കേരളത്തിൽ ഇപ്പോഴുയരുന്ന ചർച്ചകളിൽ ഇത്തരം വിഷയങ്ങൾ കൂടി ഉന്നയിക്കപ്പടുന്നത് ആരോഗ്യകരമായ ഒരു അന്തരീക്ഷം രൂപപ്പെടുന്നതിനു സഹായിക്കുമെന്നുറപ്പാണ്. കാരണം ആരോഗ്യകരമായ സ്ത്രീ - പുരുഷ ബന്ധങ്ങളിൽ വളരെ പിറകിലാണല്ലോ ഇന്നു കേരളം. ലിംഗനീതിക്കും സ്ത്രീപീഡനത്തിനുമെതിരായ പോരാട്ടങ്ങളുടെ അജണ്ടയിൽ ഇത്തരം വിഷയങ്ങൾ കൂടി കടന്നു വരുന്നത് ഈയവസ്ഥയെ മാറ്റിത്തീർക്കുന്നതിനു സഹായകമായിരിക്കും.
വടക്കേ ഇന്ത്യയിൽ നിന്നു പലപ്പോഴും കേൾക്കുന്ന കോടതി വിധികളും പരാമർശങ്ങളുമൊക്കെ കേട്ട് നമ്മളിപ്പോൾ ജീവിക്കുന്നത് ഈ നൂറ്റാണ്ടിലാണോ എന്ന് അത്ഭുതപ്പെടാറുണ്ട്. എന്നാൽ കോഴിക്കോട്ട് നിന്ന് അത്തരമൊരു കോടതിവിധി കേട്ടുള്ള ഞെട്ടലിൽ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡന കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയിലെ പരാമർശങ്ങൾ തന്നെയാണ് ഉദ്ദേശിക്കുന്നത്. വാദിയായ സ്ത്രീയുടെ വസ്ത്രധാരണം പ്രകോപിപ്പിക്കുന്ന രീതിയിലാണെന്ന കോടതിയുടെ പരാമർശമാണ് ഏറെ പ്രകോപനപരം. ഫലത്തിൽ ലൈംഗിക പീഡനങ്ങളെ ന്യായീകരിക്കുക തന്നെയാണ് ഇതിലൂടെ കോടതി ചെയ്യുന്നത്.
വസ്ത്രധാരണം ബലാൽക്കാരത്തിനു കാരണമാകുന്നു എന്ന സിദ്ധാന്തമൊക്കെ എന്നേ ആധുനിക ലോകം തള്ളിക്കളഞ്ഞതാണ്. അതുമായി ബന്ധപ്പെട്ട്, പല സംഭവങ്ങളിലും ഇരകളണിഞ്ഞിരുന്ന വസ്ത്രങ്ങളുടെ പ്രദർശനം പോലും പലയിടത്തും നടന്നിട്ടുമുണ്ട്. അതൊന്നുമറിയാത്ത ഒരാളാണോ നീതിപീഠത്തിലിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. തൊട്ടുകൂടായ്മ നിലനിൽക്കുന്നതിനാൽ സവർണൻ അവർണയായ സ്ത്രീയെ ബലാൽസംഗം ചെയ്യില്ല എന്ന മറ്റൊരു കോടതി വിധിയാണ് ഓർമ വരുന്നത്.
സ്വാഭാവികമായും കോടതി ഇത്തരത്തിൽ നിരീക്ഷിക്കാനാവശ്യമായ ഫോട്ടോകൾ പ്രതിഭാഗം സമർപ്പിച്ചതല്ലേ എന്ന ചോദ്യമുയരും. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത് നിരവധി പേരുണ്ടായിരുന്നു എന്നു കോടതിയെ ബോധ്യമാക്കാനായിരുന്നു ചിത്രങ്ങൾ നൽകിയതെന്നും ബാക്കിയൊക്കെ കോടതിയുടെ വ്യാഖ്യാനം മാത്രമാണെന്നുമാണ് പ്രതിഭാഗം പറയുന്നത്. കോടതിയുടെ ഈ പരാമർശങ്ങളെ സിവിക്കിനൊപ്പം നിൽക്കുന്നു എന്നാരോപിക്കപ്പെടുന്നവരും തള്ളിക്കളയുന്നുണ്ട്. അതു ശരിയായാലും തെറ്റായാലും ഈ പരാമർശം കോടതിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു എന്നതിൽ സംശയമില്ല. അതുപോലെ രണ്ടു കേസിലുമായി തള്ളിക്കളയേണ്ടതായ മറ്റു പല പരാമർശങ്ങളും കോടതിയിൽ നിന്നുണ്ടായതായും കണ്ടു. എസ്.എസ്.എൽ.സി ബുക്കിൽ പോലും ജാതി രേഖപ്പെടുത്താത്ത, സമൂഹത്തിലെ വിവേചനങ്ങൾക്കെതിരെ പോരാടുന്ന ഒരാൾ ദളിത് സ്ത്രീയെ കടന്നാക്രമിക്കുമെന്ന് കരുതുന്നില്ല എന്നതാണ് ഒന്ന്. കൂടാതെ ഉന്നത സ്ഥാനത്തുള്ള മക്കളെ കുറിച്ചും പരാമർശമുണ്ടായി. പ്രായത്തെ പരിഗണിച്ച് ജാമ്യം നൽകുന്നത് മനസ്സിലാക്കാം. എന്നാൽ ഈ പ്രായത്തിൽ ഇത്തരത്തിൽ ചെയ്യാനാവുമെന്നു കരുതുന്നില്ലെന്ന രീതിയിലുള്ള പരാമർശവും സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.
ഏതാനും വർഷമായി ലോകമാകെ പടർന്നു പന്തലിച്ച മി ടൂ പ്രസ്ഥാനത്തിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. കേരളത്തിലും അതിന്റെ പ്രത്യാഘാതങ്ങൾ സജീവമായി. അതിന്റെ ഭാഗമായി തന്നെയാണ് സിവിക്കിനെതിരേയും ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. മിക്ക മി ടൂ ആരോപണങ്ങളിലും കാണുന്ന പ്രധാന ഘടകം അധികാരമോ പ്രിവിലേജോ ഉപയോഗിച്ചോ പ്രലോഭനമോ വാഗ്ദാനങ്ങളോ നൽകിയോ പീഡിപ്പിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നു എന്നതാണ്. സിവിക്കിന്റെ വിഷയത്തിൽ പ്രധാനമായും ഉന്നയിക്കപ്പെടുന്നത് തന്റെ സാംസ്കാരികമായ അധികാരവും പ്രിവിലേജും ഉപയോഗിച്ച് പീഡന ശ്രമം നടത്തിയെന്നാണ്. അതിന്റെ ശരിതെറ്റുകൾ കോടതി തീരുമാനിക്കട്ടെ. ഇത്തരം കേസുകളിൽ വിശദമായ അന്വേഷണം നടത്തണമെന്നും എടുത്തുചാടി നടപടികളിലേക്ക് പോകരുതെന്നും സുപ്രീം കോടതി നിർദേശമുണ്ടായിരുന്നു. സിവിക്കിനു ജാമ്യം ലഭിക്കാൻ അതും കാരണമായിട്ടുണ്ടാകാം. ജാമ്യം ലഭിച്ചതല്ല, അതിനായി കോടതി നടത്തിയ പരാമർശങ്ങളാണ് ഇവിടെ പ്രശ്നം.
ഏതു കേസുമെന്ന പോലെ ഇവിടെയും നിയമം അതിന്റെ വഴിക്കു പോകട്ടെ. അപ്പോഴും ചില കാര്യങ്ങൾ ഉന്നയിക്കാതിരിക്കാനാവില്ല. പോലീസിന്റെ കേസ് അന്വേഷണത്തെ കുറിച്ച് ആരോപണങ്ങളില്ലാതിരിക്കുകയും പ്രതി നീതിപിഠത്തിനു മുന്നിൽ നിൽക്കുമ്പോഴും സംഘടിതമായ രീതിയിൽ നടക്കുന്ന ആൾക്കൂട്ട അക്രമണമാണത്. ഇതിനു മുമ്പൊരിക്കലും ഇത്രയും സംഘടിതമായ രീതിയിൽ അക്രമണം നടന്നതായി അറിയില്ല. എന്തിനേറെ, ഹീനമായ ക്വട്ടേഷൻ കേസിലെ പ്രതിയായ നടനെതിരെ പോലും മൂന്നു തവണ ഒപ്പുശേഖരണം നടന്നിട്ടില്ല. സ്ത്രീപീഡന കേസിൽ പ്രതിയായിരുന്ന ഒരു നേതാവിനെ മുഖ്യമന്ത്രി തന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിച്ചപ്പോൾ പോലും കാര്യമായ പ്രതിഷേധമൊന്നും കണ്ടില്ല. എത്രയോ രാഷ്ട്രീയ നേതാക്കൾക്കെതിരെ സമാനമായ ആരോപണം ഉയർന്നിരിക്കുന്നു. അപ്പോഴെല്ലാം എതിർ പാർട്ടിക്കാർ മാത്രമാണ് ഇത്തരത്തിൽ രംഗത്തിറങ്ങുന്നത്. തീർച്ചയായും സ്ത്രീപീഡനത്തിനെതിരെ കൂടുതൽ പേർ രംഗത്തിറങ്ങുന്നത് ഗുണകരമല്ലേ എന്നു ചോദിക്കാം. അതു ശരിയാണ്. എന്നാലിവിടെ നടക്കുന്നത് മാന്യമായ പ്രതിഷേധമല്ല, സംഘടിതമായ ആൾക്കൂട്ട അക്രമണമാണ്. പ്രതിയുടെ ഭൂതകാലമൊക്കെ ഇഴകീറി പരിശോധിച്ച് ശരിയും തെറ്റുമായ ആരോപണങ്ങളുന്നയിച്ച് ഒരു വിഭാഗം ശരിക്കും ആഘോഷിക്കുകയാണ്. അതിലൊരു വിഭാഗമാകട്ടെ, സിവിക് ഒരു കാലത്ത് ഭാഗഭാക്കായിരുന്ന നക്സലൈറ്റ് പ്രസ്ഥാനത്തെ കടന്നാക്രമിക്കാനുള്ള അവസരമായി ഇതുപയോഗിക്കുന്നു. എങ്കിൽ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കോൺഗ്രസിന്റെയുമൊക്കെ അവസ്ഥ എന്താകും? എന്തിനേറെ, കെ. വേണുപോലും സ്ത്രീപീഡനം നടത്തിയെന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ് പോലും ഇടക്കു പ്രചരിച്ചല്ലോ. ഇത്തരത്തിലൊക്കെ ആക്ഷേപിക്കാനായി പലരും ഉപയോഗിക്കുന്ന ഭാഷയുടെ ഹിംസാത്മകതയെ കുറിച്ച് സച്ചിദാനന്ദൻ പോലും സൂചിപ്പിച്ചു. കഴിഞ്ഞില്ല, സിവിക് എഡിറ്ററായ പാഠഭേദത്തിൽ എഴുതുന്നവർ പോലും അക്രമത്തിനിരയാകുന്നു. പാഠഭേദം ബഹിഷ്കരിക്കാനും ആഹ്വാനം വരുന്നു. തീർച്ചയായും പാഠഭേദത്തിന്റെ എഡിറ്റർ സ്ഥാനത്തുനിന്ന് സിവിക്കിനെ മാറ്റിനിർത്താനാവശ്യപ്പെടാം. അതു ന്യായമാണ്. പക്ഷേ ഇത്തരത്തിൽ ഹിംസാത്മകമായ ഭാഷയാണോ അതിനായി ഉപയോഗിക്കേണ്ടത് എന്ന ചോദ്യം ബാക്കിയാകുന്നു. ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായം പറയുന്നവരും സംഘടിതമായി ആക്രമിക്കപ്പെടുന്നതായും കാണുന്നു. തീർച്ചയായും ഇതെല്ലാം ചെയ്യുന്നവരുടെ ഉദ്ദേശ്യശുദ്ധിയും പ്രതിക്കൂട്ടിലാണ്.
മി ടൂ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തും ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം കൂടി ഇവിടെ ഉന്നയിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ദീർഘകാലമായി തുടരുന്ന സ്വാതന്ത്ര്യത്തിനും ലിംഗനീതിക്കുമായുള്ള പോരാട്ടത്തിലെ ഒരു വലിയ കാൽവെപ്പാണ് മി ടൂ പോരാട്ടമെന്നതിൽ ഒരു സംശയവുമില്ല. സമൂഹത്തെ ഭയന്ന് എന്തു പീഡനം നടന്നാലും പുറത്തു പറയാനും നിയമപരമായ പോരാട്ടം നടത്താനും തയാറാകാതിരുന്ന അവസ്ഥക്ക് അതു മാറ്റം വരുത്തി. തുടക്കത്തിൽ പറഞ്ഞ പോലെ അധികാരവും പ്രിവിലേജുകളും മറ്റുമുപയോഗിച്ച് പീഡനം നടത്തിയിരുന്ന നിരവധി പേരുടെ മുഖംമൂടികൾ അഴിഞ്ഞുവീണു. അപ്പോഴും ഇതിന്റെയൊരു മറുവശം പല സാമൂഹ്യ വിമർശകരും ചൂണ്ടിക്കാട്ടുന്നു. അത് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിടവ് വർധിപ്പിക്കുന്നു എന്നതാണ്. ലിംഗഭേദം മറന്ന് ഒന്നിച്ച് ജോലി ചെയ്യുകയും ജീവിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സമൂഹമാണല്ലോ ലക്ഷ്യമാക്കേണ്ടത്. ആ ദിശയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ പോലും വിടവ് സൃഷ്ടിക്കപ്പെടുന്നതായാണ് അവർ പറയുന്നത്. ലോകത്തെ പല ഭാഗങ്ങളിലും പല കമ്പനികളും ഒന്നുകിൽ പുരുഷന്മാരെ, അല്ലെങ്കിൽ സ്ത്രീകളെ മാത്രം ജോലിക്കു നിയോഗിക്കുന്ന രീതിയിൽ പോലും എത്തുന്നു. ലിംഗഭേദത്തെ അപ്രസക്തമാക്കി അടുത്തിടപഴകിയിരുന്ന ആൺകുട്ടികളും പെൺകുട്ടികളും സംശയത്തോടെ നോക്കുന്ന അവസ്ഥയിലേക്ക് മാറുന്നതായും കപടമായ സദാചാര ബോധം ശക്തിയാർജിക്കുന്നതായും ചൂണ്ടിക്കാട്ടുന്നവരുണ്ട്. തീർച്ചയായും പരിശോധിക്കേണ്ട വിഷയമാണിത്.
കേരളത്തിൽ ഇപ്പോഴുയരുന്ന ചർച്ചകളിൽ ഇത്തരം വിഷയങ്ങൾ കൂടി ഉന്നയിക്കപ്പടുന്നത് ആരോഗ്യകരമായ ഒരു അന്തരീക്ഷം രൂപപ്പെടുന്നതിനു സഹായിക്കുമെന്നുറപ്പാണ്. കാരണം ആരോഗ്യകരമായ സ്ത്രീ - പുരുഷ ബന്ധങ്ങളിൽ വളരെ പിറകിലാണല്ലോ ഇന്നു കേരളം. ലിംഗനീതിക്കും സ്ത്രീപീഡനത്തിനുമെതിരായ പോരാട്ടങ്ങളുടെ അജണ്ടയിൽ ഇത്തരം വിഷയങ്ങൾ കൂടി കടന്നു വരുന്നത് ഈയവസ്ഥയെ മാറ്റിത്തീർക്കുന്നതിനു സഹായകമായിരിക്കും. അതിനായി പക്ഷേ ആൾക്കൂട്ട അക്രമണവും ഹിംസാത്മകമായ ഭാഷയുമാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും വേണം.
കസ്റ്റംസിലെയും എയർപോർട്ടുകളിലെയും ക്രിമിനലുകളെ പിടിക്കാൻ സി.ബി.ഐ തുനിഞ്ഞിറങ്ങുമെന്ന് കേൾക്കുന്നുണ്ട്. എത്ര വേഗത്തിൽ വരുന്നോ അത്രയും നല്ലത്. അവരെ വലിയ വിശ്വാസമായതുകൊണ്ടൊന്നുമല്ല. ആരെങ്കിലുമൊന്ന് വന്ന് രംഗം വൃത്തിയാക്കണമല്ലോ എന്നതുകൊണ്ടാണ്.






