മലപ്പുറം/കോഴിക്കോട്- കതുവ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കഴാള്ച സോഷ്യല്‍മീഡിയ ആഹ്വാനപ്രകാരം നടന്ന ഹര്‍ത്താലിനിടെ തീവ്രവാദ ഗ്രൂപ്പുകള്‍ അക്രമം നടത്തിയതായ സംശയം ബലപ്പെടുന്നു. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. പോലീസ് സ്റ്റേഷനുകളില്‍ സൈബര്‍ വിംഗുകള്‍ തുടങ്ങാനും ഇതോടെ തീരുമാനമായി. അതിനിടെ, ഹര്‍ത്താലിന്റെ പേരില്‍ മുസ്ലിം പീഡനമെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തുവന്നു. വിവിധ സ്ഥലങ്ങളിലായി നൂറുകണക്കിനാളുകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരും നിരീക്ഷണത്തിലാണ്.
മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍ മേഖലകളില്‍ ഹര്‍ത്താല്‍ ദിനം മുതല്‍ നിരോധാജ്ഞ തുടരുകയാണ്. കോഴിക്കോട് നഗരത്തിലും നിരോധാജ്ഞ ഏര്‍പ്പെടുത്തി. പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചിട്ടുണ്ട്. സാഹചര്യം മുതലെടുത്ത് ചില ഗ്രൂപ്പുകള്‍ സംഘര്‍ഷമുണ്ടാക്കുമെന്ന് പോലീസ് ഭയക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലെ താനൂരില്‍ ചില കടകള്‍ക്ക് നേരെ നടന്ന ആക്രമങ്ങളില്‍ വര്‍ഗീയ ഗ്രൂപ്പുകളുടെ പങ്കുണ്ടെന്ന സംശയം ബലപ്പെട്ടിട്ടിട്ടുണ്ട്. നാട്ടില്‍ കലാപമുണ്ടാക്കുന്നതിന് ഹര്‍ത്താലിനെ ഇത്തരം ഗ്രൂപ്പുകള്‍ ഉപയോഗപ്പെടുത്തിയതായാണ് സംശയിക്കുന്നത്. ഹര്‍ത്താലിന് ശേഷവും കതുവ കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രൂപ്പുകളുടെ സജീവ സാന്നിധ്യമാണ് സൂചിപ്പിക്കുന്നതെന്നാണ് പോലീസിന്റെ സംശയം.
വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനായി ചില ഗ്രൂപ്പുകള്‍ ഹര്‍ത്താലിനെ ദുരുപയോഗപ്പെടുത്തിയതായി സംശയം ബലപ്പെട്ടിട്ടിട്ടുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ പലയിടങ്ങളിലും നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്ത് മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയവരും അപരിചിതരുമാണെന്നതും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിരോധത്തിലാക്കി യുവാക്കാളെ സമരരംഗത്തിറങ്ങാന്‍ ചില സംഘടനകള്‍ ശ്രമം നടത്തിയതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. എസ്.ഡി.പി.ഐയും വെല്‍ഫയര്‍ പാര്‍ട്ടിയും സംശയത്തിന്റെ നിഴലിലാണ്.
അക്രമം നടന്ന താനൂരില്‍ മന്ത്രി കെ.ടി. ജലീല്‍ സന്ദര്‍ശനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. ഹര്‍ത്താല്‍ ദിനത്തില്‍ താനൂരില്‍ ഒരു പ്രത്യേക വിഭാഗത്തിന്റെ കടകള്‍ക്ക് നേരെ മാത്രം ആക്രമണം നടന്നത് ആസുത്രിതമായിരുന്നെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്. താനൂരില്‍ അക്രമികള്‍ തകര്‍ത്ത കെ.ആര്. ബേക്കറി ഉടമ കെ.ആര്. ബാലനുമായി മന്ത്രി ജലീല്‍ ചര്‍ച്ച നടത്തി.
മുസ്്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കളും താനൂര്‍ സന്ദര്‍ശിച്ചു. കശ്്മീര്‍ സംഭവത്തില്‍ രാജ്യത്തെ എല്ലാവിഭാഗക്കാരും വേദനിക്കുകയും പ്രതിഷേധിക്കുകയും ചെയ്യമ്പോള്‍ ചിലര്‍ അമിത വൈകാരികത ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ബാബ്്്രി മസ്്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇല്ലാതിരുന്നതിനേക്കാള് വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ചില ഗ്രൂപ്പുകള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായവര്‍ റിമാന്റില്‍ തുടരുകയാണ്. കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ച ശേഷം വിട്ടയച്ചവരെ പോലീസ് നിരീക്ഷിച്ചു വരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ പോലീസിന്റെ പ്രത്യേക സൈബര്‍ വിഭാഗം നിരീക്ഷിച്ചു വരുന്നുണ്ട്.
ഹര്‍ത്താലുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ വഴി നടന്ന പ്രചരണങ്ങളില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്താന്‍ സംസ്ഥാന മനുഷ്യവകാശ കമ്മീഷന് ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ചിലയിടങ്ങളില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ കതുവ കൊലപാതകത്തെ കുറിച്ച് പ്രത്യേക തരത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതും പോലീസ് നിരീക്ഷിച്ചു വരികയാണ്. പ്രകോപനപരമായ പോസ്റ്ററുകള്‍ ചില സംഘടനകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. തുടര്‍ന്നാണ് കോഴിക്കോട് നഗരത്തിന്റെ ചില ഭാഗങ്ങളില്‍ പോലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.






