ലിംഗസമത്വം പെട്ടെന്ന് നടപ്പാക്കുന്നതിന് അനുയോജ്യമായ സാമൂഹ്യ അന്തരീക്ഷം വിദ്യാലയങ്ങളിൽ നിലനിൽക്കുന്നുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ വിദ്യാലയങ്ങളിൽ ഇപ്പോൾ തന്നെ വിദ്യാർഥിനികൾ എത്ര മാത്രം ലൈംഗികമായി സുരക്ഷിതരാണ് എന്ന് തിരിച്ചറിയണം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ക്രൈം പട്ടികയിൽ കൗമാരക്കാരായ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. അധ്യാപകർ വരെ പീഡകരായി മാറുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇത്തരത്തിൽ അരക്ഷിതമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന വിദ്യാലയങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരിക്കണമെന്ന് നിർദേശിക്കുമ്പോൾ ഉയർന്നു വരാവുന്ന ആശങ്കളെ പരിഗണിക്കേണ്ടതുണ്ട്. വിദ്യാർഥിനികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്.
ലിംഗ സമത്വത്തെ കുറിച്ചുള്ള ചർച്ചകൾ മലയാളിക്ക് പുത്തരിയല്ല. സാമൂഹികമായ അവകാശങ്ങളുടെ കാര്യത്തിൽ സ്ത്രീക്കും പുരുഷനും തമ്മിലുള്ള അകലം കുറക്കുന്നത് സംബന്ധിച്ച് കേരളത്തിന്റെ നവോത്ഥാന ചർച്ചകൾ എക്കാലത്തും സജീവമാക്കിയിട്ടുണ്ട്. സ്ത്രീക്ക് പുരുഷനൊപ്പം സ്വാതന്ത്ര്യവും സാമൂഹികാംഗീകാരവും ലഭിക്കണമെന്ന ആവശ്യം സ്ത്രീപക്ഷ സംഘടനകളും വാദികളും എന്നും ഉയർത്തുന്നതാണ്. രാത്രികാലങ്ങളിൽ പുരുഷനെന്ന പോലെ സ്ത്രീക്കും നിരത്തുകളിലൂടെ നടക്കാൻ സ്വാതന്ത്ര്യം വേണമെന്ന മുറവിളിയും ഇതിന്റെ ഭാഗമായി നടന്ന സ്ത്രീകളുടെ രാത്രി നടത്തവുമെല്ലാം കേരളം കണ്ടതാണ്. പുരുഷൻ ചെയ്യുന്നതെല്ലാം സ്ത്രീകൾ ചെയ്യണമെന്നതല്ല സ്ത്രീ സ്വാതന്ത്ര്യ വാദത്തിന്റെ അർഥമെന്നും സ്ത്രീകൾക്ക് വ്യക്തി എന്ന നിലയിലുള്ള അംഗീകാരവും സ്വാതന്ത്ര്യവും ലഭിക്കണമെന്നതാണെന്ന വിശദീകരണങ്ങളും ഉയർന്നിരുന്നു. ഇത്തരത്തിൽ വിവിധ മേഖലകളിൽ ഈ വിഷയം സംബന്ധിച്ച ചർച്ചകൾ ഇടക്കിടെ നടക്കുകയും എന്നാൽ പരിഹാരം ഇനിയും എത്തിയിട്ടില്ലെന്ന പൊതുബോധം നിലനിൽക്കുന്നതിനുമിടയിലാണ് ജെൻഡർ ന്യൂട്രാലിറ്റി എന്ന പ്രമേയവുമായി സംസ്ഥാന സർക്കാർ സ്കൂളുകളിൽ പരിഷ്കാരം നടപ്പാക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്. ഇതും എപ്പോഴുമെന്നതു പോലെ നാട്ടിൽ ചർച്ചയും വിവാദവുമായി മാറിയിരിക്കുന്നു.
സമൂഹത്തെ മാറ്റിയെടുക്കാൻ നല്ലത് ചെറുപ്പക്കാരെ മാറ്റിയെടുക്കലാണെന്നതാണ് തത്വം. ഇത് തിരിച്ചറിഞ്ഞാണ് മാറ്റത്തിനുള്ള ചുവടുവെപ്പ് വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ തുടങ്ങി വെച്ചിരിക്കുന്നത്. വിദ്യാർഥിനികൾക്കും ആൺകുട്ടികളെ പോലെ പാന്റും ഷർട്ടുമിട്ട് പഠിക്കാൻ പോകാമെന്നായിരുന്നു ആദ്യത്തെ ചുവട്. അതു സംബന്ധിച്ച് മാസങ്ങൾക്ക് മുമ്പ് ചർച്ചകൾ ഏറെ നടന്നിരുന്നു. പാന്റും ഷർട്ടുമിടാൻ ഇഷ്ടമുള്ള കുട്ടികൾ അത് ധരിക്കുകയും അല്ലാത്തവർ ചുരിദാർ ഇടുകയും ചെയ്യുന്നത് തന്നെയാണ് ഈ മാറ്റത്തിന് ശേഷവുമുള്ള കാഴ്ച. വസ്ത്രമാറ്റ വിഷയം ഏറെക്കുറെ ചർച്ചയിൽ നിന്ന് മറഞ്ഞപ്പോഴാണ്, ആൺകുട്ടികളും പെൺകുട്ടികളും ക്ലാസുകളിൽ ഇടകലർന്ന് ഇരിക്കാവുന്നതാണെന്ന പുതിയ നിർദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വെച്ചിരിക്കുന്നത്. പുതിയ നിർദേശവും ചൂടേറിയ ചർച്ചകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
സാമൂഹിക മാറ്റം സംബന്ധിച്ച ചർച്ചകൾ ആദ്യം ഉയരുന്നത് രാഷ്ട്രീയ രംഗത്താണല്ലോ. പാശ്ചാത്യ നാടുകളിൽ ഉള്ളതു പോലെ, കേരളത്തിൽ സാമൂഹിക വിഷയങ്ങൾ മാത്രം ചർച്ച ചെയ്യാനും ഇടപെടാനുമുള്ള സംഘടനകൾ കേരളത്തിൽ ഇല്ല. അല്ലെങ്കിൽ, മറ്റെല്ലാ ഉത്തരവാദിത്തങ്ങളുമെന്നതു പോലെ സാമൂഹിക പ്രശ്നങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നത് നമ്മുടെ രാഷ്ട്രീയ പാർട്ടികൾ മാത്രമാണ്. സാമൂഹിക നീതിയെ കുറിച്ച് മാത്രം സംസാരിക്കുന്ന സംഘടനകൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വാലുകളോ അല്ലെങ്കിൽ ദുർബലരോ ആണെന്നതും കേരളത്തിന്റെ സംഘടന സംവിധാനങ്ങളുടെ പ്രത്യേകതയാണ്.
ലിംഗ സമത്വം സ്കൂളുകളിലൂടെ എന്ന ഇടതു സർക്കാരിന്റെ മുദ്രാവാക്യം ഏറെയും അലോസരപ്പെടുത്തിയിട്ടുള്ളത് മലബാറിലെ വിദ്യാലയങ്ങളെയും മാനേജ്മെന്റുകളെയുമാണ്. ഇത് തിരിച്ചറിഞ്ഞാണ് മുസ്ലിം ലീഗ് ഈ വിഷയത്തിൽ കടുത്ത നിലപാടുമായി രംഗത്ത് വന്നത്. മലബാറിലെ മുസ്ലിം മാനേജ്മെന്റുകൾ നടത്തുന്ന ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതപരമായ നിഷ്കർഷയുടെ പേരിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ പെരുമാറ്റച്ചട്ടം പ്രഖ്യാപിച്ചിട്ടുള്ളവയാണ്. ആൺകുട്ടികൾക്ക് പാന്റും ഷർട്ടും അനുവദിക്കുമ്പോൾ പെൺകുട്ടികൾക്ക് ശിരോവസ്ത്രമുൾപ്പെടെ ശരീരം പൂർണമായും മറയുന്ന വസ്ത്രം വേണമെന്ന നിബന്ധനകളുണ്ട്. പെൺകുട്ടികളുടെ സുരക്ഷ മുൻനിർത്തിയുള്ളതാണ് ഈ ചട്ടം. മിക്സഡ് വിദ്യാലയങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടപഴകുന്നതിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ട്.
മലബാറിൽ നിരവധിയായുള്ള പെൺകുട്ടികൾക്ക് മാത്രമായുള്ള വിദ്യാലയങ്ങളിൽ ഈ പ്രശ്നം ഉയരുന്നില്ല. സർക്കാർ വിദ്യാലയങ്ങളിലാകട്ടെ, പുതിയ നിർദേശം രക്ഷിതാക്കളുടെ കൂടി അനുവാദത്തിന്റെയും ആശങ്കളുടെയും കൂടി പ്രശ്നമാണ്. ഏറെ കാലമായി തുടരുന്ന ഒരു വ്യവസ്ഥ പെട്ടെന്ന് മാറ്റണമെന്ന് ആവശ്യപ്പെടുമ്പോൾ പൊതുസമൂഹത്തിൽ നിന്ന് പൂർണ പിന്തുണ ലഭിക്കണമെന്നില്ല.
ലിംഗസമത്വം പെട്ടെന്ന് നടപ്പാക്കുന്നതിന് അനുയോജ്യമായ സാമൂഹ്യ അന്തരീക്ഷം വിദ്യാലയങ്ങളിൽ നിലനിൽക്കുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. നമ്മുടെ വിദ്യാലയങ്ങളിൽ ഇപ്പോൾ തന്നെ വിദ്യാർഥിനികൾ എത്രമാത്രം ലൈംഗികമായി സുരക്ഷിതരാണ് എന്ന് തിരിച്ചറിയണം. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ക്രൈം പട്ടികയിൽ കൗമാരക്കാരായ പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. അധ്യാപകർ വരെ പീഡകരായി മാറുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ഇത്തരത്തിൽ അരക്ഷിതമായ അന്തരീക്ഷം നിലനിൽക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന വിദ്യാലയങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരിക്കണമെന്ന് നിർദേശിക്കുമ്പോൾ ഉയർന്നു വരാവുന്ന ആശങ്കകളെ പരിഗണിക്കേണ്ടതുണ്ട്. വിദ്യാർഥിനികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളാണ് ആദ്യം പരിഹരിക്കപ്പെടേണ്ടത്.
ഇതുസംബന്ധിച്ച ആശങ്കകൾ പ്രധാനമായും പെൺകുട്ടികളുടെ രക്ഷിതാക്കളുടേതാണ്. സ്വന്തം പെൺമക്കളുടെ സുരക്ഷ അപകടത്തിലാകുമോ എന്നാണ് ഇത്തരം മാറ്റങ്ങൾ വരുമ്പോൾ രക്ഷിതാക്കൾ ഭയപ്പെടുന്നത്. അഭിമാനം നഷ്ടപ്പെടാനുള്ളത് പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും മാത്രമാണെന്ന പൊതുധാരണയാണല്ലോ സമൂഹത്തിലുള്ളത്. ഈ ധാരണ മാറ്റിയെടുക്കൽ എളുപ്പവുമല്ല.
സർക്കാരിന്റെ പുതിയ നിർദേശത്തെ വിദ്യാർഥികൾ എങ്ങനെ നോക്കിക്കാണുന്നുവെന്നതും പ്രധാനമാണ്. ആൺകുട്ടികൾക്ക് ഇക്കാര്യത്തിൽ എതിർപ്പിന് സാധ്യതയില്ലായിരിക്കാം. എന്നാൽ പെൺകുട്ടികളുടെ മുഖത്ത് നോക്കി സംസാരിക്കുവാൻ പോലും ധൈര്യമില്ലാത്തവരോ മടിയുള്ളവരോ ആയ നിരവധി ആൺകുട്ടികളും വിദ്യാലയങ്ങളിലുണ്ട്. പെൺകുട്ടികളിൽ വലിയൊരു വിഭാഗത്തിൽ ഈ മാറ്റം ഉൾക്കൊള്ളാൻ കഴിയാത്തതാണ്. രക്ഷിതാക്കളും കുടുംബവും കാണിച്ചു കൊടുക്കുന്ന മാതൃകകളെ പൊളിച്ചെഴുതിയുള്ള വിപ്ലവമൊന്നും മഹാഭൂരിപക്ഷം വിദ്യാർഥിനികളിൽ നിന്നും പ്രതീക്ഷിക്കാനാകില്ല.
സാമൂഹിക മാറ്റം ലോകത്തെവിടെയും സർക്കാർ പ്രഖ്യാപനത്തിലൂടെ ഉണ്ടായവയല്ല. അത് ജനങ്ങളുടെ മാറിവരുന്ന ചിന്തകളുടെയും സാഹചര്യങ്ങളുടെയും ഫലമായി സ്വാഭാവികമായി ഉടലെടുക്കുന്നവയാണ്. കേരളത്തിലെ കോളേജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള സൗഹാർദം മുമ്പുണ്ടായിരുന്നതു പോലെയല്ല. പെൺകുട്ടികൾ കൗമാരത്തിലൂടെ കടന്നു പോകുമ്പോൾ സ്വയം സുരക്ഷയെ കുറിച്ച് കൂടുതൽ ബോധമുള്ളവരായി മാറുകയും പൊതുസമൂഹത്തിൽ ഇടപഴകുന്നതിൽ കൂടുതൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നവരായി മാറിയിട്ടുണ്ട്. മലബാറിന്റെ പരമ്പരാഗത കേന്ദ്രങ്ങളിൽ പോലും ഈ മാറ്റം പ്രകടമാണ്. സൗഹാർദങ്ങൾക്ക് കൂടുതൽ സുതാര്യതയും പരസ്പര ബഹുമാനവും ഉടലെടുത്തിട്ടുണ്ട്. ഈ മാറ്റം സ്വാഭാവികമായി ഉണ്ടായതാണ്. വസ്ത്രമെന്നത് ശരീരം മറക്കുന്നതിനും ആത്മവിശ്വാസം നിലനിർത്തുന്നതിമുള്ള ഉപാധിയാണെന്നിരിക്കേ, അത് സ്വന്തം ഇഷ്ടത്തിന് ധരിക്കാൻ വ്യക്തികളെ തുറന്നു വിടുന്നതായിരിക്കും ഉചിതം. ജീൻസും ടീഷർട്ടുമിട്ട് അതിന് മുകളിൽ പർദധ ധരിക്കുന്നവർ ആ വേഷത്തിൽ സുരക്ഷയും ആത്മവിശ്വാസവും കാണുന്നുണ്ടായിരിക്കാം. വേഷവിധാനത്തിൽ മാറ്റം ആവശ്യമുള്ളവർ ഒരു കാലത്തും സർക്കാർ ഉത്തരവിനായി കാത്തു നിന്നിട്ടുമില്ല.