Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കല്‍പ്പറ്റ- രാഹുല്‍ ഗാന്ധി എം. പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. രാഹുല്‍ ഗാന്ധിയുടെ പി. എ രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്. ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ജാമ്യത്തില്‍ വിട്ടത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം വെള്ളിയാഴ്ച ഉച്ചയോടെയാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. 

അറസ്റ്റില്‍ പ്രതിഷേധിച്ച് എം. എല്‍. എമാരായ ടി. സിദ്ധിഖ്, ഐ. സി. ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നേതാക്കള്‍ കല്‍പ്പറ്റ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. 

ജൂണ്‍ 24നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയത്. പിന്നാലെ നടന്ന ആക്രമണത്തില്‍ ഓഫീസിലെ ഗാന്ധി ചിത്രം എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ എസ്. എഫ്. ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുമ്പോള്‍ അകത്തുണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫര്‍ തിരികെയെത്തിയപ്പോഴാണ് ഗാന്ധി ചിത്രം താഴെ കിടക്കുന്ന ചിത്രം പകര്‍ത്തിയത്. ഈ സമയം കോണ്‍ഗ്രസ്, യു. ഡി. എഫ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു ഓഫീസിനുള്ളില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

കേസില്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ കെ. പി. സി. സി അധ്യക്ഷന്‍ കെ. സുധാകരനും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് അറസ്റ്റ് ചെയ്ത പോലീസ് നടപടിയെന്ന് സുധാകരന്‍ പറഞ്ഞു. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണ് അറസ്റ്റ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് നിരപരാധികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിക്കുന്നത് മുന്‍പ് തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതായും കെ. സുധാകരന്‍ ആരോപിച്ചു. 

ഓഫീസ് തല്ലിത്തകര്‍ത്ത എസ്. എഫ്. ഐക്കാരെയും അതിന് ഒത്താശ ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഡി. വൈ. എസ്. പിയെ സസ്പെന്‍ഡ് ചെയ്തത് ഒഴിച്ചാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയ മറ്റുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.

Latest News