Sorry, you need to enable JavaScript to visit this website.

പാരമ്പര്യത്തിൻ്റെ കീർത്തി

മാതാപിതാക്കൾക്കും ചേച്ചിക്കുമൊപ്പം

പ്രശസ്ത അഭിനേത്രിയായിരുന്ന സാവിത്രിയുടെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കിയ മഹാനടി എന്ന തെലുങ്കു ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരത്തിലേയ്ക്കു നടന്നുകയറിയ അഭിനയ മികവാണ് കീർത്തി സുരേഷിന്റേത്. മലയാളികളുടെ പ്രിയതാരമായിരുന്ന മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകൾക്ക് അഭിനയം രക്തത്തിൽ അലിഞ്ഞുചേർന്ന വികാരമായിരുന്നു. അച്ഛൻ നിർമിച്ച ചിത്രങ്ങളിൽ ബാലതാരമായിട്ടായിരുന്നു കീർത്തി ക്യാമറക്കു മുന്നിലെത്തിയത്. കുബേരൻ, പൈലറ്റ്‌സ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായെങ്കിലും പിന്നീട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ചെന്നൈ പേൾ അക്കാദമിയിൽനിന്നും ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടി. തുടർന്ന് ലണ്ടനിൽനിന്നും ഇന്റേൺഷിപ്പും പൂർത്തിയാക്കി.
അമ്മയെപ്പോലെ അഭിനയ വഴിയിൽ മുന്നേറണമെന്നായിരുന്നു കുട്ടിക്കാലം തൊട്ടേയുള്ള ആഗ്രഹമെങ്കിലും പഠനത്തിനു ശേഷം മാത്രം അഭിനയം എന്നതായിരുന്നു മാതാപിതാക്കളുടെ നിബന്ധന. പഠനാനന്തരം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗീതാഞ്ജലി എന്ന ഹൊറർ ചിത്രത്തിലൂടെ ഗീത, അഞ്ജലി എന്നീ ഇരട്ട വേഷങ്ങളിലൂടെയാണ് നായികയായി അരങ്ങേറിയത്. റിംഗ് മാസ്റ്റർ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അന്ധയായ കാർത്തികയെയും അവതരിപ്പിച്ചു.


മലയാളത്തിൽ നിന്നും അന്യഭാഷകളിലേയ്ക്കുള്ള ചുവടുവെയ്പായിരുന്നു പിന്നീട് കണ്ടത്. തമിഴിലും തെലുങ്കിലും തിരക്കുള്ള നായികയായി മാറുകയായിരുന്ന കീർത്തി. “ഇത് എന്ന മായം' എന്ന ചിത്രത്തിലെ മായയായും തൊടാരിയിലെ സരോജയായും റെമോയിലെ ഡോക്ടർ കാവ്യയായും ഭൈരവിയിലെ മലർവിഴിയായും പാമ്പുസട്ടൈയിലെ വേണിയായും സണ്ടക്കോഴിയിലെ ചെമ്പരുത്തിയായും അണ്ണാത്തെയിലെ തങ്കമീനാക്ഷിയായുമെല്ലാം തമിഴകത്തിന്റെ മനസ്സ് കീഴടക്കി. നേനു ശൈലജ എന്ന ചിത്രത്തിലെ ശൈലജയെ അവതരിപ്പിച്ചുകൊണ്ടായിരുന്നു തെലുങ്കിലെ തുടക്കം. 
അജ്ഞാതവാസിയിലെ സുകുമാരി, മൻമധുഡുവിലെ സുമ, മിസ് ഇന്ത്യയിലെ മാനസസംയുക്ത, രംഗ്‌ദേയിലെ അനുപമ, സർക്കാർ വാരിപടയിലെ കലാവതി... തുടങ്ങി തെലുങ്കിലും സജീവ സാന്നിധ്യമായി മാറി.
എട്ടു വർഷത്തിനു ശേഷം മലയാളത്തിലേക്കു മടങ്ങിയെത്തിയ കീർത്തി മോഹൻലാൽ, പ്രിയദർശൻ ടീമിനൊപ്പമായിരുന്നു വീണ്ടും തിരിച്ചുവരവ് നടത്തിയത്. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രത്തിലൂടെ. തുടർന്ന് വാശി എന്ന ചിത്രത്തിലും വേഷമിട്ടു. 
ടൊവിനോ നായകനായ ഈ ചിത്രത്തിൽ കുടുംബാംഗങ്ങളുടെ കൂടിച്ചേരൽ കൂടിയായിരുന്നു കണ്ടത്. അച്ഛന്റെ നിർമമ്മാണ നിർവഹണത്തിൽ പങ്കാളികളായി അമ്മയും സഹോദരിയും ചേർന്നതോടെയാണ് ഇതൊരു കുടുംബ ചിത്രമായത്. ചിത്രത്തിൽ അച്ഛൻ വേഷമിടുകയും ചെയ്തു. ഇതൊന്നും മുൻകൂട്ടി നിശ്ചയിച്ചതായിരുന്നില്ല. ഒരു നിയോഗമെന്നോണം യാദൃഛികമായി സംഭവിച്ചുവെന്നു മാത്രം. കീർത്തി പറഞ്ഞുതുടങ്ങുന്നു.

വാശിയിലെത്തിയത്?
സംവിധായകൻ വിഷ്ണു ജി. രാഘവാണ് വാശിയുടെ കഥ ആദ്യമായി എന്നോടു പറയുന്നത്. ബന്ധുവായ സന്ദീപേട്ടനാണ് നിർമാണവുമായി ബന്ധപ്പെട്ട് അച്ഛനെ സമീപിച്ചത്. കൂടെ അമ്മയും ചേച്ചിയും ചേരുകയായിരുന്നു. നായികയ്ക്കും നായകനും തുല്യ പ്രാധാന്യമുള്ള ചിത്രമായിരുന്നു വാശി. കഥ കേട്ടപ്പോൾ തന്നെ എന്തോ ഒരു പുതുമ തോന്നിയിരുന്നു. ചിത്രത്തിന്റെ വിജയത്തിനു പിന്നിൽ ഏറെ പേരുടെ അധ്വാനമുണ്ടായിരുന്നു. 

അച്ഛനോടൊപ്പം വേഷമിട്ടപ്പോൾ?
സെറ്റിലെത്തിയപ്പോൾ അച്ഛൻ മകൾ എന്ന ബന്ധം മാറി. കൂടെ വേഷമിടുന്നയാൾ എന്ന നിലയിലായിരുന്നു. ഞങ്ങൾ ഒന്നിച്ചുവരുന്ന ആദ്യ സീനിൽ എന്തെങ്കിലും സംസാരിച്ചിരിക്കാൻ സംവിധായകൻ പറയുമായിരുന്നു. എന്തു സംസാരിക്കും, എങ്ങനെ സംസാരിക്കും എന്നെല്ലാം ചിന്തിച്ചിരുന്നു. ഒടുവിൽ ഡയലോഗുകൾ എത്തിയപ്പോൾ അത്തരം വിഷമതകൾ അവസാനിച്ചു. ഓരോ രംഗവും കൃത്യമായി മനസ്സിലാക്കിയ ശേഷമായിരുന്നു അഭിനയിച്ചിരുന്നത്. അതിന് ഫലവുമുണ്ടായി. മികച്ച പ്രതികരണമാണ് വാശിക്ക് ലഭിച്ചത്.

അഭിനയമാണ് തന്റെ ലോകം എന്ന തിരിച്ചറിവ്?
സിനിമാഭിനയം എന്റെ ആഗ്രഹവും സ്വപ്‌നവുമായിരുന്നു. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പോൾ തുടർന്നു പഠിക്കുന്നതിനേക്കാൾ താൽപര്യം അഭിനയിക്കാനാണ് എന്നായിരുന്നു അച്ഛനോടു പറഞ്ഞത്. അഭിനയം ഒരു പ്രൊഫഷനാക്കണമെന്നായിരുന്നു അന്നേ ആഗ്രഹിച്ചതെങ്കിലും അച്ഛനും അമ്മയും എതിർത്തു. 
ആ എതിർപ്പിനോട് ഒരു തരം വാശിയായിരുന്നു. അമ്മയും ചേച്ചിയും നന്നായി സപ്പോർട്ട് ചെയ്തു. ഓരോ സിനിമയും ഓരോ പാഠപുസ്തകങ്ങളായിരുന്നു. ദിവസവും പുതിയ കാര്യങ്ങളാണ് പഠിക്കുന്നത്. ചിലപ്പോൾ ചിന്തിക്കുക പോലുമില്ലാത്ത കാര്യങ്ങളായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. വ്യത്യസ്ത ഭാഷകളിൽ നിരവധി പ്രമുഖ താരങ്ങളോടൊപ്പം അഭിനയിക്കാനും അനുഭവ സമ്പത്തും അറിവുമുള്ള ഒട്ടേറെ സംവിധായകരുടെ ചിത്രങ്ങളിൽ വേഷമിടാനും കഴിഞ്ഞു. നേരത്തെ അഭിനയിച്ച ചിത്രങ്ങൾ കാണുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നു തോന്നാറുണ്ട്.

ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ?
തികച്ചും അപ്രതീക്ഷിത ഭാഗ്യമെന്നു പറയാം. ഒരിക്കലും കരുതിയിരുന്നില്ല സാവിത്രിയെ തേടി ഇത്രയും വലിയൊരു അംഗീകാരം ലഭിക്കുമെന്ന്. സിനിമ തിരക്കുകളിൽപെട്ട് ഈ അവാർഡിനെക്കുറിച്ച് ഓർത്തതു പോലുമുണ്ടായില്ല. അവാർഡ് സ്വീകരിക്കാൻ മാതാപിതാക്കൾക്കൊപ്പമാണ് പോയത്. പുരസ്‌കാരം സ്വീകരിക്കാൻ വേദിയിലെത്തിയപ്പോൾ ആദ്യം തിരഞ്ഞത് അവരെയായിരുന്നു. അവരുടെ മുഖത്തെ സന്തോഷം കാണേണ്ടതു തന്നെയായിരുന്നു. ഞാൻ തെരഞ്ഞെടുത്ത വഴിയിൽ അവർ തൃപ്തരാണെന്നു എനിക്കു മനസ്സിലായി.
 

അമ്മയിൽനിന്നും ലഭിച്ച പാഠം?
എന്നിലെ നിഷ്‌കളങ്കതയും കളിയും തമാശകളുമെല്ലാം അമ്മയിൽനിന്നും കിട്ടിയതാണ്. കുഞ്ഞുന്നാൾ തൊട്ടേ മലയാളത്തോടൊപ്പം തമിഴും അമ്മ പഠിപ്പിക്കുമായിരുന്നു. ഇപ്പോൾ തമിഴിലുള്ള തിരക്കഥകൾ വായിക്കുമ്പോഴാണ് അമ്മയുടെ ലക്ഷ്യമെന്തായിരുന്നു എന്നു മനസ്സിലായത്. 
അക്കാര്യത്തിൽ എന്നും അമ്മയോട് നന്ദി പറയാറുണ്ട്. അച്ഛനോട് മലയാളത്തിൽ സംസാരിക്കുമ്പോൾ അമ്മയോട് തമിഴിലാണ് സംസാരിച്ചിരുന്നത്. രണ്ടു ഭാഷകൾ ഒരേ സമയം കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ലഭിച്ചതും ഇതിലൂടെയാണ്.

മലയാളത്തിൽനിന്നും വഴിമാറിയത്?
മനഃപൂർവം മാറിയതല്ല. ഗീതാഞ്ജലിയും റിങ് മാസ്റ്ററും കഴിഞ്ഞപ്പോൾ തമിഴിൽനിന്നും തെലുങ്കിൽനിന്നും നിരവധി ഓഫറുകളാണ് ലഭിച്ചത്. ക്രമേണ അന്യഭാഷകളിൽ സജീവമാവുകയായിരുന്നു. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാളത്തിലെത്തിയത്.

കുബേരനിൽനിന്നും വാശിയിലെത്തി നിൽക്കുമ്പോൾ?

ആഗ്രഹിച്ചു നേടിയെടുത്ത ഒരു ജോലിയിൽ വിജയിച്ചു എന്ന സന്തോഷം ഏറെയുണ്ട്. ഒരു തുടക്കക്കാരിയുടെ കൗതുകത്തോടെയാണ് ഒാരോ സിനിമയിലും വേഷമിടുന്നത്. സിനിമ ഒരു കടൽ പോലെയാണെന്നു തോന്നിയിട്ടുണ്ട്. കാരണം അതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയായിരിക്കും അടുത്ത ചിത്രത്തിൽ അവതരിപ്പിക്കേണ്ടിവരാറ്. ഒരുപാടു വേഷങ്ങൾ ഇനിയും അവതരിപ്പിക്കണമെന്നുണ്ട്. ഇതുവരെയെത്തിയതിൽ തന്നെ എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്.
പുതിയ ചിത്രങ്ങൾ?
തമിഴിൽ മാമനൻ എന്ന ചിത്രത്തിൽ വേഷമിട്ടുകഴിഞ്ഞു. ഉടനെ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഉദയനിധി സ്റ്റാലിൻ അവസാനമായി അഭിനയിച്ച ചിത്രമാണിത്. വടിവേലുവും ഫഹദും ചിത്രത്തിൽ വേഷമിടുന്നുണ്ട്. തെലുങ്കിൽ നാനിക്കൊപ്പം ദസരയും, ബോലാ ശങ്കർ എന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരി വേഷവും അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Latest News