Sorry, you need to enable JavaScript to visit this website.

ടിക്കറ്റ് നിരക്കിൽ വൻ വർധന, മറ്റ് ജി.സി.സി രാജ്യങ്ങൾ വഴി യു.എ.ഇയിലെത്താൻ പ്രവാസികൾ

ദുബായ്- പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഇന്ത്യയിൽനിന്ന് യു. എ.ഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതോടെ പ്രവാസികൾ നെട്ടോട്ടത്തിൽ. അവധിക്ക് നാട്ടിലേക്ക് പോയ കുടുംബാംഗങ്ങളെ ഇപ്പോഴത്തെ നിരക്കിൽ തിരികെ കൊണ്ടുവരാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. മറ്റ് ജി.സി.സി രാജ്യങ്ങൾ വഴി കണക്ഷൻ ഫ്‌ളൈറ്റുകളിൽ ടിക്കറ്റെടുക്കുന്നതിന് താരതമ്യേനെ നിരക്ക് കുറവാണെന്നതിനാൽ പലരും ആ മാർഗമാണ് സ്വീകരിക്കുന്നത് ട്രാവൽ രംഗത്തുള്ളവർ പറയുന്നു. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾ വഴിയുള്ള ടിക്കറ്റുകളെടുക്കാനാണ് ആളുകൾ താൽപര്യം കാണിക്കുന്നത്. നിരക്ക് താരതമ്യേനെ കുറവാണെന്നതും, ധാരാളം കണക്ഷൻ ഫ്‌ളൈറ്റുകൾ ഉണ്ടെന്നതുമാണ് പ്രവാസികളെ ആകർഷിക്കുന്ന ഘടകമെന്ന് ട്രാവൽ ഏജൻസികളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് നേരിട്ട് വരുന്നതിന് 1500 മുതൽ 1900 ദിർഹം വരെയാണ് ഇക്കോണമി ക്ലാസിൽ വൺവേ ടിക്കറ്റ് നിരക്ക്. എന്നാൽ 900 ദിർഹത്തിന് മസ്‌കത്തിൽ എത്താൻ സാധിക്കും. അവിടെനിന്ന് 55 ദിർഹം കൊടുത്താൻ ബസിൽ യു.എ.ഇയിലെത്താം. ഒമാനിൽ ഓൺ അറൈവൽ വിസ കിട്ടാനും എളുപ്പമാണ്. ഒരാളുടെ ടിക്കറ്റിൽ മാത്രം 500 മുതൽ ആയിരം ദിർഹത്തിന്റെ കുറവ്. മൂന്നും നാലും പേരുള്ള കുടുംബങ്ങളെ കൊണ്ടുവരുന്ന പ്രവാസികൾക്ക് വലിയ വ്യത്യാസമാണ് ഇപ്രകാരം യാത്ര ചെയ്യുന്നതിലൂടെ ടിക്കറ്റ് നിരക്കിൽ കിട്ടുന്നത്. ഇടത്തരം വരുമാനക്കാരായ മിക്ക പ്രവാസികളും ഇത്തരം മാർഗങ്ങളിലൂടെയാണ് യു.എ.ഇയിൽ തിരിച്ചുവരുന്നത്. കേരളത്തിൽനിന്നുള്ള ചില കുടുംബങ്ങൾ ഒമാനിൽ ഏതാനും ദിവസം തങ്ങിയശേഷം യു.എ.ഇയിലേക്ക് പോകുന്ന രീതിയിലാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. മസ്‌കത്തിലും സലാലയിലുമുള്ള ബന്ധുക്കളെ കാണാൻ കൂടി ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് അവർ. ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾ വഴി വരുന്നവർക്കും നേരിട്ട് യു.എ.ഇയിൽ വരുന്നതിനേക്കാൾ ടിക്കറ്റ് നിരക്കിൽ കുറവ് ലഭിക്കുന്നുണ്ട്.
ഈയാഴ്ച ടിക്കറ്റ് നിരക്കിൽ ചെറിയൊരു കുറവുണ്ടെങ്കിലും അടുത്തയാഴ്ച വീണ്ടും കൂടുമെന്നാണ് ട്രാവൽ ഏജന്റുമാർ പറയുന്നത്.
 

Tags

Latest News