ഹര്‍ത്താലിന്റെ പേരിലെ മുസ്ലിം വേട്ട അവസാനിപ്പിക്കണം-ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്- സോഷ്യല്‍ മീഡിയയുടെ പ്രചാരണം വഴി രൂപപ്പെട്ട ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി മുസ്ലിം യുവാക്കളെ തെരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുന്ന കേരള പോലിസിന്റെ നീക്കം ജനാധിപത്യവിരുദ്ധവും തുടര്‍ന്നു വരുന്ന മുസ്ലിം വിരുദ്ധതയുടെ ഭാഗവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആരോപിച്ചു.

കാശ്മീരിലെ കത് വയിലുണ്ടായ ദാരുണ സംഭവത്തിനെതിരെ, ആസിഫക്ക് വേണ്ടി
രാജ്യത്തുടനീളം ജനകീയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് കേരളത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താല്‍. 

സംഘ് പരിവാര്‍ ഭീകരതക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തെ ത്വരിപ്പിക്കാന്‍ അത് സഹായകമായോ അതല്ല അത്തരം മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്തിയോ എന്നത് ആലോചിക്കേണ്ടതാണ്. മറ്റേതൊരു ഹര്‍ത്താലും പോലെ ഈ ഹര്‍ത്താലും ചിലയിടങ്ങളില്‍ അക്രമാസക്തമായത് അംഗീകരിക്കാനാവില്ല, ന്യായവുമല്ല.

എന്നാല്‍ മുഖ്യധാര രാഷ്ട്രീയ സംഘങ്ങള്‍ക്ക് മാത്രമെ  ഹര്‍ത്താല്‍ പ്രഖ്യാപിക്കാവൂ എന്നത് അംഗീകരിക്കാനാവില്ല. അത്തരം നിലപാടില്‍ പോലിസ് നടപടികളിലൂടെ സര്‍ക്കാറും പ്രസ്താവനകളിലൂടെ ഇതര രാഷ്ട്രീയ നേതാക്കളും ഒന്നിച്ചു നില്‍ക്കുന്നത് രാഷ്ട്രീയ മാടമ്പിത്തരമാണ്.  അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും സിപിഎം,മുസ്ലിം ലീഗ്, കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരാണ്.

ഹര്‍ത്താലിനാഹ്വാനം ചെയ്തവരെ നിഷ്പ്രയാസം കണ്ടെത്താമെന്നിരിക്കെ, തീവ്രവാദ ആരോപണം നടത്തി ദുരൂഹത സൃഷ്ടിക്കുകയാണ് പോലിസും രാഷ്ട്രീയ സംഘടനകളും.

ജനാധിപത്യവും പ്രതിഷേധവും പ്രതികരണവും തങ്ങളുടെ മേല്‍വിലാസത്തിലേ ആകാവൂ എന്നതും അല്ലാത്തതിനെയെല്ലാം തീവ്രവാദ മുദ്രയടിച്ച് വേട്ടയാടുന്നതും യുവ സമൂഹത്തെ കൂടുതല്‍ അരക്ഷിതമാക്കുകയേയുള്ളൂവെന്നും പ്രസ്താവനയില്‍ പറയുന്നു. 
അറസ്റ്റുചെയ്തവരുടെ പാര്‍ട്ടി തിരിച്ച പട്ടിക പുറത്തുവിടാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്ന്  ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. കെ മുഹമ്മദലി ആവശ്യപ്പെട്ടു.

ഹര്‍ത്താലിന്റെ പേരില്‍ പോലിസ് നടത്തുന്ന മുസ്ലിം വേട്ട ഉടന്‍ അവസാനിപ്പിക്കണം. ഹര്‍ത്താലിന്റെ പേരില്‍ നടന്ന അതിക്രമങ്ങളെ സംബന്ധിച്ച് അന്വേഷിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം.ആസിഫയ്ക്കനുകൂലമായി സംഘ്പരിവാര്‍ ഭീകരതയ്ക്കെതിരെ ദേശവ്യാപകമായി ഉയര്‍ന്നുവന്ന പ്രതികരണങ്ങളെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ഇടപെടലുണ്ടായോ എന്ന സംശയവും ഉയര്‍ന്നു വന്നിട്ടുണ്ട്. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരെ നിഷ്പ്രയാസം അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താമെന്നിരിക്കെ തീവ്രവാദ ആരോപണമുന്നയിച്ച് ദുരൂഹത സൃഷ്ടിക്കുകയാണ് പോലിസ്.

അതേസമയം സംസ്ഥാനത്തെ ഹര്‍ത്താലുകളുടെ ചരിത്രത്തില്‍ മുന്‍ അനുഭവമില്ലാത്ത വേട്ടയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരായ മുദ്രാവാക്യത്തെപ്പോലും മതസ്പര്‍ദ വളര്‍ത്തുന്നതായി വ്യാഖാനിച്ച് കേസെടുക്കുകയാണ് കേരള പോലിസ് ചെയ്യുന്നത്. സി.പി.എം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ അനുയായികള്‍ തന്നെയാണ് ഹര്‍ത്താലിനായി രംഗത്തിറങ്ങിയ ഭൂരിപക്ഷം പേരും-പ്രസ്താവനയില്‍ പറഞ്ഞു. 

Latest News