ഫ്‌ളാറ്റുകളിലെ നിരീക്ഷണം ശക്തമാക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

കൊച്ചി- കുറ്റകൃത്യങ്ങള്‍ തടയാന്‍ ഫ്ളാറ്റുകളിലെ നിരീക്ഷണം ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി. എച്ച്. നാഗരാജു അറിയിച്ചു. ഇത് സംബന്ധിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ഫ്ളാറ്റ്, വീട് ഉടമകള്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തും. 

പോലീസ് പരിശോധന പൂര്‍ത്തിയായവര്‍ക്ക് മാത്രം വാടകയ്ക്ക് നല്‍കണമെന്നും കമ്മീഷണര്‍ പറഞ്ഞു. കാക്കനാട് ഫ്ളാറ്റിലെ കൊലപാതകവുമായിബന്ധപ്പെട്ടാണ് പോലീസിന്റെ നടപടി. ലഹരി മരുന്നുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട സജീവ് കൃഷ്ണയും പ്രതിയായ അര്‍ഷാദും ലഹരിക്ക് അടിമകളാണെന്നും പിടിയിലാകുമ്പോള്‍ അര്‍ഷാദിന്റെ കൈവശം മയക്കുമരുന്നുകളുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കൊണ്ടോട്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അര്‍ഷാദ്. അര്‍ഷാദിന്റെ സഹായി അശ്വന്തും പോലീസ് പിടിയിലാണ്. 

പോലീസിനെ കണ്ട് ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് അര്‍ഷാദ് പിടിയിലായത്. മൃതദേഹം കണ്ടെത്തിയ കാക്കനാട്ടെ ഫ്ളാറ്റില്‍ സി. സി. ടി. വി സ്ഥാപിച്ചിരുന്നില്ല. ഫ്ളാറ്റില്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നതായും എന്നാല്‍ ആരും പോലീസിനെ അറിയിച്ചില്ലെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു. ഫ്ളാറ്റില്‍ നിന്ന് ലഹരി മരുന്ന് ലഭിച്ചില്ലെങ്കിലും ംശയകരമായ ചില സൂചനകള്‍ കണ്ടെത്തിയതായും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

Latest News