ ഒരു സർവകലാശാല ഭരണം ഉണ്ടായാലേ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്കാദമിക സ്വാതന്ത്ര്യം ഉറപ്പാക്കാൻ കഴിയൂ.






