മന്ത്രിയോട് ഫോണില്‍  കയര്‍ത്ത  സി.ഐയെ സ്ഥലംമാറ്റി 

തിരുവനന്തപുരം- ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍കുമാറിനോട് കയര്‍ത്ത് സംസാരിച്ച സി.ഐയെ സ്ഥലംമാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനെ വിജിലന്‍സിലേക്കാണ് സ്ഥലംമാറ്റിയത്. സംഭവത്തില്‍ മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. മന്ത്രി നേരിട്ടും ഡിജിപിയെ വിളിച്ച് അതൃപ്തി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിഐയെ സ്ഥലംമാറ്റിയുള്ള ഉത്തരവ് പുറത്തിറക്കിയത്. മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് വട്ടപ്പാറ സിഐയുടെ സ്ഥലംമാറ്റ ഉത്തരവ് കൂടി ഡിജിപി ചൊവ്വാഴ്ച പുറത്തിറക്കിയത്.
മന്ത്രിയുടെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പീഡന പരാതിയുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. രണ്ടാം ഭര്‍ത്താവ് തന്നേയും കുട്ടിയേയും നിരന്തരം ഉപദ്രവിക്കുന്നുവെന്നതായിരുന്നു സ്ത്രീയുടെ പരാതി. ഇതില്‍ ഇടപെടണമെന്ന് സ്ത്രീ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വട്ടപ്പാറ സിഐയെ വിളിച്ചത്.
ന്യായം നോക്കി കാര്യങ്ങള്‍ ചെയ്യാമെന്നാണ് സിഐ മന്ത്രിയോട് മറുപടി പറഞ്ഞത്. സാറല്ല ആരു വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് സി.ഐ പറഞ്ഞു. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരികയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിക്കുന്നുണ്ട്. തുടര്‍ന്നാണ് അങ്ങനെയൊന്നും പറ്റില്ലെന്നും ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും ന്യായം നോക്കിയേ ഇടപെടുകയുള്ളൂവെന്നും പോലീസുകാരന്‍ പറഞ്ഞത്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇതിനുപിന്നാലെ മന്ത്രി സിഐയോട് ക്ഷോഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സംഭാഷണം വാക്കുതര്‍ക്കത്തിലേക്ക് വഴിമാറി. സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമാവുകയായിരുന്നു.
 

Latest News