Sorry, you need to enable JavaScript to visit this website.

ഉയരട്ടെ വാൽസല്യ നിറമാർന്ന ശുഭ്ര പതാകകൾ

ഏറെ ഹൃദയഹാരിയാണ് റിച്ചാർഡ് പിൻഡെലിന്റെ 'ഏതോ ഒരാളുടെ മകൻ ' എന്ന ചെറുകഥ. വീട്ടിൽ നിന്ന് ഓടിപ്പോയ കുട്ടിയായ ഡേവിഡ് കുറെ നാളുകൾക്ക് ശേഷം വിദൂര ദിക്കിൽ ഒരു റോഡിന്റെ വശത്ത് ഇരുന്ന് അവന്റെ അമ്മക്ക് ഒരു കത്ത് എഴുതുന്നു. കർക്കശ പ്രകൃതക്കാരനായ അച്ഛൻ തന്നോട് ക്ഷമിക്കുമെന്ന പ്രതീക്ഷ അവൻ ആ കത്തിൽ പ്രകടിപ്പിക്കുന്നു.
തന്നെ വീണ്ടും മകനായി സ്വീകരിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെടണമെന്ന് അവൻ അമ്മക്ക് എഴുതുന്നു. സ്ഥിരം മേൽവിലാസമില്ലാത്തതിനാൽ മറുപടി എഴുതിയാൽ അവന് കിട്ടില്ല.
അച്ഛന്റെ പ്രതികരണം അവന് തിരിച്ചറിയാൻ ഒരു ഉപായം അവൻ മുന്നോട്ട് വെക്കുന്നു. 'ഏതാനും ദിവസങ്ങൾക്കുള്ളിൽ അമ്മേ ഞാൻ നമ്മുടെ നാട്ടിലൂടെ തീവണ്ടിയിൽ കടന്നു പോവും. അച്ഛൻ എന്നെ തിരികെ സ്വീകരിക്കുമെങ്കിൽ നമ്മുടെ വീടിനടുത്തുള്ള പറമ്പിലെ ആപ്പിൾ മരച്ചില്ലയിൽ ഒരു വെള്ളത്തുണി കെട്ടിത്തൂക്കിയിടാൻ പറയുമോ.'
കത്തിൽ പറഞ്ഞത് പോലെ ദിവസങ്ങൾക്കു ശേഷം ഡേവിഡ് തന്റെ വീടിന് സമീപത്ത് കൂടി കടന്നു പോവുന്ന ട്രെയിനിൽ കയറി. തീവണ്ടി അവന്റെ ഗ്രാമത്തിലൂടെ കടന്നു പോവാൻ നേരമായി. അടുത്തൊന്നും റെയിൽവേ സ്റ്റേഷനില്ല. അവനിൽ ആകാംക്ഷ കനംവെച്ചു. ആപ്പിൾ മരച്ചില്ലയിൽ  അച്ഛൻ വെളുത്ത തുണി തൂക്കിയിട്ടുണ്ടാകുമോ?
തീവണ്ടി ഗ്രാമത്തോടടുക്കുന്തോറും അവന്റെ ജിജ്ഞാസ പെരുകി.
അവന്റെ വീട് ഏതാനും നിമിഷങ്ങൾക്കുള്ളിൽ ദൃശ്യമാകും. പരിഭ്രാന്തനായ ഡേവിഡിന് അങ്ങോട്ട് നോക്കാൻ വയ്യ.
തന്റെ അരികിൽ ഇരിക്കുന്ന ആളുടെ നേരെ തിരിഞ്ഞു അവൻ പറഞ്ഞു:
'മിസ്റ്റർ, നിങ്ങൾ എനിക്കൊരു ഉപകാരം ചെയ്യുമോ? വലതു വശത്തുള്ള ഈ വളവിൽ നിങ്ങൾ ഒരു മരം കാണും. അതിൽ ഒരു വെള്ളത്തുണി കെട്ടിയുണ്ടെങ്കിൽ ഒന്നെന്നോട് പറയാമോ?'
മരം നിൽക്കുന്ന പറമ്പിന് സമീപത്തേക്ക് ട്രെയിൻ ചൂളം വിളിച്ചു പാഞ്ഞടുക്കുകയാണ്. ഡേവിഡ് അങ്ങോട്ട് നോക്കിയില്ല.
അവൻ നേരെ നോക്കിയിരുന്നു.
പിന്നെ, വിറയാർന്ന ശബ്ദത്തിൽ സഹയാത്രികനോട് അവൻ ചോദിച്ചു, 'പറയൂ ആ മരത്തിന്റെ ശാഖകളിലൊന്നിൽ ഒരു വെള്ളത്തുണി കെട്ടിയിട്ടതായി കണ്ടിരുന്നോ? '
ആ മനുഷ്യൻ ആശ്ചര്യകരമായ സ്വരത്തിൽ പറഞ്ഞു : 'കണ്ടു. ഒരു കൊമ്പിൽ മാത്രമല്ല കുട്ടീ, ആ മരത്തിന്റെ മിക്കവാറും എല്ലാ കൊമ്പിലും വെളുത്ത തുണികൾ കെട്ടിയിട്ടത് കണ്ടല്ലോ!'
പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തിലും പല കാരണങ്ങൾ കൊണ്ട് പിണങ്ങി അകന്ന് നിൽക്കുന്ന പലരും ഉണ്ടാവില്ലേ? അവരിൽ ചിലരെങ്കിലും തിരികെയെത്തി നമ്മുടെ സൗഹൃദവും സ്‌നേഹവും പരിലാളനയും നുകരാൻ ഏറെ കൊതിക്കുന്നുണ്ടാവില്ലേ? അപ്രതീക്ഷിതമായ ഒരു വാക്കിൽ, ഒരു പിഴവിൽ, ഒരു വികാര വിക്ഷോഭത്തിൽ ഉടക്കി  കാലങ്ങളായി അകലങ്ങളിൽ നിൽക്കുന്ന മക്കളും മാതാപിതാക്കളും, ഇണകളും കൂട്ടുകാരും സഹപ്രവർത്തകരും ബന്ധുക്കളും നമ്മുടെ കൂട്ടത്തിലുണ്ടാവും. അവർക്ക് വീണ്ടും നമ്മോട് അടുക്കാനും നമുക്ക് അവരോട് പൊറുക്കാനും കഴിയാതെ പോവുന്നതിന് നമ്മുടെ സവിശേഷ പ്രകൃതം കൂടി കാരണമാവുന്നുണ്ടാവില്ലേ?
വിട്ടുവീഴ്ചയും വിശാല മനസ്‌കതയും നമുക്കും ഉണ്ടാവേണ്ട ഗുണമല്ലേ?
നമ്മുടെ ജീവിതഭാരം ലഘൂകരിക്കാൻ അവ ഏറെ സഹായിക്കുമെന്ന് അറിയാത്തവരല്ലല്ലോ നമ്മൾ! നമ്മളിൽ നിന്ന് അവരും കൊതിക്കുന്നുണ്ടാവില്ലേ സ്‌നേഹപൂർവം തിരികെയെത്താനുള്ള കാരുണ്യമാർന്ന അനുവാദം വിളംബരം ചെയ്യുന്ന വാൽസല്യ നിറമാർന്ന ഒരു ശുഭ്ര പതാക?

Latest News