മുംബൈ- പതിനേഴുവയസുകാരിയെ പൊതുസ്ഥലത്ത് കടന്നു പിടിച്ചയാള്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ദിനേഷ് ഗൗഡ് (33) ആണ് പിടിയിലായത്. ആക്രമണത്തിനിടയില്‍ പെണ്‍കുട്ടി ഇയാളുടെ മുഖത്ത് കടിച്ച മുറിപ്പാടാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.
ഓഗസ്റ്റ് 11 നാണ് താനെയില്‍ ഘോഡ്ബന്ദര്‍ റോഡിലെ ആകാശപാതയിലൂടെ നടക്കുന്നതിനിടെ ദിനേഷ് പെണ്‍കുട്ടിയെ കടന്നു പിടിച്ചത്. ഇയാളുടെ മുഖത്ത് കടിച്ച ശേഷമാണ് പെണ്‍കുട്ടി കുതറിയോടി സമീപത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
സംഭവം പുറത്തു വന്നതോടെ സ്ത്രീ സുരക്ഷയെ സംബന്ധിച്ച് നിരവധിപ്പേര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതോടെ സംഭവത്തില്‍ പുതിയ അന്വേഷണസംഘം രൂപീകരിച്ച് പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണ്. പ്രതിയെക്കുറിച്ച് പോലീസിനു ആകെ ലഭിച്ച സൂചന കടിച്ച പാടായിരുന്നു എന്നു വര്‍ത്തക നഗര്‍ ഡിവിഷന് അസിസ്റ്റന്റ് മപാലീസ് കമ്മീഷ്ണര്‍ നിലേഷ് സോനവാനെ പറഞ്ഞു. പ്രതിയെ പോക്സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.