ഇടുക്കി-എൻ.എസ്.എസ് ക്യാംപിൽ വിദ്യാർഥിനികൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിഞ്ഞ് നോക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്ത അധ്യാപകനെതിരെ ഇടുക്കി കഞ്ഞിക്കുഴി പോലിസ് കേസെടുത്തു. എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ പത്തനംതിട്ട ആങ്ങാമൂഴി സ്വദേശി ഹരി.ആർ. വിശ്വനാഥിനു (49) എതിരെ പോക്സോ നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ്.
കഴിഞ്ഞ 12 മുതൽ 17 വരെ തിയതികളിൽ നടന്ന ക്യാംപനിടെ അധ്യാപകൻ പെൺകുട്ടികൾ താമസിക്കുന്ന മുറിയിൽ ഒളിഞ്ഞ് നോക്കുകയും വാതിൽ തുറന്ന് മുറിക്കുള്ളിൽ കയറി വിദ്യാർഥിനികളോട് ലൈംഗിക ചുവയിൽ സംസാരിക്കുകയും ചെയ്തു. വിദ്യാർഥിനികൾ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ മുറിയിൽ നിന്ന് പുറത്ത് പോവുകയും സ്‌കൂളിന്റെ ഇടനാഴിയിൽ വച്ച് പരാതിക്കാരിയായ വിദ്യാർഥിനിയെ കയറി പിടിക്കുകയും ചെയ്തു. ഏഴോളം വിദ്യാർഥിനികളാണ് അധ്യാപകനെതിരെ പരാതി പറഞ്ഞിരിക്കുന്നത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന് മുൻപിലും വിദ്യർഥിനികൾ ഇക്കാര്യം മൊഴിയായി നൽകിയിട്ടുണ്ട്. വിദ്യാർഥിനികൾ പരാതിയുമായി രംഗത്ത് വന്നതോടെ പ്രശ്നം ഒതുക്കി തീർക്കണമെന്ന് അധ്യാപകൻ മറ്റൊരു വിദ്യാർഥിയോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം മാധ്യമങ്ങളിൽ വൈറലാണ്. ബി.ജെ.പി അധ്യാപക സംഘടനയായ എൻ.ടി.യു.വിന്റെ ജില്ലാ ഭാരവാഹിയാണ് ഹരി.ആർ. വിശ്വനാഥ്. ഇത്തരത്തിലുള്ള നിരവധി പരാതികൾ അധ്യാപകനെതിരെ ഉണ്ടായിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്.എച്ച്.ഒ ടോം ജോസ് പറഞ്ഞു. മാനേജ്മെന്റ് അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ചിത്രം-ഹരി.ആർ.വിശ്വനാഥ്