അമേരിക്കയിൽ കൈയിൽ ഘടിപ്പിച്ച ചെറിയ ചിപ്പ് ഉപയോഗിച്ച് ടെസ്‌ല കാർ തുറക്കുന്ന വീഡിയോ പുറത്തു വന്നു. കാറിന്റെ താക്കോൽ എപ്പോഴും തന്റെ വലതുകൈയിൽ ഉണ്ടായിരിക്കണമെന്ന ചിന്തയാണ് ചിപ്പ് ഘടിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് വീഡിയോ പങ്കുവെച്ച അമേരിക്കക്കാരനായ കാർ ഉടമ ബ്രാൻഡൺ ഡലാലി പറഞ്ഞു. ഫോൺ കീ ഉപയോഗിച്ച് കാർ തുറക്കുന്നതിൽ പലപ്പോഴും പ്രശ്‌നങ്ങൾ നേരിട്ടപ്പോഴാണ് കൈ പരിഹാരത്തിന് ബ്രാൻഡൺ പരിഹാരം കണ്ടെത്തിയതും അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നതും.
എൻ.എഫ്.സി ടെക്‌നോളജി ഉപയോഗിക്കുന്ന വിവോ കീ ആപെക്‌സ് ചിപ്പാണ് ഇപ്പോൾ ബ്രാൻഡന്റെ കൈയിൽ ഇംപ്ലാന്റ് ചെയ്തിരിക്കുന്നത്. ഈ ചിപ്പിന്റെ ഉപയോഗം കാർ തുറക്കുന്നതിൽ മാത്രം ഒതുക്കി നിർത്താൻ അദ്ദേഹത്തിനു പദ്ധതിയില്ല. ഭാവിയിൽ ഇതേ ചിപ്പ് ക്രിപ്‌റ്റോകറൻസികൾ സ്‌റ്റോർ ചെയ്യുന്നതിനു പുറമെ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിപണിയിലിറക്കുന്നതിന് മുമ്പ് ചിപ്പ് പരീക്ഷിക്കുന്ന നൂറിലൊരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കമ്പനിക്ക് സ്വന്തം ആപ് സ്റ്റോറുണ്ടെന്നും അതിൽനിന്ന് ആവശ്യായ ആപ്പുകൾ വയർലസായി തന്നെ ശരീരത്തിലുള്ള ചിപ്പിൽ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ടെസ്‌ല കാർ സ്വന്തമായുള്ളതിനാലാണ് താൻ ഇപ്പോൾ കാർ കീ മാത്രം ചിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ബ്രാൻഡൻ പറഞ്ഞു.
മകനെ പഠിപ്പിക്കാൻ മസ്‌കിന്റെ മുൻകാമുകി കണ്ട വഴി
ടെസ്‌ല സി.ഇ.ഒയും കോടീശ്വരനുമായ എലോൺ മസ്‌കിന്റെ മുൻകാമുകി ജെന്നിഫർ ഗയ്‌നെ മകന്റെ പഠനത്തിന് പണം കെണ്ടത്താൻ മസ്‌കിനോടൊപ്പമുളള ഫോട്ടോകൾ ലേലം ചെയ്യുന്നു. ഒന്നര വർഷം നീണ്ട ബന്ധത്തിനിടയിലെ ഫോട്ടോകളും ഉപയോഗിച്ച സാധനങ്ങളുമാണ് ലേലം ചെയ്യുന്നത്. പെൻസിൽവാനിയ യൂനിവേഴ്‌സിറ്റിയിൽ പഠിക്കുകയായിരുന്ന ജെന്നിഫർ 1994 ലാണ് മസ്‌കിന്റെ കാമുകിയായത്. മസ്‌ക് നൽകിയ നെക്‌ലസും എഴുതിയ കുറപ്പുകളും ലേലം ചെയ്തു വിൽക്കുന്നുണ്ട്.
ഒരു വർഷം കൊണ്ട് വരുമാനം 1000 ശതമാനം വർധിച്ചു
ക്രിപ്‌റ്റോ കറൻസികളുടെ എക്‌സ്‌ചേഞ്ചായ എഫ്.ടി.എക്‌സ് ഒരു വർഷം കൊണ്ട് നേടിയത് 1000 ശതമാനമത്തിലേറെ വളർച്ച. സ്വകാര്യ എക്‌സ്‌ചേഞ്ചായ എഫ്.ടി.എക്‌സിന്റെ വരുമാനം 2020 ൽ 89 ദശലക്ഷം ഡോളറായിരുന്നെങ്കിൽ 2021 ൽ അത് 1.02 ബില്യൺ ഡോളറായാണ് വർധിച്ചത്.
വരുമാനത്തിന്റെ മൂന്നിലൊരു ഭാഗവും ഫ്യൂച്ചർ ട്രേഡിംഗ് ഫീസായാണ് ലഭിക്കുന്നതെന്നും ചോർന്ന രേഖകളിൽനിന്ന് വ്യക്തമാകുന്നു. സ്‌പോട്ട് ട്രേഡിംഗിൽ നിന്നാണ് 16 ശതമാനം വരുമാനം. വാൾസ്ട്രീറ്റ് ട്രേഡർ ആയിരുന്ന സാം ബാങ്ക്മാനാണ് 2019 ൽ എഫ്.ടി.എക്‌സ് ആരംഭിച്ചത്. തുടർന്ന് പല ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളും സ്വന്തമാക്കി. തകർച്ചയുടെ വക്കിലെത്തിയ മറ്റു എക്‌സ്‌ചേഞ്ചുകളിൽ മുതൽ മുടക്കുകയും ചെയ്തു.
രഹസ്യങ്ങൾ മോഷ്ടിച്ച ആപ്പിൾ എൻജിനീയർ കുറ്റക്കാരൻ
ആപ്പിളിന്റെ കാർ പദ്ധതിയിൽ ജോലി ചെയ്തപ്പോൾ വ്യാപാര രഹസ്യങ്ങൾ ചോർത്തിയതിന് എൻജിനീയർ സിയാലോംഗ് ഴാങ്ങിന് അമേരിക്കയിൽ ജയിൽ ശിക്ഷ ലഭിക്കും. ഇയാൾ കുറ്റക്കാരനാണെന്ന് യു.എസ് കോടതി കണ്ടെത്തി.
2015 മുതൽ 2018 വരെയാണ് ആപ്പിൾ വികസിപ്പിക്കുന്ന കാർ പദ്ധതിയിൽ ഇയാൾ ജോലി ചെയ്തത്. പത്ത് വർഷം വരെ ജയിൽ ശിക്ഷയും രണ്ടര ലക്ഷം ഡോളർ പിഴയും ശിക്ഷ ലഭിക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ആപ്പിൾ രഹസ്യമായി വികസിപ്പിച്ചിരുന്ന കാറിന്റെ രഹസ്യ ഫയലുകളും മറ്റും ഡൗൺലോഡ് ചെയ്തുവെന്നാണ് കമ്പനി ആരോപിച്ചിരുന്നത്. സർക്യൂട്ട് ബോർഡുകൾക്കു പുറമെ സെർവർ രഹസ്യങ്ങളും ചോർത്തിയിരുന്നു.
ഇന്ത്യയിൽ ഐഫോൺ 14 നിർമാണം നേരത്തെ തുടങ്ങും
പുതിയ ഐഫോണിന്റെ നിർമാണം ഇത്തവണ ഇന്ത്യയിൽ നേരത്തെ ആരംഭിക്കാനൊരുങ്ങി ആപ്പിൾ. ചൈനയിൽ നിർമിക്കുന്ന ഐഫോൺ 14 വിപണിയിലിറങ്ങി രണ്ടു മാസത്തിനകം ഇന്ത്യയിൽ നിർമാണം തുടങ്ങാനാണ് പദ്ധതി. നേരത്തെ ഐഫോണുകൾ പുറത്തിറക്കിയപ്പോൾ അതിന്റെ ഇന്ത്യയിലെ ഉൽപാദനം തുടങ്ങാൻ അഞ്ചെട്ട് മാസം സമയമെടുത്തിരുന്നു. ഈ ഇടവേള കുറയ്ക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽനിന്നുള്ള ആദ്യ ഐഫോൺ 14 എസ് അടുത്ത ഒക്‌ടോബറിലോ നവംബറിലോ പൂർത്തിയാകുമെന്നാണ് കുരുതുന്നത്.
കോൺഗ്രസ് യുട്യൂബ് ചാനൽ അപ്രത്യക്ഷമായി
കോൺഗ്രസിന്റെ ഔദ്യോഗിക യുട്യൂബ് ചാനൽ അപ്രത്യക്ഷമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേരിലുള്ള ചാനൽ ഡിലീറ്റ് ചെയ്യപ്പെട്ടതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഗൂഗിൾ, യുട്യൂബ് പ്രതിനിധികളുമായി ചർച്ച നടത്തിവരികയാണെന്നും പരിഹാരമുണ്ടാകുമെന്നും പാർട്ടി അറിയിച്ചു.
സാങ്കേതിക പ്രശ്‌നങ്ങളാണോ അട്ടിമറിയാണോ ചാനൽ ഡിലീറ്റാകാൻ കാരണമെന്നതിനെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.
37.5 ദശലക്ഷം ഡോളർ നൽകി കേസ് തീർക്കുന്നു
ഉപയോക്താക്കളുടെ ലൊക്കേഷനും നീക്കങ്ങളും അവരുടെ അനുമതിയില്ലാതെ ട്രാക്ക് ചെയ്തുവെന്ന കേസ് 37.5 ദശലക്ഷം ഡോളർ നൽകി ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ അവസാനിപ്പിക്കുന്നു. ഫേസ്ബുക്ക് സ്വന്തം പ്രൈവസി നയവും സ്വകാര്യത സംബന്ധിച്ച കാലിഫോർണിയ നയവും ലംഘിച്ചുവെന്നാണ് ആരോപണം. ലൊക്കേഷൻ സേവനം ഓഫ് ചെയ്ത ഉപയോക്താക്കളുടെ നീക്കവും ചോർത്തിയതാണ് കേസിനാധാരം. 2015 ജനുവരി 30 ന് ശേഷം ഫേസ്ബുക്ക് ഉപയോഗിച്ച യു.എസിലെ ഉപയോക്താക്കളാണ് നഷ്ടപരിഹാര തീർപ്പിൽ ഉൾപ്പെടുക.






