Sorry, you need to enable JavaScript to visit this website.

വിദേശികളുടെ കൊഴിഞ്ഞുപോക്ക് തുടരും;  30 ശതമാനം ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടൂം

റിയാദ് - തൊഴിലാളികൾക്കും ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവിയും പദ്ധതികളുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക മാന്ദ്യവും വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് ശക്തമാക്കുമെന്ന്  സാമ്പത്തിക വിദഗ്ധൻ ജമാൽ ബനൂൻ പറഞ്ഞു. 
രാജ്യത്ത് നടപ്പിലാക്കി വരുന്ന സാമ്പത്തിക പരിഷ്‌കരണങ്ങൾ 30 ശതമാനം ചെറുകിട സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക്  നയിച്ചേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അതേസമയം, വൻകിട പദ്ധതികളിൽ അടക്കമുള്ള വിദേശ നിക്ഷേപങ്ങൾ 2020 ഓടെ സ്വദേശികൾക്ക് നാലു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ജമാൽ ബനൂൻ ചൂണ്ടിക്കാട്ടി.
നിരവധി മേഖലകളിൽ സൗദികൾ ജോലി ചെയ്യുന്നുണ്ടെങ്കിലും ചില മേഖലകളിൽ ഇപ്പോഴും വിദേശികളുടെ ആധിപത്യമാണ്. സൗദിവൽക്കരണ ശ്രമങ്ങൾ ഊർജിതമാക്കിയതിന്റെ ഫലമായി വരും വർഷങ്ങളിൽ സൗദിയിൽ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുമെന്നാണ് കരുതുന്നത്. 
വരും വർഷങ്ങളിൽ വിദേശ നിക്ഷേപത്തിൽ വലിയ വർധനവുണ്ടാകും. ഇത് മൊത്തം ആഭ്യന്തരോൽപാദനം വർധിപ്പിക്കും. വലിയ തോതിലുള്ള വിദേശ നിക്ഷേപങ്ങൾ പ്രാദേശിക വിപണിയുടെ ഭദ്രതക്ക് സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ ജമാൽ ബനൂൻ പറഞ്ഞു. സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന പരിഷ്‌കരണങ്ങൾ വിദേശ നിക്ഷേപകർക്കു മുന്നിൽ അവസരങ്ങൾ തുറന്നിടും. 
സൗദിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ബ്രിട്ടീഷ്, അമേരിക്കൻ, ഫ്രഞ്ച് കമ്പനികൾ അടക്കം വിദേശ കമ്പനികൾക്കിടയിൽ മത്സരം ഉടലെടുക്കും. നൂറു ശതമാനം വിദേശ നിക്ഷേപത്തോടെ സൗദിയിൽ പ്രവർത്തിക്കുന്നതിന് ഏതാനും മുൻനിര കമ്പനികൾക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലൈസൻസ് നൽകിയിട്ടുണ്ട്. സൗദി വിപണിയെ കുറിച്ച നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുന്നതിനും ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാകും. 
പുതിയ സാഹചര്യത്തിൽ വിദേശ കമ്പനികൾക്ക് മികച്ച നിക്ഷേപാവസരങ്ങളാണ് സൗദിയിലുള്ളതെന്ന് സൗദി ഇക്കണോമിക് സൊസൈറ്റി അംഗം ഡോ. അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു. 40 ശതമാനം സൗദിവൽക്കരണം നടപ്പാക്കുന്നതിന് വിദേശ കമ്പനികൾക്ക് സാധിക്കും. ഇത് തൊഴിലില്ലായ്മക്ക് ഒരു പരിധി വരെ തടയിടുമെന്നും ഡോ. അബ്ദുല്ല അൽമഗ്‌ലൂത്ത് പറഞ്ഞു. 

Latest News