ദോഹയിലേക്ക് ആറു പുതിയ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

ദോഹ- ഒക്ടോബര്‍ 30 മുതല്‍ ദോഹയിലേക്ക് ആറു പുതിയ സര്‍വീസുകള്‍ ആരംഭിക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ദോഹ-മുംബൈ-ദോഹ റൂട്ടിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഈ റൂട്ടില്‍ നടത്തുക.
ഒക്ടോബര്‍ 30ന് ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12:45ന് പുറപ്പെട്ട് ഇന്ത്യന്‍ പ്രാദേശിക സമയം വൈകുന്നേരം 6:45ന് മുംബൈയില്‍ ലാന്‍ഡ് ചെയ്യും. ടിക്കറ്റ് വില 920 റിയാലാണ് .
നിലവില്‍ 2023 മാര്‍ച്ച് 19 വരെ ബുക്കിംഗ് ലഭ്യമാണെന്ന് എയര്‍ലൈനിന്റെ വെബ്‌സൈറ്റ് കാണിക്കുന്നു.
ലഭ്യമായ സ്ലോട്ടുകള്‍ അനുസരിച്ച് ഇന്ത്യക്കും ഖത്തറിനുമിടയില്‍, ദല്‍ഹി, മുംബൈ, ദോഹ എന്നിവിടങ്ങളില്‍ ആറ് പ്രതിവാര ഫ്‌ളൈറ്റുകള്‍ ചേര്‍ക്കാന്‍ എയര്‍ലൈന്‍ പദ്ധതിയിടുന്നു. കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ദുബായിലേക്ക് ആഴ്ചയില്‍ നാല് ഫ്‌ളൈറ്റുകള്‍ ചേര്‍ക്കാനും പദ്ധതിയിടുന്നു.
നവംബറില്‍ ഫിഫ ലോകകപ്പ് നടക്കുന്നതിനാല്‍ ദുബായിലേക്കും ഖത്തറിലേക്കും ഉയര്‍ന്ന യാത്രക്കാരുടെ തിരക്ക് പ്രയോജനപ്പെടുത്താനാണ് എയര്‍ ഇന്ത്യയുടെ ശ്രമം.

 

Latest News