Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാമൂഹ്യ വിപത്തായി  മാറിയ സ്വർണ കള്ളക്കടത്ത്

 സ്വർണക്കള്ളക്കടത്ത് കേരളത്തിൽ വലിയ സാമൂഹ്യ വിപത്തായി മാറിയിരിക്കുന്നു.  കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വിമാനത്താവള ജീവനക്കാർ സ്വർണം കടത്തുകയും കടത്തിന് കൂട്ടുനിൽക്കുകയും ചെയ്യുന്നുവെന്നതിന് ലഭിച്ച തെളിവാണ് ഏറ്റവും പുതിയ വിവരം. തിരുവനന്തപുരത്ത് നടന്ന സംഭവങ്ങൾ മഹാനാണക്കേടായി നിലനിൽക്കുമ്പോഴാണ് ഇതെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.   സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങളും കരിപ്പൂരിലും മറ്റും  കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. സ്വർണ കടത്തുകാരെ തട്ടിക്കൊണ്ടുപോയി സ്വർണം അപഹരിക്കുകയും ജീവന് വരെ ഭീഷണിയാകുന്ന സംഭവങ്ങളും പതിവായിത്തീരുകയാണ്.  
 കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട് പി. മുനിയപ്പ  സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്തുകൊടുക്കുകയും പുറത്തെത്തിച്ച സ്വർണത്തിന് 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയും പണം കൈമാറുന്ന സമയത്ത് പോലീസ് പിടിയിലാകുകയുമായിരുന്നു. പല കാലങ്ങളിലായി ഇന്ത്യയിലെ എയർപോർട്ടുകളിൽ നടക്കുന്ന കാര്യമാണെങ്കിലും അന്നൊന്നും അവ അധികമായി പിടിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകളെ കുറിച്ച് അധിക മനുഷ്യർക്കും അറിവുണ്ടായിരുന്നില്ല. പുതിയ പ്രവണതയനുസരിച്ച് ഇത്തരം കേസുകൾ പിടിക്കുന്നത് പോലീസാണെന്ന പ്രത്യേകതയുമുണ്ട്.  കുറച്ച് കാലമായി കസ്റ്റംസ് പിടിക്കുന്നതിനേക്കാൾ കള്ളക്കടത്ത് പിടിക്കുന്നത്  കരിപ്പൂരിനെ സംബന്ധിച്ചെങ്കിലും  പോലീസാണ്. എന്തായിരിക്കാം ഇതിന് കാരണം എന്നറിയില്ല.   കള്ളക്കടത്ത് കണ്ടുപിടിക്കാനാവശ്യമായ ഏറ്റവും അത്യാധുനിക സംവിധാനങ്ങൾ ഉള്ള കാലമാണിത്.  ഈ സംവിധാനങ്ങളെയെല്ലാം അട്ടിമറിച്ച് കള്ളക്കടത്ത് സ്വർണം നിർബാധം പുറത്തെത്തുന്നതെങ്ങനെ എന്നതിന്റെ ഉത്തരം കരിപ്പൂരിൽ പിടികൂടിയ കസ്റ്റംസ് സുപ്രണ്ടിന്റെ  അറസ്റ്റ് പറയാതെ പറഞ്ഞു തരുന്നുണ്ട്. കസ്റ്റംസിലെ ചിലയാളുകൾ കള്ളക്കടത്തിന് കൂട്ടുനിൽക്കുമ്പോൾ പോലീസ് അസാധാരണമായ   ജാഗ്രതയിൽ നിലയുറപ്പിച്ച് കള്ളക്കടത്ത് പിടികൂടുന്നു.
പോലീസും കസ്റ്റംസും കള്ളനും പോലീസും കളിക്കേണ്ട വിഷയമാണ് ഇതെന്ന് ആരും പറയില്ല.    ഉദ്യോഗസ്ഥർ തന്നെ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്തുകൊടുക്കുന്നുവെന്ന് വരുന്നത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ എത്രയോ വലുതായിരിക്കും. 
സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്തതിനും സ്വർണം തട്ടിയെടുത്തതിനും മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നേരത്തെയും  സി.ബി.ഐയുടെ പിടിയിലായ അനുഭവമുണ്ട്. അത്തരം  കേസുകൾ ഇപ്പോഴും നടന്നുവരുന്നു.  വിമാന ജീവനക്കാരും വിമാനത്താവള ജീവനക്കാരും സ്വർണക്കടത്തുമായി പിടിയിലാകുന്നുണ്ട്. ഒരുപാട് കേസുകൾ പിടിക്കപ്പെടാതെ പോകുമ്പോഴായിരിക്കും ഇതു പോലുള്ള പ്രകടന പരമായ കള്ളക്കടത്ത് പിടിത്തം അരങ്ങേറുന്നത്. പിന്നെ വാർത്തയായി ബഹളമായി. ഈ ബഹളത്തിലും കള്ളക്കടത്ത് നടക്കുന്നില്ലെന്ന് ആരു കണ്ടു. 

എയർ ഹോസ്റ്റസ്,  കാബിൻ ക്രൂ ജീവനക്കാർ എന്നിവരെക്കുറിച്ചെല്ലാമുള്ള സങ്കൽപങ്ങൾ ഇക്കാലത്ത് മാറിമറിഞ്ഞിട്ടുണ്ട്. സംതൃപ്തമായ തൊഴിലവസ്ഥയിലുള്ള അവരൊന്നും ഈ പണിക്കൊന്നും പോകില്ലെന്ന ചിന്ത അടുത്ത കാലത്തായി അവർ തന്നെ മാറ്റിയെടുത്തു കഴിഞ്ഞു.  അവരും ഇപ്പോൾ കള്ളക്കടത്ത് കേസിൽ പിടിയിലാവുന്നു. വിമാനത്താവളത്തിലെ കരാർ ജീവനക്കാരുടെ കാര്യം പിന്നെ പറയാനില്ല.  തങ്ങൾക്ക് മുകളിലുള്ളവർ തന്നെ കള്ളം ചെയ്യുമ്പോൾ കേവലം കരാർ ജീവനക്കാരായ ഉദ്യോഗസ്ഥർ കട്ടു ഭുജിച്ചില്ലെങ്കിലേ അതിശയമുള്ളൂ.  കരിപ്പൂരിൽ അറസ്റ്റിലായ കസ്റ്റംസ്  സൂപ്രണ്ട് മുനിയപ്പയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പോലും  ഫലപ്രദമായി നടക്കുമോ എന്നൊക്കെയുള്ള കാര്യം കണ്ടറിയണം.  എയർപോർട്ടുകളും കസ്റ്റംസ് സംവിധാനവും ഇത്തരം ആളുകൾക്ക് സംരക്ഷണം കൊടുത്താൽ ആർക്കെന്ത് ചെയ്യാനാകും?  കരിപ്പൂർ എയർപോർട്ടുമായി ബന്ധപ്പെട്ട് അന്നൊരിക്കൽ ഉണ്ടായ തർക്കം ജനങ്ങൾ ഓർക്കുന്നുണ്ടാകും.  എയർപോർട്ട് തങ്ങളുടേതാണ് എന്ന മട്ടിൽ എയർപോർട്ടുമായി ബന്ധപ്പെട്ട യൂനിയന്റെ നേതാവ് പറഞ്ഞപ്പോൾ ഒരു പാർലമെന്റംഗം അതിശക്തമായി അത് തിരുത്തിയിരുന്നു. വിമാനത്താവളം ജനങ്ങളുടേതാണ് എന്നായിരുന്നു  ജനപക്ഷം ചേർന്ന് എം.പി അന്ന് യൂനിയൻ നേതാവിനെ ഓർമിപ്പിച്ചത്. 
ജനങ്ങളുടെ എയർപോർട്ടുകൾ കള്ളക്കടത്ത് പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായാൽ അതിന്റെയും വിപരീത ഫലം അനുഭവിക്കേണ്ടവർ ജനങ്ങളായിരിക്കും.  ഗുരുതരമായ നിയമ വിരുദ്ധ പ്രവർത്തനം നടക്കുന്ന ഇടങ്ങൾ ഗുണ്ട പ്രവർത്തനത്തിന്റെയും മാഫിയ പ്രവർത്തനത്തിന്റെയും ഇടങ്ങളായി മാറുന്നത് സ്വാഭാവികമാണ്.  കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ രാമനാട്ടുകരയിലുണ്ടായ വാഹന അപകടത്തിൽ അഞ്ച് പേരായിരുന്നു മരിച്ചത്. ഇർഷാദ് എന്ന ചെറുപ്പക്കാരൻ സ്വർണക്കടത്ത്  സംഭവത്തിൽ ക്രൂരമായി കൊല്ലപ്പെട്ടത് മൂന്ന് മാസം മുമ്പാണ്. കള്ളക്കടത്ത് സ്വർണവുമായി ബന്ധപ്പെട്ട അറിയപ്പെടാത്ത സംഭവങ്ങൾ ഇനിയുമുണ്ടാകാം.  ആരെങ്കിലും കള്ളക്കടത്ത് നടത്തി കാശുണ്ടാക്കിയാൽ  നമുക്കെന്ത് ചേതം എന്ന ചിന്ത വേണ്ടെന്ന താക്കീതാണ് ഇത്തരം അനുഭവങ്ങൾ. എന്തും ചെയ്യാൻ മടിയില്ലാത്തവിധം  മാറിപ്പോയ മനുഷ്യരായിരിക്കും ഇതുപോലുള്ള വഴികളിൽ കാശുണ്ടാക്കുന്നവർ. അവരെ കയറൂരി വിട്ടാൽ കേരളം  അധോലോകമാകുന്ന അവസ്ഥക്ക് വേഗം കൂടും.   കസ്റ്റംസിലെയും എയർപോർട്ടുകളിലെയും ക്രിമിനലുകളെ പിടിക്കാൻ സി.ബി.ഐ തുനിഞ്ഞിറങ്ങുമെന്ന് കേൾക്കുന്നുണ്ട്. എത്ര വേഗത്തിൽ വരുന്നോ അത്രയും നല്ലത്. അവരെ വലിയ വിശ്വാസമായതുകൊണ്ടൊന്നുമല്ല. ആരെങ്കിലുമൊന്ന് വന്ന്  രംഗം വൃത്തിയാക്കണമല്ലോ എന്നതുകൊണ്ടാണ്.    
 

Latest News