Sorry, you need to enable JavaScript to visit this website.

ഓൺലൈനും 'ഭാരത് ജോഡോ'യും

'അവളെ പേടിച്ചാരും നേർവഴി നടപ്പീല' എന്ന് ഒരു പഴംപുരാണത്തിലെ പരാമർശം ഇന്നു പലരും ഓർത്തു ഞെട്ടിത്തരിക്കുന്നുണ്ട്. കാലത്തിനനുസരിച്ച കോലം എന്നു പറഞ്ഞതുപോലെ 'അവളുടെ' സ്ഥാനത്ത് ഇന്ന് 'ഇ.ഡി' കയറിക്കൂടി. കരുവന്നൂരല്ല, കന്യാകുമാരിയായാലും നാട്ടുക്കോട്ട ചെട്ട്യാരുടെയും മോന്റെയും കമ്പനികളായാലും ഇ.ഡിക്കു മുന്നിൽ മുട്ടുവിറക്കും. നാഷണൽ റെഡാൾഡല്ല, അതിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന യംഗ് ഇന്ത്യ ആയാലും വിറക്കും. വിറയൽ ബാധിക്കാതെ അവശേഷിക്കുന്നത് ജുഡീഷ്യറി മാത്രം. എന്തിനാണ് വ്യക്തമായ ആക്ഷേപവും ആവശ്യവുമില്ലാതെ ഒരു അന്വേഷണം എന്നാണ് ചോദ്യം. ആഹാ, ഇതു നല്ല ചോദ്യം! മാസാമാസം ശമ്പളവും വാങ്ങി വെറുതെ ഉണ്ടും ഉറങ്ങിയും കഴിയാൻ ഇ.ഡിയെ കിട്ടില്ല എന്നാണ് ഉത്തരം. തോമസ് ഐസക് ഡോക്ടറെ പിടികൂടിയപ്പോൾ, പിടിയുടെ അറ്റത്ത് പുലിവാലാണെന്ന് ഇ.ഡി വിദഗ്ധന്മാർ അറിഞ്ഞില്ലെന്നു തോന്നുന്നു. ലോകാരാധ്യനായ സാമ്പത്തിക വിദഗ്ധൻ. കേരളത്തിൽ ജനിച്ചുപോയതിനാൽ മാത്രം ഇടതു വല്യേട്ടന്റെ കൂടെ ഒതുങ്ങി സേവിച്ചു പോരുന്നു. അദ്ദേഹവും ജി. സുധാകരൻ എന്ന കവിയദ്ദേഹവും സേവിച്ചിട്ടും സ്വന്തം ജില്ല ഇന്നും എല്ലാ രോഗങ്ങളുടെയും പ്രഭവ കേന്ദ്രമായി തുടരുന്നതിന്റെ ഗുട്ടൻസ് ആണ് ആർക്കും മനസ്സിലാകാത്തത്. 'ആപത്തിൽ സഹായിക്കുന്നവനാണ് യഥാർഥ മിത്രം' എന്നാണ് ആപ്ത വാക്യം. അതനുസരിച്ചാണെങ്കിൽ തോമസ് ഐസക്കിന് ഒറ്റ സുഹൃത്തേയുള്ളൂ, വി.ഡി. സതീശനാശൻ. 'നടയിൽ കൊണ്ടു ചെന്നിട്ടു കുടം ഇട്ടുടയ്ക്കുക' എന്നൊരു വിഡ്ഢി പരാമർശമുണ്ട്. ഏതൊരു സമരം തുടങ്ങിയാലും അത് സെമിഫൈനലിൽ എത്തുമ്പോഴേ സ്വയം ഔട്ടാകുന്ന റെക്കോർഡണല്ലോ നമ്മുടെ പ്രതിപക്ഷത്തിന്റേത്. സമരത്തിരക്കിനിടയിൽ ആശാൻ ഒരു മിനിട്ട് 'എബൗട്ടേൻ' അടിച്ച് ഐസക്കിനു സമീപം ചെന്നു പിന്തുണ പ്രഖ്യാപിച്ചു. അതോടെ കോൺഗ്രസ് സമരങ്ങളുടെ ഗ്യാസ് പോയി. ഇനിയുള്ള പ്രതീക്ഷ രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ' യാത്രയിലാണ്. അത് 'ഭാരത് ഛോഡോ' ആകാതിരുന്നാൽ ഭാഗ്യം. മോഡിജിയും കൂട്ടരും മമ്മിയെയും മക്കളെയും നാടുവിടുന്ന ഘട്ടത്തിൽ കൊണ്ടെത്തിക്കുമെന്നാണ് ഭയം. പണ്ട് വി.കെ.എൻ കോൺഗ്രസിന്റെ ദില്ലി സമ്മേളനത്തൈക്കുറിച്ചെഴുതിയ ഒരു ഭാഗമുണ്ട്- എരമ്പി സദ്യ. സൂക്ഷ്മം അതെന്തിനായിരുന്നുവെന്നു ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. രാഹുലൻ സെപ്തംബർ 11 ന് തുടങ്ങുന്ന 'ജോഡോ'യുടെ കാര്യവും അതു തന്നെ. അതെന്തിനാണെന്ന് ഏതെങ്കിലും ഖദർവാലയോടു ചോദിച്ചു നോക്കു. അല്ലെങ്കിൽ വേണ്ട, പാവത്തെ വെറുതെ കുഴപ്പത്തിലാക്കണ്ട. നിന്ന നിലയിൽ അപ്രത്യക്ഷനായിക്കളയും!
****                                   ****                      ****
പ്രതിപക്ഷ നേതാവും സ്വന്തം നിലയിൽ മലയാള ഭാഷക്ക് ചില സംഭാവനകൾ നൽകാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സ്വാഗതം! പക്ഷേ മുമ്പു സൂചിപ്പിച്ച 'സെമിഫൈനൽ സിൻഡ്രോം' ബാധിച്ചാൽ പിന്നെ രക്ഷയില്ല. എ.കെ.ജി സെന്ററിൽ കോൺഗ്രസുകാർ പടക്കമെറിഞ്ഞെന്ന് ഇ.പി. ജയരാജൻ സഖാവ് വെളിപ്പെടുത്തിയപ്പോഴാണ് കുടുംബ ബന്ധു കൂടിയായ പി.കെ. ശ്രീമതി സഖാവ് അതിഭയങ്കരമായി കിടുങ്ങിപ്പോയതെന്നു തോന്നുന്നു.
കേസിനു ബലം കൂട്ടാൻ ആ 'കിടുക്കം' ധാരാളം മതി. അതുകൊണ്ടാണ് സതീശനാശാൻ ശ്രീമതി സഖാവിന് 'കുടുങ്ങാക്ഷിയമ്മ'പ്പട്ടം നൽകിയത്. പക്ഷേ, അതു പൻവലിക്കാനുള്ള തീരുമാനം കുറഞ്ഞ പക്ഷം സ്വന്തം പാർട്ടിക്കാരെയെങ്കിലും ഞെട്ടിച്ചു. കേരളമൊട്ടാകെ, അനേകായിരം ബാനറുകൾക്കും ഫ്‌ളക്‌സ് ബോർഡുകൾക്കും ഏർപ്പാടു ചെയ്തിട്ട് അന്തിയുറങ്ങാൻ പോയ ഖദർ ബ്രദേഴ്‌സ് എല്ലാം പിറ്റേന്നു രാവിലെ വാർത്ത കേട്ടു 'കിടുങ്ങി'പ്പോയി. പ്രസ്താവന പിൻവലിക്കാൻ നിമിഷം മതി. പോസ്റ്ററും ബാനറും ഫ്‌ളക്‌സുമൊന്നും അത്ര വേഗം തീരുന്ന കേസല്ല.
'ഓൺ ലൈൻ' തലയക്കു പിടിച്ചാൽ ചികിത്സ വേറെ വേണ്ടിവരും. മന്ത്രിയായാലും തഥൈവ! വല്യേട്ടന്റെ പാർട്ടി സംസ്ഥാന സമിതി മൂന്നാമത്തെ നിലയിൽ യോഗം ചേരുന്നതിനിടയിൽ കണ്ടുപിടിച്ചതാണ് ആ രോഗം. പ്രവർത്തന റിപ്പോർട്ട് എന്ന മെഡിക്കൽ റിപ്പോർട്ടിൽ കണ്ട വിവരങ്ങൾ മുഖ്യനുൾപ്പെടെയുള്ള വരെ ഞെട്ടിച്ചു. ജനാലയിലൂടെ താഴേക്കു നോക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്, സർക്കാരിന്റെ പ്രവർത്തനം 'സെന്ററിന്റെ' മറ്റുത്തു കിടന്നു 'പിച്ചവെക്കുന്ന'തേയുള്ളൂ, ഉയരുന്നില്ല; ച്ചാൽ, എണീറ്റു നേരേ ചൊവ്വേ നടക്കുന്നില്ല. എന്നാൽ ജനങ്ങൾ റോഡിലും പീടികത്തിണ്ണകളിലുമായി കൂട്ടംകൂടി നിന്ന് 'കുഞ്ഞുമന്ത്രി' മാരെത്തന്നെ ഉറ്റുനോക്കുന്നുണ്ട്. അതായത് 3.22 കോടിയുടെ പുതിയ വാഹനങ്ങൾ വാങ്ങൂ, അവയിൽ കയറി മുന്നോട്ടു നീങ്ങൂ എന്ന് ആഹ്വാനം ചെയ്യുകയാണവർ! വീണ്ടും മെഡിക്കൽ റിപ്പോർട്ട് വായന തുടർന്നു. ചില മന്ത്രിമാരുടെ പ്രവർത്തനം അടിമുടി മാറണം. അതിന് അവർ മന്ത്രിമാരാണെന്ന് ക്ലാസെടുത്തു ബോധ്യപ്പെടുത്തേണ്ട ജോലി സംസ്ഥാന സമിതിയും എം.എ. ബേബി ഗുരുവും ഏറ്റെടുക്കണം. വെറുതെ നീലക്കണ്ണാടിക്കു മുന്നിൽ നിന്നു നോക്കിയാൽ വിശ്വസിക്കില്ല; അതിനുള്ള പ്രായമായിട്ടില്ല. 'വിളിച്ചാൽ ഫോണെടുക്കുന്നില്ല' എന്നു പോലും ചില മന്ത്രിമാരെക്കുറിച്ചു പരാതിയുണ്ടത്രേ! ഫോണെടുക്കാൻ ഒരു സഖാവിനെ കൂടി 'പേഴ്‌സണൽ സ്റ്റാഫി'ൽ  ഉൾപ്പെടുത്തിയാൽ പ്രശ്‌നം തീരും. ഗവർണർ ഇക്കാര്യത്തിൽ വല്ലതും മുറുമുറുത്തേക്കും. പോകാൻ പറ! കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ജനങ്ങൾക്കിടയിലുണ്ടെന്ന തോന്നലുണ്ടായിരുന്നു. ഇത്തവണ പിഞ്ചുകുഞ്ഞുങ്ങളാണ.് കോവിഡ് വീണ്ടും വരുന്നുണ്ട്. മഴയത്ത് ജനങ്ങൾക്കിടയിൽ ഇറങ്ങി നടന്നു പനിയും അനുബന്ധ ചുമയും ജലദോഷവും പിടിപെട്ടാൽ, വിദേശത്തു പോകാനും വിദഗ്ധ ചികിത്സയ്ക്കും വേണ്ടിവരുന്ന ചെലവ് ആരു വഹിക്കും? സർക്കാരിന് അതൊരു പേരുദോഷമാകില്ലേ? മറ്റൊന്ന് പ്രാദേശിക രാഷ്ട്രീയ പ്രാധാന്യം  എഴുതി വായിച്ചു കേൾപിച്ചാൽ പോലും മന്ത്രിമാർ പൊതുപരിപാടികളിൽ എത്തുന്നില്ല. അവർക്ക് 'ഓൺലൈൻ' ഗെയിം ആണ് കമ്പം. നേരിട്ട് ആരെയും കാണണ്ട. പാർട്ടി പ്രവർത്തകരെപ്പോലും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്. പലതും ചോരുന്നുമുണ്ട്. 'ഓൺലൈൻ'വിട്ടു പുറത്തേക്കിറങ്ങാൻ നൂറു പോലീസിനെ വീതം അഡീഷണലായി അനുവദിക്കണം. ക്ലീൻ! കരിങ്കൊടി പൂർണമായും നിരോധിക്കുകയും ചെയ്യാം. കേന്ദ്രത്തിനും അതോടെ സന്തോഷമാകും. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനങ്ങളിലേക്ക് ഇപ്പോൾ തന്നെ ഇറങ്ങിച്ചെല്ലണം. അതിനായി പാർട്ടി മന്ദിരത്തിൽനിന്നും താഴേക്ക് നല്ല ബലമുള്ള ഏണികൾ ഏർപ്പാടു ചെയ്തിട്ടുണ്ട്. പിന്നെ ജനപ്രിയ പരിപാടികൾ അകത്ത് കംപ്യൂട്ടറിൽ 'പ്രോഗാം' ചെയ്തു വരുന്നുണ്ട്. നിശ്ചയമായും 'ഓണക്കിറ്റിനു' പുറമെ മധുരമുള്ള ചോക്ക്‌ലറ്റുകളും ഇത്തവണ പദ്ധതികളിലുണ്ട്. കാത്തിരുന്നു കാണുക!
 

Latest News