മന്ത്രിമാര്‍ക്കായി 10 ഇന്നോവ ക്രിസ്റ്റ വരുന്നു, ചെലവ് 3.22 കോടി

തിരുവനന്തപുരം- കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാര്‍, മുഖ്യമന്ത്രിക്കു പിന്നാലെ 10 മന്ത്രിമാര്‍ക്കുകൂടി പുതിയ കാര്‍ വാങ്ങുന്നു. ധനവകുപ്പിന്റെ എതിര്‍പ്പു മറികടന്നാണ് ടൂറിസം വകുപ്പ് ഇതിനായി 3.22 കോടി രൂപ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 10 വാഹനങ്ങള്‍ വാങ്ങുന്നതിനെ ധനകാര്യ വകുപ്പ് എതിര്‍ത്തിരുന്നു. നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്‍ സമര്‍പ്പിക്കാന്‍ ടൂറിസം വകുപ്പിനോടു ധനവകുപ്പ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മന്ത്രിമാരുടെ ആവശ്യംകൂടി പരിഗണിച്ച് അഞ്ചു വാഹനങ്ങള്‍ വാങ്ങാന്‍ പിന്നീടു ധനവകുപ്പ് അനുമതി നല്‍കി. തുടര്‍ന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ചു  തീരുമാനമെടുപ്പിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കു കാര്‍ണിവല്‍ കാറാണ് വാങ്ങിയത്. മന്ത്രിമാര്‍ക്കായി വാങ്ങുന്നത് ഇന്നോവ ക്രിസ്റ്റയാണ്. ഒരു കാറിന് 32.2 ലക്ഷം രൂപ വിലവരും. 'സ്‌റ്റേറ്റ് ഹോസ്പിറ്റാലിയുടെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ നിലവിലുള്ള വാഹനങ്ങള്‍ അപര്യാപ്തമാണെന്നും അതുകൊണ്ട് 10 വാഹനങ്ങള്‍ വാങ്ങുന്നു' എന്നും വ്യക്തമാക്കിയാണ് മന്ത്രിമാര്‍ക്കായി പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ടൂറിസം വകുപ്പ് തുക അനുവദിച്ചത്. മന്ത്രിമാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനം പുതിയ കാര്‍ വരുമ്പോള്‍ ടൂറിസം വകുപ്പിനു തിരികെ ലഭിക്കും.

 

Latest News