Sorry, you need to enable JavaScript to visit this website.

'ന്നാ താന്‍ കേസ് കൊട്' 25 കോടി ക്ലബ്ബില്‍

വടകര- ഉര്‍വശി ശാപം ഉപകാരം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. സൈബര്‍ പോരാളികളുടെ ബഹിഷ്‌കരണ ആഹ്വാനത്തിന് ശേഷം ഹിറ്റില്‍ നിന്ന് മെഗാ ഹിറ്റിലേക്ക് 'ന്നാ താന്‍ കേസ് കൊട്' സിനിമ. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'ന്നാ താന്‍ കേസ് കൊട്' റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോള്‍ 25 കോടി ക്ലബ്ബില്‍ ഇടം നേടി.  ചിത്രത്തിന്റെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമ തിയേറ്ററില്‍ പ്രതിസന്ധി നേരിടുന്നു എന്ന ആശങ്ക മാറുന്നു എന്നതാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍', 'കനകം കാമിനി കലഹം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ആക്ഷേപഹാസ്യ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കള്ളനും മന്ത്രിയും തമ്മില്‍ നടക്കുന്ന കോടതി വിചാരണയുടെ പശ്ചാത്തലത്തില്‍ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. കോടതിയാണ് ചിത്രത്തില്‍ ഭൂരിഭാഗത്തും പശ്ചാത്തലമാകുന്നത്. കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തില്‍ തന്നെ ഏറ്റവും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും എത്തിയ ചിത്രം കൂടിയാണ് 'ന്നാ താന്‍ കേസ് കൊട്'. കേരള റിലീസിന് പിന്നാലെ ഓഗസ്റ്റ് 18 മുതലാണ് ചിത്രം ജി.സി.സി രാജ്യങ്ങളില്‍ റിലീസ് ചെയ്യുക. ദുബായിലെ ദെയ്‌റ സിറ്റി സെന്റര്‍, വോക്‌സ് മാക്‌സ് വണ്ണില്‍ ഓഗസ്റ്റ് 18 വ്യാഴാഴ്ച്ച വൈകിട്ട് 7:45നുള്ള ഷോയ്ക്ക് കുഞ്ചാക്കോ ബോബനും, ഗായത്രി ശങ്കറും, നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാനായി എത്തുന്നുണ്ട്.
 

Latest News