മെറില്‍വില്ലെ,യു.എസ്- അമേരിക്കയില്‍ മൂന്ന് വയസ്സുകാരി അബദ്ധത്തില്‍ മാതാവിനുനേരെ നിറയൊഴിച്ച സംഭവത്തില്‍ പിതാവിനെ ജയിലിലടച്ചു.
ഇന്ത്യാന സ്റ്റേറ്റിലാണ് സംഭവം. കാറില്‍ വിശ്രമിക്കുകയായിരുന്ന ഗര്‍ഭിണിയായ അമ്മയ്ക്കുനേരെയാണ് മൂന്നു വയസ്സായ മകള്‍ നിറയൊഴിച്ചത്. കാറില്‍ അശ്രദ്ധമായി തോക്ക് വെച്ച് പുറത്തിറങ്ങിയ മിഷിഗണ്‍ സിറ്റിയിലെ മെന്‍സോ ബ്രസിയറാണ് അറസ്റ്റിലായത്.
കുറ്റകരമായ അശ്രദ്ധ ചുമത്തിയാണ് ഇയാളെ ക്രൗണ്‍ പോയിന്റിലെ ലേക്ക് കൗണ്ടി ജയിലിലടച്ചത്. മെന്‍സോ ഷോപ്പിംഗ് സെന്ററിലേക്ക് പോയപ്പോഴാണ് കാറിലുണ്ടായിരുന്ന മകള്‍ തോക്കെടുത്ത് നിറയൊഴിച്ചതെന്ന് ഏഴ് മാസം ഗര്‍ഭിണിയായ ഷാനിഖ് തോസ് പോലീസിനോട് പറഞ്ഞു.
നെഞ്ചില്‍ വലതുവശത്ത് വെടിയേറ്റ ഷാനിഖിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തിട്ടില്ല.
മൂന്ന് വയസ്സുകാരിയും കാറിലുണ്ടായിരുന്ന ഒരു വയസ്സുകാരനും പോലീസ് സംരക്ഷണത്തിലാണ്.