മട്ടന്നൂര്‍ നിലനിര്‍ത്തി എല്‍ഡിഎഫ്;  സീറ്റ് ഇരട്ടിയാക്കി യുഡിഎഫ്

കണ്ണൂര്‍- യുഡിഎഫിന്റെ ശക്തമായ മുന്നേറ്റത്തിനിടയിലും മട്ടന്നൂര്‍ കോട്ട എല്‍ഡിഎഫ് നിലനിര്‍ത്തി. കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം മട്ടന്നൂര്‍ നഗരസഭയില്‍ മാറ്റമില്ലാതെ തുടരും. 35 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഫ് 21 സീറ്റുകള്‍ പിടിച്ചാണ് അധികാരം നിലനിര്‍ത്തിയത്. യുഡിഎഫിന് 14 സീറ്റുകളില്‍ ജയിക്കാനായി. കഴിഞ്ഞ തവണ ഏഴു സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്. അതിന് മുമ്പത്തെ തവണ യുഡിഎഫിന് 14 സീറ്റുകള്‍ നേടാനായിരുന്നു. നാടിളക്കിയുള്ള പ്രചാരണമായിരുന്നു ഇത്തവണ രണ്ടു മുന്നണികളും നടത്തിയിരുന്നത്. സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു.
മറ്റു തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കവും കേസുകളുമാണ് തദ്ദേശ പൊതുതെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടക്കാതെ മടന്നൂര്‍ മാറ്റിനിര്‍ത്തുന്നത്.
 

Latest News