Sorry, you need to enable JavaScript to visit this website.

ഹജ് രജിസ്‌ട്രേഷൻ ഈ മാസം 28ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

മക്ക - മുൻ വർഷങ്ങളിലെ പതിവിന് വിപരീതമായി അടുത്ത ഹജിന് വളരെ നേരത്തെ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന നിലക്ക് റിപ്പോർട്ടുകൾ പുറത്തുവന്നു. അടുത്ത മാസം (സ്വഫർ) ഒന്നു (ഓഗസ്റ്റ് 28) മുതൽ ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് ഉക്കാദ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതേ കുറിച്ച ഒരു സൂചനകളും ഹജ്, ഉംറ മന്ത്രാലയം ഇതുവരെ നൽകിയിട്ടില്ല. 
സ്വഫർ ഒന്നു മുതൽ രജിസ്റ്റർ ചെയ്യുന്നവർ 30-05-1444 (ഡിസംബർ 24) നു മുമ്പായി രണ്ടു ഗഢുക്കളായി ഫീസുകൾ അടക്കേണ്ടിവരും. ആദ്യ ഗഢു ഫീസ് രജിസ്‌ട്രേഷൻ നടത്തി 72 മണിക്കൂറിനകവും രണ്ടാം ഗഢു 30-05-1444 നു മുമ്പായും ആണ് അടക്കേണ്ടിവരിക. വൈകി രജിസ്റ്റർ ചെയ്യുന്നവർ 30-05-1444 നു ശേഷം 72 മണിക്കൂറിനുള്ളിൽ ഒറ്റത്തവണയായി ഫീസ് അടക്കേണ്ടിവരും. രജിസ്‌ട്രേഷൻ പൂർത്തിയാക്കി തീർഥാടകർ അടക്കുന്ന ഫീസുകൾ ആഭ്യന്തര ഹജ് സർവീസ് കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് റജബ് ഒന്നു മുതൽ ഹജ്, ഉംറ മന്ത്രാലയം ട്രാൻസ്ഫർ ചെയ്യും.  
അടുത്ത ഹജിന് മുൻകൂട്ടിയുള്ള തയാറെടുപ്പുകളുടെ ഭാഗമായി ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതിയുമായും ബിസിനസ് സൊല്യൂഷൻസ് പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായും ഹജ്, ഉംറ മന്ത്രാലയം കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. അടുത്ത ഹജിന് ഇക്കോണമി-2 എന്ന പേരിൽ നാലാമതൊരു പാക്കേജ് കൂടി ആരംഭിക്കാൻ ഹജ്, ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. മിനാക്ക് പുറത്തുള്ള കെട്ടിടങ്ങളിൽ താമസസൗകര്യം നൽകുന്ന പാക്കേജ് ആണിത്. 
ഇക്കഴിഞ്ഞ ഹജിന് നിലവിലുണ്ടായിരുന്ന പോലെ ആഭ്യന്തര ഹജ് തീർഥാകരെ തെരഞ്ഞെടുക്കാൻ ഇലക്‌ട്രോണിക് നറുക്കെടുപ്പ് നടത്തുന്ന രീതി അടുത്ത ഹജിനുണ്ടാകില്ല. ഈ രീതി എടുത്തുകളയാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഹജ് തീർഥാടകർക്ക് നേരിട്ട് രജിസ്‌ട്രേഷന് അവസരം ലഭിക്കും. 65 ൽ കൂടുതൽ പ്രായമുള്ളവർക്കു വേണ്ടി അടുത്ത ഹജിന് 25 ശതമാനം സീറ്റുകൾ നീക്കിവെക്കാനും അനുവദിക്കുമെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് ഉക്കാദ് റിപ്പോർട്ട് ചെയ്തു. 

Latest News