റിയാദ് - മൂന്നര ദശകത്തിലേറെ നീണ്ട ഇടവേളക്കു ശേഷം സൗദിയിൽ ബിഗ് സ്‌ക്രീനിൽ സിനിമ പ്രദർശനത്തിന് തുടക്കം. തലസ്ഥാനമായ റിയാദിൽ സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി ഡോ. അവാദ് അൽഅവാദ് ആദ്യ സിനിമാ തിയേറ്റർ ഉദ്ഘാടനം ചെയ്തു. ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികൾക്കു മുന്നിലായിരുന്നു ആദ്യ പ്രദർശനം. പൊതുജനങ്ങൾക്കുള്ള പ്രദർശനം മെയ് ആദ്യം ആരംഭിക്കും.
ഈ വർഷത്തെ ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ബ്ലാക്പാന്തർ ആണ് പ്രദർശിപ്പിച്ചത്. തിയേറ്റർ ഉദ്ഘാടന ചടങ്ങിനും പ്രഥമ സിനിമാ പ്രദർശനത്തിനും മുതിർന്ന ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും അറബ്, ആഗോള സിനിമാ വ്യവസായ മേഖലയിലെ പ്രശസ്ത വ്യക്തികളും വിദഗ്ധരും എ.എം.സി എന്റർടൈൻമെന്റ് കമ്പനി സി.ഇ.ഒ ആദം ആരോണും സാക്ഷ്യം വഹിച്ചു.
സിനിമയുടെ തിരിച്ചുവരവ് സൗദിയുടെ ആധുനിക ചരിത്രത്തിലെയും സാംസ്‌കാരിക ജീവിതത്തിലെയും സൗദിയിലെ വിനോദ വ്യവസായ വികസനത്തിലെയും സുപ്രധാന നിമിഷമാണെന്ന് സാംസ്‌കാരിക, ഇൻഫർമേഷൻ മന്ത്രി പറഞ്ഞു. ണാടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി മുതൽ പ്രദർശനം ആരംഭിച്ചത്. സിനിമാ മേഖലയിലെ വിദഗ്ധർ അടക്കമുള്ളവരെ പ്രഥമ പ്രദർശനത്തിലേക്ക് മുൻകൂട്ടി ക്ഷണിച്ചിരുന്നതായി ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയക്കു കീഴിലെ സിനിമാ മേഖലാ സൂപ്പർവൈസർ ബദ്ർ അൽസഹ്‌റാനി പറഞ്ഞു. ഓൺലൈൻ വഴിയും മറ്റു സെയിൽസ് ഔട്ട്‌ലറ്റുകൾ വഴിയും ടിക്കറ്റ് വിൽപനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വിൽപനയെക്കുറിച്ച വിശദാംശങ്ങൾ അടുത്ത ദിവസം പരസ്യപ്പെടുത്തും.