ഫെയ്‌സ്ബുക്ക് ഫീഡുകളിൽ  നിറഞ്ഞത് സെലിബ്രിറ്റി സ്പാം 

  •  പ്രശ്‌നം രണ്ട് മണിക്കൂർ നീണ്ടു, വേഗം പരിഹരിച്ചതായി മെറ്റ 

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പോസ്റ്റുകൾ പ്രതീക്ഷിച്ച് ഇന്നലെ രാവിലെ ഫേസ്ബുക്ക് തുറന്നവർക്ക് കാണാനായത് സെലിബ്രിറ്റി അക്കൗണ്ടുകളിൽനിന്നുള്ള തുടർച്ചയായ പോസ്റ്റുകൾ. ലോകമെമ്പാടും ഫേസ്ബുക്ക് ഫീഡുകളിൽ സെലിബ്രിറ്റി സ്പാമുകൾ നിറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  ആയിരക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കൾ തങ്ങളുടെ വാർത്ത ഫീഡുകളിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു മണിക്കൂറിലേറെ പ്രശ്‌നങ്ങൾ നേരിട്ടതായി 
ഉപയോക്താക്കൾ സൈറ്റുകളുടെ സ്തംഭനം   ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്ടറിൽ റിപ്പോർട്ട് ചെയ്തു. 
ഫേസ്ബുക്കിനെ പരിഹസിക്കുന്ന മീമുകളുമായാണ് പലരും പ്രശ്‌നത്തോട് പ്രതികരിച്ചത്.
അതേസമയം, ഉപയോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ച ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ പ്രശ്‌നം വളരെ വേഗം പരിഹരിച്ചതായി അറിയിച്ചു.
കോൺഫിഗറേഷൻ മാറ്റമാണ് ചില ഉപയോക്താക്കൾക്ക്  ന്യൂസ് ഫീഡിൽ പ്രശ്‌നമുണ്ടാക്കിയതെന്നും പ്രശ്‌നങ്ങൾ വളരെ വേഗം പരിഹരിച്ചുവെന്നും മെറ്റ വക്താവ് പറഞ്ഞു. 
മൊബൈലിലും ഡെസ്‌ക്‌ടോപ്പിലും ഫേസ്ബുക്ക് തുറക്കുന്ന ഉപയോക്താക്കൾക്ക് സെലിബ്രിറ്റി പേജുകളിൽനിന്നും ഗ്രൂപ്പുകളിൽനിന്നുള്ള പോസ്റ്റുകളാണ് ലഭിച്ചത്.  
ഫേസ്ബുക്കിന്റെ  പിശകിനെ കളിയാക്കാൻ ചിലർ കിം കർദാഷിയാൻ, റോളിംഗ് സ്‌റ്റോൺസ്, ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയ ജനപ്രിയ ഫേസ്ബുക്ക് ഫാൻ പേജുകളിൽ മീമുകൾ പോസ്റ്റ് ചെയ്തു. മറ്റുള്ളവർ ഗോഫണ്ട്മി,  പേപാൽ ധനസമാഹരണക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ അവസരം ഉപയോഗിച്ചു.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കം കാണാതായതോടെ  ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന സംശയത്തിനും കാരണമായിരുന്നു.  
കഴിഞ്ഞ ഒക്ടോബറിൽ വാട്ട്‌സ്ആപ്പും മെറ്റയുടെ കീഴിലുള്ള മറ്റു ആപ്പുകളും ആറ് മണിക്കൂർ സ്തംഭിച്ചത് ഫേസ്ബുക്കിലെ പ്രശ്‌നങ്ങളും തകരാറുകളും ഏതു സമയത്തും പ്രതീക്ഷിക്കണമെന്ന ധാരണ ഉപയോക്താക്കളിൽ ഉണ്ടാക്കിയിരുന്നു. 

Latest News