ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുടെ മദ്യപ്പാര്‍ട്ടി വീഡിയോ പുറത്തായി; ഡ്രഗ് ടെസ്റ്റ് നടത്തണമെന്ന് പ്രതിപക്ഷം

ഹെല്‍സിങ്കി- ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ പാര്‍ട്ടി നടത്തി ആഘോഷിച്ച് മദ്യസത്ക്കാരം നടത്തിയ വീഡിയോ പുറത്തായതോടെ വന്‍ വിവാദം. പ്രധാനമന്ത്രിക്ക് ഡ്രഗ് ടെസ്റ്റ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. രാജ്യം ഭരിക്കാതെ പ്രധാനമന്ത്രി പാര്‍ട്ടി നടത്തുകയാണെന്നും പദവിക്ക് ചേര്‍ന്ന പ്രവര്‍ത്തിയല്ല ഇതെന്നുമുള്ള വിമര്‍ശവും രാജ്യത്ത് ഉയരുന്നുണ്ട്.  

വീഡിയോ എടുക്കുന്നത് തനിക്ക് അറിയാമായിരുന്നെങ്കിലും പൊതുജനങ്ങള്‍ക്കിടയില്‍ വീഡിയോ പ്രചരിച്ചതില്‍ നിരാശയും ദുഃഖവുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ട്ടിയില്‍ മാത്രമാണ് താന്‍ മദ്യപിച്ചതെന്നും മറ്റൊരു സമയത്തും യാതൊരു ലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ മറുപടി പറഞ്ഞു. 

മറ്റെല്ലാവരേയും പോലെ ഒഴിവു സമയം സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിക്കാറുണ്ടെന്നും പാട്ടുപാടുന്നതും നൃത്തം ചെയ്യുന്നതും നിയമവിധേയമായ കാര്യങ്ങളാണെന്നും വിശദീകരിച്ച സെന്ന മരിന്‍ തന്റെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവും വരുത്തണമെന്നും തോന്നിയിട്ടില്ലെന്നും പറഞ്ഞു. യഥാര്‍ഥത്തില്‍ താന്‍ എങ്ങനെയാണോ അതുപോലെതന്നെയാണ് എല്ലായ്‌പ്പോഴുമെന്നും കൂട്ടിച്ചേര്‍ത്തു. 

സംഗീത പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുള്ള സന്ന മരിന്‍ സുഹൃത്തുക്കള്‍ക്കു വേണ്ടി സ്വകാര്യ വീട്ടിലായിരുന്നു പാര്‍ട്ടി നടത്തിയത്. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയ ശേഷം ക്ലബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത സംഭവം കഴിഞ്ഞ വര്‍ഷം വലിയ വിവാദമായിരുന്നു. തുടര്‍ന്ന് മാപ്പ് പറഞ്ഞ അവര്‍ വീണ്ടും വിവാദത്തിലേക്ക് വീഴുകയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 36 കാരിയായ സന്ന മരിന്‍.

Latest News