ഇന്ത്യ: മുക്കാൽ നൂറ്റാണ്ടിന്റെ ശ്രേയസ്സ്


വ്യക്തിയുടെ അന്തസ്സിനും ഭരണഘടനയുടെ ആത്മാവിനും മനുഷ്യൻ ഒന്നാണ് എന്ന ചിന്തക്കും  വാഗ്ജാലകത്തിനപ്പുറമൊരു ഇടം ഈ രാജ്യത്തിന് പകർന്നു കൊടുക്കാൻ കഴിയേണ്ടതുണ്ട്. ഏഴോ എട്ടോ പതിറ്റാണ്ടല്ല, സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ് സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായിരുന്ന ഭാരതത്തിന്റെ അന്തസ്സ്. അത് മനുഷ്യന്റെ അന്തസ്സിന് പ്രാമുഖ്യം നൽകിയതിന്റെ കൂടി ചരിത്രമാണ്. പ്രതീക്ഷയുടെ കിരണങ്ങളായി യുഗാന്തരങ്ങൾ പരിലസിക്കണം എഴുപത്തിയഞ്ചിന്റെ ഈ വസന്തം. 


 
ഏറെ അഭിമാനത്തോടെയാണ് ഇക്കഴിഞ്ഞ തിങ്കൾപുലരി ഇന്ത്യയുടെ ആകാശത്ത് പൊൻകിരണപ്രഭ ചൊരിഞ്ഞത്. മുക്കാൽ നൂറ്റാണ്ട് മുമ്പ് പിറവിയുടെ പേറ്റുനോവിൻ നൊമ്പരത്തിൻ നനവുകൾക്കും നിണമണിഞ്ഞ പാതകൾക്കും ക്ഷോഭാന്തരീക്ഷത്തിനും വൻനഗരങ്ങൾ സാക്ഷ്യം വഹിച്ചപ്പോൾ നേതാക്കൾ ഖിന്നരായി. ജനപഥം പറിച്ചെറിയപ്പെട്ടു. കബന്ധങ്ങൾ കുന്നുകൂടി. തെരുവുകൾ വിജനമായി. പുതിയ ചേരിപ്രദേശങ്ങൾ പിറകൊണ്ടു. വിറയാർന്ന ഖണ്ഡങ്ങൾ പ്രതീക്ഷയോടെ മുരണ്ടു. അശരണർ ഹതാശരായി കൈനീട്ടി. ഇരുളും വെളിച്ചവും മാറിമാറി പുൽകി. ചില അമാനുഷ പ്രഭാവർ സന്ദർഭത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഇരുളിനെ അവരുടെ ചിറകുകൾക്കുള്ളിൽ പൂഴ്ത്തിയമർത്തി. മെല്ലെ വെളിച്ചം സ്ഥായിയായി. ഇന്ത്യ വീണ്ടും ഉയിർപ്പിന്റെ പാളത്തിലൂടെ കിതച്ചുകുതിച്ചു. ഏഴരപ്പതിറ്റാണ്ട് ചരിത്രത്തിന്റെ രജതരേഖയാവുന്നത് ആനുഷംഗികമല്ല; സുദൃഢവും സുശക്തവുമായ കാൽവെപ്പുകളിലൂടെ, കനൽപദങ്ങൾ താണ്ടിക്കൊണ്ട് തന്നെയാണ്.
 
പൂർണതയെത്തിയ ഒരു കലാശിൽപം കണക്കെ ദീപ്തമാകുന്ന നമ്മുടെ രാഷ്ട്രത്തെ ജനാധിപത്യത്തിന്റെ പരിപൂരിത രാഷ്ട്രമെന്ന് നമ്മളും ലോകവും വാഴ്ത്തുമ്പോൾ അതിന്റെ ജന്മാധാരം ആരിലേക്കാണ് ചേർക്കപ്പെടുന്നതെന്നും അവർ സ്വാതന്ത്ര്യത്തിനും തദ്വാരാ ജനാധിപത്യത്തിനും കനിഞ്ഞേകിയ അർത്ഥവ്യാപ്തിയിൽ അനുഗതിയുണ്ടായോ എന്നും പരിശോധിക്കപ്പെടേണ്ട സന്ദർഭം കൂടിയാണ് മുക്കാൽ നൂറ്റാണ്ടിന്റെ ഈ ദശാസന്ധി. നിസ്വാർത്ഥമായ ഈ പരിചിന്തനമാണ് പൂർവസൂരികളോട് നമുക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യ ദിന പഥ്യാചരണം. സ്വാതന്ത്ര്യം വെറുതെ ലഭിക്കുന്നില്ല. ലഭിച്ചത് എക്കാലവും അനസ്യൂതം നിലനിൽക്കുകയുമില്ല. സ്വാതന്ത്ര്യത്തിന്റെ അപാരത എന്നൊന്നില്ല. അസ്വാതന്ത്ര്യം കടന്നുവരുന്നതും പെരുമ്പറ മുഴക്കിയല്ല. അതിനാൽ ഭാരതത്തിന്റെ മക്കൾ സ്വാതന്ത്ര്യത്തിന്റെ പരിശോഭക്കപ്പുറം, ആസാദി കാ അമൃത് മഹോത്സവ് എന്ന മുദ്രാവാക്യത്തിനുമപ്പുറം സ്വതന്ത്ര ഇന്ത്യയുടെ ഇന്നത്തെയവസ്ഥയെപ്പറ്റി പേർത്തും പേർത്തും ചിന്തിക്കണം.
 
നീണ്ട ഏഴരപ്പതിറ്റാണ്ടിന്റെ യാത്രക്കൊടുവിൽ സ്വാതന്ത്ര്യത്തിൽനിന്നും ജനാധിപത്യത്തിന്റെ ഉത്ഫുല്ലതയോളം ശോഭനീയമായ തലത്തിലേക്ക് നാം ഉയർന്നുവോ എന്നാണ് വിലയിരുത്തേണ്ടത്. അതിൽ ഭരണഘടന വിഭാവനം ചെയ്യുന്ന 'മനുഷ്യൻ ഒന്നാണ്' എന്ന ജനാധിപത്യത്തിന്റെ ഹൃദ്ഗതം ആമന്ത്രിതമാണോ എന്നും ചിന്തിക്കണം. നൂറ്റി നാൽപത്തൊന്ന് കോടി ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യം ഒരുപോലെയാസ്വദിക്കാൻ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ തുല്യത നിറവേറ്റപ്പെട്ടിട്ടുണ്ടോ എന്നതാണ് സുപ്രധാനമായ വസ്തുത.
 
ഇന്ത്യക്ക് ഒരു ഭരണഘടന സംവിധാനിച്ചുതന്ന ബാബാ സാഹിബ് അംബേദ്കർ ജനിച്ച  മഹർ ജാതിയിൽപെട്ട ഒൻപത് വയസ്സുകാരനായ ഇന്ദ്ര കുമാർ മെഗ്വാൾ രാജസ്ഥാനിലെ ജാലൂർ ജില്ലയിലെ സുരാനാ ഗ്രാമത്തിലെ സരസ്വതി വിദ്യാ മന്ദിർ സ്‌കൂളിലെ ജലപാത്രത്തിൽനിന്നും അൽപം വെള്ളം കുടിക്കാൻ ശ്രമിച്ചപ്പോൾ ചയിൽ സിംഗ്  എന്ന സ്വന്തം അധ്യാപകനാൽ ക്രൂരമായ അക്രമങ്ങൾക്ക് വിധേയമായി മൂന്നാഴ്ചകൾക്ക് ശേഷം സ്വാതന്ത്ര്യത്തിന്റെ തലേദിവസം അന്ത്യശ്വാസം വലിച്ചുവെങ്കിൽ, കൊടിയ ജാതീയ അസമത്വം രാജ്യത്ത് നിലനിൽക്കുകയാണെന്ന് പറയേണ്ടിവരും. 120 വർഷങ്ങൾക്കപ്പുറം വിദ്യാർത്ഥിയായ അംബേദ്കർക്കും ക്ളാസ് മുറിയിൽ ഇരിക്കാനോ പാനപാത്രത്തിൽനിന്നും പാനം ചെയ്യാനോ അനുവാദമുണ്ടായിരുന്നില്ല. രോഹിത് വെമുല ജീവിതം തന്നെ കൊടുത്തിട്ടും ജാതീയതയുടെ ദാഹം ശമിച്ചിട്ടില്ല. സാമൂഹിക സ്വാതന്ത്ര്യം ഇപ്പോഴും അന്യം തന്നെയാണെന്ന് ഇത് ബധ്യപ്പെടുത്തുന്നു. 
 
സാമൂഹ്യാസമത്വം, അന്ധവിശ്വാസം, കുത്തക മുതലാളിത്തത്തിന്റെ നീരാളിക്കൈകൾ എന്നിവയൊക്കെച്ചേർന്ന് ഇന്ത്യൻ ജനാധിപത്യത്തിന് പിടിയിടുന്നത് നാം അവഗണിക്കുമ്പോൾ അന്താരാഷ്ട്ര സന്തോഷ സൂചികയിൽ അവസാനത്തെ പത്തിലേക്ക് ആധ്യാത്മിക ഭൂമികയായ ഭാരതം കൂപ്പുകുത്തിയിട്ടുണ്ടെന്നു കൂടി നാം മനസ്സിലാക്കണം. ജനാധിപത്യം അനാധാരമാകുന്നതിന്റെ അവലക്ഷണങ്ങളാണ് ഇവയെല്ലാം. വ്യക്തിയുടെ അന്തസ്സ് ഒന്നാമതും ദേശീയത രണ്ടാമതുമായാണ് ഭരണഘടനയുടെ ആമുഖത്തിൽ വരുന്നത്. പട്ടാബി സീതാരാമയ്യർ അംബേദ്കറിന്റെ ഈ അനുപാതത്തെ വിമർശിക്കുകയും രാഷ്ട്രത്തിന്റെ ഏകത ആദ്യമാണ് വരേണ്ടതെന്ന് വാദിക്കുകയും ചെയ്തപ്പോൾ കൊടുത്ത മറുപടി പ്രഖ്യാതമാണ്. വ്യക്തിയുടെ അന്തസ്സാണ് രാഷ്ട്രത്തിന്റെ അടിവേര്, വ്യക്തിക്ക് ആത്മാഭിമാനം അലഭ്യമെങ്കിൽ രാഷ്ട്രമെങ്ങനെ ഏകതയിൽ പരിപൂരിതമാകുമെന്നായിരുന്നു ആ മറുപടി.
 
1951 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിറക്കിയ പ്രകടനപത്രികയിൽ അസമത്വങ്ങൾക്കെതിരായി ഹിന്ദുകോഡ് കൊണ്ടുവരുമെന്ന് നെഹ്റു ഉറപ്പുകൊടുത്തു. 25,000 ത്തോളം വരുന്ന അനുയായികളുമായി കാർപാത്രി മഹാരാജ എന്ന സന്ന്യാസി ദൽഹി ജന്തർമന്തറിലേക്ക് മാർച്ച് നടത്തിക്കൊണ്ട് നെഹ്റുവിനെ വെല്ലുവിളിച്ചു. അയിത്ത ജാതിക്കാരനായ അംബേദ്കർക്ക് ഭരണഘടന സ്പർശിക്കാൻ എന്തവകാശം എന്ന് പ്രസ്താവിച്ചു. ഗ്രന്ഥവും വെള്ളവും ദളിതന് ഇന്നും നിഷിദ്ധമാണെന്നതല്ലേ സാമാന്യമായി നമുക്കൂഹിക്കാൻ പറ്റുന്നത്? ജാതിക്കതീതമായി വ്യക്തിത്വത്തിന് പൊതുബോധത്തിൽ ഇടംകൊടുക്കാൻ സന്നദ്ധമാവാത്ത കാലത്തോളം ഏട്ടിലെ പശു മാത്രമായി സ്വാതന്ത്ര്യം അധീനപ്പെടുകയല്ലേ?
 
എങ്കിലും സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യയെന്ന രാഷ്ട്രം ജനാധിപത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുമെന്ന് മനീഷികൾ ചേതോഗതം ചെയ്തു. അതിനായി അവർ പരിശ്രമിച്ചു. അയത്‌ന ലളിതമായ ഒന്നായിരുന്നില്ല ആ ചിന്തയും കർമവും. അത് ഒറ്റയിരിപ്പിൽ സൗരഭ്യമാകുമെന്നും അവർ മോഹിച്ചില്ല. എന്നാൽ, പ്രയോഗ തലത്തിൽ പുരോഗമിച്ചുവരുന്നൊരു വ്യവസ്ഥിതി ആയിരിക്കുമതെന്ന് അവർ വിഭാവനം ചെയ്തു. അവർ സഞ്ചരിച്ച കാലമത്രയും വിയോജിപ്പുകളെ വകഞ്ഞുമാറ്റി പുരോയാനം നടന്നുവെന്നതും സത്യമാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും ഒരു വശത്തും ഫാസിസം മറുവശത്തുമായി മുഖാമുഖം നിൽക്കുമ്പോൾ ജാതീയ വിഷയങ്ങൾക്കൊപ്പം തന്നെ സാമ്പത്തിക വെല്ലുവിളികളും സ്വേഛാധിപത്യവും മുന്നോട്ടുള്ള വഴിയിലെ വെല്ലുവിളികൾ തന്നെയാണ്.
 
'ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്' എന്ന നെഹ്‌റുവിന്റെ പ്രസ്താവ്യം സാക്ഷാത്കരിക്കപ്പെടണം. നെഹ്‌റുവിനെപ്പോലും തമസ്‌കരിക്കുന്ന ഇക്കാലം സ്വാതന്ത്ര്യത്തിന്റെ മധുനിഷ്യന്തി ആസ്വദിക്കാൻ നമുക്കാവണമെങ്കിൽ സമര മുഖം അമരത്വം പൂകേണ്ടതുണ്ട്. രണ്ടാം തലമുറക്ക് പുതിയ ദിശാബോധം നൽകാൻ കെൽപുള്ള നേതൃത്വം ഉയിർകൊള്ളേണ്ടതുണ്ട്. രാഷ്ട്രീയത്തിന്റെ പതിവ് ശീലുകൾക്കപ്പുറത്തേക്ക് ആശയതലം വികസിക്കേണ്ടതുണ്ട്.
 
വ്യക്തിയുടെ അന്തസ്സിനും ഭരണഘടനയുടെ ആത്മാവിനും മനുഷ്യൻ ഒന്നാണ് എന്ന ചിന്തക്കും  വാഗ്ജാലകത്തിനപ്പുറമൊരു ഇടം ഈ രാജ്യത്തിന് പകർന്ന് കൊടുക്കാൻ കഴിയേണ്ടതുണ്ട്. ഏഴോ എട്ടോ പതിറ്റാണ്ടല്ല, സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ് സംസ്‌കാരങ്ങളുടെ കളിത്തൊട്ടിലായിരുന്ന ഭാരതത്തിന്റെ അന്തസ്സ്. അത് മനുഷ്യന്റെ അന്തസ്സിന് പ്രാമുഖ്യം നൽകിയതിന്റെ കൂടി ചരിത്രമാണ്. പ്രതീക്ഷയുടെ കിരണങ്ങളായി യുഗാന്തരങ്ങൾ പരിലസിക്കണം എഴുപത്തിയഞ്ചിന്റെ ഈ വസന്തം. ഗുജറാത്ത് ഭാഷയിലെ ആകാശ് ഗംഗ എന്ന നീനു മജുൻദാർ എഴുതിയ ദേശഭക്തി ഗാനത്തിൽ പറയുന്ന പോലെ ഈ ക്ഷീരപഥവും സൂര്യചന്ദ്രൻമാരും നക്ഷത്രങ്ങളും സന്ധ്യയും പുലരിയുമൊന്നും പ്രത്യേകിച്ച് ആരുടെയും സ്വന്തമല്ല. 'ഞങ്ങളുടേതും നിങ്ങളുടേതും' എന്നുള്ള വാക്കുകളാലുള്ള വിഭജനം നാനാത്വത്തിൽ ഏകത്വം ഉദ്‌ഘോഷിച്ച രവീന്ദ്രനാഥ് ടാഗോറിന്റെയും ഗാന്ധിജിയുടേയുമൊന്നും വിഭാവനയല്ല. അന്തസ്സുള്ള സാമൂഹ്യ നിർമിതിക്കായി പൊരുതുക തന്നെ വേണം ഇന്ത്യയുടെ യുവത്വം.  

Latest News