Sorry, you need to enable JavaScript to visit this website.

അമേരിക്കയിലെ പള്ളികൾ

അറ്റ്‍ലാന്റയിലെ അൽഫാറൂഖ് മസ്ജിദിനു മുൻവശം ലേഖകന്റെ പത്നി ജമീലയും മകൻ മസൂദ് അഹമ്മദും കുടുംബവും
അന്നൂർ ഇസ്‌ലാമിക് സെന്റർ (വിൻസ്റ്റൻ സേലം, നോർത്ത് കരോലിന)
അയോവ സിറ്റിയിലെ മസ്ജിദ് ഈമാന്റെ അകം
ഇസ്‌ലാമിക് സെന്റർ ഓഫ് ലിറ്റിൽ റോക്ക് (അർക്കൻസ സ്‌റ്റേറ്റ് )
മസ്ജിദ് ഇബ്രാഹിം (കിംഗ്മാൻ, അരിസോണ)
ഇസ്‌ലാമിക് സെന്റർ ഓഫ് നാഷ് വിൽ (ടെന്നസ്സി സ്‌റ്റേറ്റ് )
സൗത്ത് വാലി ഇസ്‌ലാമിക് സെന്റർ (മോർഗൻ ഹിൽസ്, കലിഫോർണിയ)

അമേരിക്കയിൽ  ഇസ്‌ലാം മതവിശ്വാസികൾക്ക് ആചാരാനുഷ്ഠാനങ്ങൾ പൂർണ സ്വാതന്ത്ര്യത്തോടെ നിർവഹിക്കാൻ സൗകര്യമുണ്ട്. കൂടുതൽ പേർ എത്തിച്ചേർന്നതോടെ ഇസ്‌ലാമിക് സെന്ററുകളിൽ സൗകര്യങ്ങൾ വർധിപ്പിച്ചു വരികയാണ്. 
അമേരിക്കയിലെ പ്രധാന പള്ളികളുടെ പട്ടിക തുടരുന്നു. 

ഇസ്‌ലാമിക്  സെന്റർ ഓഫ് ലിറ്റിൽ റോക്ക്  (അർക്കൻസ സ്റ്റേറ്റ്)

അർക്കൻസ സംസ്ഥാനത്ത് ലിറ്റിൽ റോക്ക് എന്ന സ്ഥലത്ത് താമസിച്ചിരുന്ന മുസ്‌ലിംകൾ എണ്ണത്തിൽ കുറവായിരുന്നെങ്കിലും പരസ്പരം ബന്ധപ്പെട്ട് ജീവിച്ചു വന്നു. 1984 ൽ മുസ്‌ലിം അസോസിയേഷൻ ഓഫ് അർക്കൻസ എന്ന പേരിൽ ഒരു സംഘടന ഉണ്ടാക്കി. ഖുർആൻ പഠനവും സൺഡേ ക്ലാസും ആരുടെയെങ്കിലും വീട്ടിൽ വെച്ച് നടത്തുന്നതായിരുന്നു പതിവ്. 1980 കളുടെ അവസാനത്തിൽ ലിറ്റിൽ റോക്കിലെ യൂനിവേഴ്‌സിറ്റി ഓഫ് അർക്കൻസയിൽ കംപ്യൂട്ടർ സയൻസ് കോഴ്‌സ് ആരംഭിച്ചപ്പോൾ സൗദി അറേബ്യയിൽ നിന്നും മറ്റു മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുമായി നൂറോളം വിദ്യാർത്ഥികൾ പഠിക്കാനെത്തി. അംഗസംഖ്യ കൂടിയപ്പോൾ അത് വരെ ഉണ്ടായിരുന്ന സൗകര്യങ്ങൾ പോരാതെ വന്നു. വിദ്യാർത്ഥികളുടെ അഭ്യർത്ഥന മാനിച്ച് ബെയസ്‌മെന്റിലെ രണ്ട് മുറികൾ ആരാധന ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ യൂനിവേഴ്‌സിറ്റി അനുവാദം കൊടുത്തു. 
മുസ്‌ലിം  അസോസിയേഷൻ ഓഫ് അർക്കൻസ എന്ന സംഘടനക്ക് പകരം ഇസ്‌ലാമിക്  സെന്റർ ഓഫ് ലിറ്റിൽ റോക്ക് നിലവിൽ വന്നു. പള്ളി നിർമാണത്തിനും മറ്റു പ്രവർത്തനങ്ങൾക്കുമായി മെമ്പർഷിപ്പ് പിരിവും ഫണ്ട് പിരിവും ആരംഭിച്ചു. 1992 ൽ യൂനിവേഴ്‌സിറ്റിക്ക് അടുത്തുള്ള ഒരു വീട് വാങ്ങി പള്ളിയായി ഉപയോഗിച്ചു തുടങ്ങി. അടുത്ത് കിടന്ന മറ്റു രണ്ട് വീടുകളും കൂടി വാങ്ങി മൂന്നും പൊളിച്ചു പുതുതായി നിർമിച്ചത്  1996 ൽ ഉദ്ഘാടനം ചെയ്തു.

അൽഫാറൂഖ് മസ്ജിദ്  (അറ്റ്‌ലാന്റ, ജോർജിയ )

അറ്റ്‌ലാന്റ നഗരത്തിലെ അൽഫാറൂഖ് മസ്ജിദിന്റെ ഉയർന്നു നിൽക്കുന്ന മിനാരം വളരെ ദൂരെ നിന്ന് തന്നെ കാണാം. 1980 ൽ അറ്റ്‌ലാന്റ  മോസ്‌ക് എന്ന പേരിൽ ആരംഭിച്ച ഈ പളളിയുടെ പേര് അൽഫാറൂഖ് മസ്ജിദ് എന്നാക്കി മാറ്റി. പള്ളി നേതൃത്വത്തിൽ കിന്റർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയുളള സ്‌കൂൾ തുടങ്ങുന്നത് 1990 ൽ ആണ്. സാധാരണ വിഷയങ്ങൾക്ക് പുറമെ അറബിയും വിശ്വാസ കാര്യങ്ങളും പഠിപ്പിക്കുന്നു. ഖുർആൻ മനഃപാഠമാക്കുന്നതിനായി താമസിച്ച് പഠിക്കാൻ ആവശ്യമായ ഹോസ്റ്റലോടു കൂടിയ ദാറുൽ ഉലൂം ഹിഫ്ദ് സ്‌കൂൾ 1994 ൽ ആരംഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് തീർക്കാവുന്ന ഷോർട്ട് ടേം കോഴ്‌സും ലോംഗ് ടേം കോഴ്‌സുകളും നടത്തുന്നു. മസ്ജിദിന്റെ ഉടമസ്ഥതയിൽ അഞ്ച് ഏക്കർ വിസ്തീർണമുളള ഒരു ഖബർസ്ഥാനുമുണ്ട്.

മസ്ജിദ് ഇബ്രാഹിം (കിംഗ്മാൻ, അരിസോണ)
    
ലാസ് വെഗാസിൽ നിന്ന് ഗ്രാൻഡ് കാന്യൻ ലേക്ക് യാത്ര ചെയ്യുന്ന ടൂറിസ്റ്റ്കൾക്ക് വളരെ ഉപകാരപ്രദമാണ് അരിസോണയിലെ കിംഗ്മാൻ എന്ന ചെറിയ പട്ടണത്തിലെ മസ്ജിദ് ഇബ്രാഹിം. ജുമുഅ നമസ്‌കാരം അവിടെ നിർവഹിക്കാമെന്ന് ഉദ്ദേശിച്ചാണ് ഞങ്ങളും പുറപ്പെട്ടത്. ആദ്യ കാല കുടിയേറ്റക്കാരായ മുസ്‌ലിം ഡോക്ടർമാരിൽ കിംഗ്മാനിൽ സ്ഥിരതാമസമാക്കിയ ചിലരും ചില കച്ചവടക്കാരും ചേർന്നാണ് ഈ പളളിയുടെ നടത്തിപ്പ്. ആരാധന കാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി ഒരു ഇമാമിനെ നിയമിച്ചിട്ടുണ്ട്. ഇമാമിനും കുടുംബത്തിനുമുളള താമസ സൗകര്യവും പളളിയോടനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന്നു.

സൗത്ത് വാലി ഇസ്‌ലാമിക് സെന്റർ
(മോർഗൻ ഹിൽസ്, കലിഫോർണിയ )

ലോസ്ആഞ്ചലസിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്കുളള യാത്ര സെൻട്രൽ വാലി എന്ന് വിളിക്കുന്ന കൃഷിയിടങ്ങളിൽ കൂടിയുളള ഹൈവേയിലായിരുന്നു. യാത്രാമധ്യേ അടുത്ത് ഏതെങ്കിലും പള്ളി ഉണ്ടോയെന്ന് സർച്ച് ചെയ്തു നോക്കിയപ്പോൾ അധികം ദൂരെയല്ലാതെ മോർഗൻ ഹിൽസിൽ സൗത്ത് വാലി ഇസ്‌ലാമിക് സെന്റർ ഉണ്ടെന്ന് മനസ്സിലായി. ഗൂഗിൾ സഹായത്തോടെ തന്നെ അവിടെ എത്തി. വിശാലമായ കുന്നിൻപുറം. കൃഷിയുമായി ബന്ധപ്പെട്ട  ആവശ്യങ്ങൾക്കുപയോഗിക്കുന്ന കറെ കെട്ടിടങ്ങൾ, കന്നുകാലി വളർത്തു കേന്ദ്രങ്ങൾ എന്നിവക്കിടയിൽ ഒരു ചെറുകെട്ടിടമാണ് പളളി. ആ പ്രദേശത്ത് ആരെയും കാണാനുമില്ല. അടുത്ത കോമ്പൗണ്ടിൽ കുറച്ചു ആടുകൾ മേയുന്നുണ്ട്. 
വുദു എടുക്കാൻ സൗകര്യം പിൻഭാഗത്തുണ്ടെന്ന് മുൻവാതിലിൽ നോട്ടീസ് പതിച്ചിട്ടുണ്ട്. ഒരു മേശക്കിരുവശത്തും ബെഞ്ചുകളിട്ട ഒരു വിശ്രമ സഥലത്തിനടുത്ത് തന്നെ ടോയ്‌ലറ്റ്. തൊട്ടടുത്ത് നമസ്‌കാര മുറി. വാതിൽ ചാരിയിട്ടുണ്ട്. പൂട്ടിയിട്ടില്ല. എല്ലാ സൗകര്യത്തോടും കൂടിയ നമസ്‌കാര മുറി. അധികം ദൂരെയല്ലാതെ താമസിക്കുന്ന കുറച്ചു കുടുംബങ്ങൾ ചേർന്നാണ് ഇതിന്റെ നടത്തിപ്പ്. കൂട്ടത്തിലുളള ഒരാളുടെ വകയായിരുന്നു ഈ കെട്ടിടം. എല്ലാ ദിവസവും ഇശാഅ് പ്രാർത്ഥന ജമാഅത്തായി നടത്തുന്നു. വെള്ളിയാഴ്ചകളിൽ ജുമുഅയുമുണ്ട്. ഞായറാഴ്ച കുട്ടികൾക്ക് ക്ലാസുണ്ട്. എല്ലാ ചൊവ്വാഴ്ചകളിലും ഇശാഅ്ക്ക് മുമ്പ് ഹദീസ് പഠനവും നടക്കുന്ന ഈ പള്ളി 1999 ലാണ് തുടങ്ങുന്നത്.

ഇസ്‌ലാമിക്  സെന്റർ ഓഫ് നാഷ് വിൽ 
(ടെന്നസി സ്‌റ്റേറ്റ്)

വാൻഡർബിൽറ്റ് യൂനിവേഴ്‌സിറ്റിയിൽ ആഫ്രോഹൗസ് എന്നറിയപ്പെട്ടിരുന്ന ബ്ലാക്ക് കൾച്ചറൽ സെന്ററിൽ നടന്നു വന്നിരുന്ന നമസ്‌കാരങ്ങളും മറ്റും അംഗസംഖ്യ കൂടിയപ്പോൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നു. അംഗങ്ങൾ സ്വരൂപിച്ച സംഖ്യക്ക് പുറമെ യൂസുഫ് ഇസ്‌ലാം (മുമ്പ് ക്യാറ്റ്  സ്റ്റീവൻസ് എന്ന് പേർ) എന്ന വിഖ്യാത സംഗീതജ്ഞൻ, സംഗീത നഗരിയായ നാഷ് വിലിൽ ഒരു പള്ളി പണിയുന്നതിനായി വലിയ ഒരു സംഖ്യ സംഭാവനയായി കൊടുത്തതും ചേർത്ത് 1979 ൽ ഒരു വീടും സ്ഥലവും വാങ്ങി.
1990 കളിലെ കുർദിഷ്, സോമാലിയൻ അഭയാർത്ഥികളുടെ വരവോടെ മുസ്‌ലിം  അംഗസംഖ്യ വീണ്ടും വളരെയധികം വർധിച്ചു. ഈ സാഹചര്യത്തിൽ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള ഒരു മുസ്‌ലിം കമ്യൂണിറ്റി കോംപ്ലക്‌സിനു രൂപം കൊടുക്കുകയും നഗരത്തിലെ ബെൽവ്യൂ പ്രദേശത്ത് പതിനൊന്നേക്കറോളം സ്ഥലം വാങ്ങുകയും ചെയ്തു. ഫുൾടൈം സ്‌കൂൾ, കമ്യൂണിറ്റി സെന്റർ, പള്ളി, വാരാന്ത്യ ഇസ്‌ലാമിക്  സ്‌കൂൾ, സാമൂഹിക സാംസ്‌കാരിക പരിപാടികൾക്കുളള സൗകര്യം എന്നിവ ഉണ്ടാക്കാനുളള ശ്രമം ആരംഭിക്കുകയും ചെയ്തു. പ്രീ കിന്റർഗാർട്ടൻ മുതൽ 12 ാം ക്ലാസ് വരെയുള്ള സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. പളളിയുടെ ഉദ്ഘാടനം 2019 ൽ നടന്നു.

ഇസ്‌ലാമിക് സെന്റർ ഓഫ് ടെന്നസ്സി
 (നാഷ് വിൽ, ടെന്നസ്സി)

2008 ലെ സാമ്പത്തിക മാന്ദ്യം കാരണം അടച്ചിട്ട പത്ത് പ്രദർശന ശാലകളടങ്ങുന്ന ഒരു മൾട്ടിപ്ലക്‌സ് തിയേറ്ററും അനുബന്ധ സ്ഥലവും വാങ്ങിയാണ് 2010 ൽ ഇസ്‌ലാമിക് സെന്റർ ഓഫ് ടെന്നസ്സി ആരംഭിക്കുന്നത്. 2013 ലെ ചെറിയ പെരുന്നാൾ നമസ്‌കാരത്തിനു ഈ പള്ളിയിൽ ആയിരുന്നു ഞങ്ങൾ കൂടിയത്. നമസ്‌കാരത്തിനു ശേഷം അറേബ്യൻ രീതിയിലുളള പ്രഭാത ഭക്ഷണം വിളമ്പി. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു കൂടുതലും. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞുകൊണ്ടുള്ള അവരുടെ വരവ് ഒരു പ്രത്യേക ദൃശ്യാനുഭവമായി.


(അവസാനിച്ചു) 

Latest News