യൂണിഫോം ധരിക്കാത്തതിന് പെണ്‍കുട്ടിയെ ജാതി വിളിച്ച് സ്‌കൂളില്‍നിന്ന് പുറത്താക്കി

ഭാദോഹി- യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ ദളിത് പെണ്‍കുട്ടിയെ ജാതീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും സ്‌കൂളില്‍നിന്ന് പുറത്താക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പുറമെനിന്ന് സ്‌കൂളിലെത്തിയ മുന്‍ ഗ്രാമത്തലവന്‍ മനോജ് കുമാര്‍ ദുബേ എന്നയാളാണ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.
സ്‌കൂളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ അധ്യാപകനോ അല്ലെങ്കിലും മുന്‍ ഗ്രാമത്തലവനെന്ന നലിയില്‍ ഇയാള്‍
എല്ലാ  ദിവസവും സ്‌കൂളിലെത്തി അധ്യാപകരോടും കുട്ടികളോടും മോശമായി പെരുമാറുക പതിവാണെന്ന്  പോലീസ് പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചൗരി എന്ന പെണ്‍കുട്ടിയെ യൂണിഫോം ധരിക്കാത്തതിനെ ചൊല്ലി ദുബെ ചോദ്യം ചെയ്തിരുന്നുവെന്ന് പാലീസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് ഗിരിജ ശങ്കര്‍ യാദവ് പറഞ്ഞു.
യൂണിഫോം വാങ്ങിയിട്ടില്ലെന്നും പിതാവ്  വാങ്ങിയാല്‍ ധരിക്കാമെന്നുമാണ് പെണ്‍കുട്ടി മറുപടി നല്‍കിയത്.  
എന്നാല്‍ ഇതു കണക്കിലെടുക്കാതെ ദുബെ  പെണ്‍കുട്ടിയെ മര്‍ദിക്കുകയും ജാതി അധിക്ഷേപം നടത്തുകയും സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രതിക്കെതിരെ ആക്രമണത്തിനും ഭീഷണിപ്പെടുത്തിയതിനും പട്ടികജാതി, വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും കേസെടുത്തതായി യാദവ് പറഞ്ഞു.
പ്രതിയെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest News