Sorry, you need to enable JavaScript to visit this website.
Wednesday , October   05, 2022
Wednesday , October   05, 2022

സ്വാതന്ത്ര്യദിനത്തില്‍ തെലങ്കാന പോലീസിന്റെ അതിഥിയായി ദുല്‍ഖര്‍, പരേഡിലും പങ്കെടുത്തു

തെലങ്കാന- സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുല്‍ഖര്‍ സല്‍മാന്‍. ഓപ്പണ്‍ ജീപ്പില്‍ പോലീസ് ബുള്ളറ്റുകളുടെ അകമ്പടിയോടെയാണ് ദുല്‍ഖറിനെ സ്വാതന്ത്ര്യദിനാഘോഷം നടക്കുന്ന മൈതാനത്തേക്ക് സൈബറാബാദ് സ്വീകരിച്ചത്.
തുടര്‍ന്ന് ദേശീയ പതാക ഉയര്‍ത്തിയ താരം ഫ്‌ളാഗ് സല്യൂട്ട് നല്‍കി. ദുല്‍ഖര്‍ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തുറന്ന ജീപ്പില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സൈബറാബാദ് പോലീസ് അംഗങ്ങള്‍ അണിനിരന്ന സ്വാതന്ത്ര്യദിന പരേഡും ദുല്‍ഖര്‍ പരിശോധിച്ചു. സാധാരണയായി മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ പങ്കെടുക്കാറുള്ള പരിപാടിയില്‍ ഒരു സിനിമാ താരം പങ്കെടുത്തത് പുതിയ അനുഭവമായി.
വെള്ള കുര്‍ത്തയും പാന്റുമണിഞ്ഞ് സണ്‍ഗ്ലാസും വച്ച് ഓപ്പണ്‍ ജീപ്പില്‍ സ്‌റ്റൈലായി വരുന്ന ദുല്‍ഖറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം തന്നെ ആയിരക്കണക്കിന് പേരാണ് വീഡിയോക്ക് ലൈക്കുമായി രംഗത്ത് വന്നത്. ഇത്രയധികം തെന്നിന്ത്യന്‍ താരങ്ങള്‍ ടോളിവുഡില്‍ ഉണ്ടായിട്ടും ദുല്‍ഖര്‍ സല്‍മാനെ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്താന്‍ ക്ഷണിച്ചതിന്റെ സന്തോഷം മലയാളി ആരാധകരും പങ്കുവെച്ചു
മലയാളത്തിലെ പോലെ തെലുങ്കിലും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍. അടുത്തിടെ റിലീസ് ചെയ്ത ദുല്‍ഖര്‍ ചിത്രം സീതാരാമം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു, ചിത്രത്തിന്റെ സംവിധായകന്‍ ഹനു രാഘവപുടിയും സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു.
ലഫ്റ്റനന്റ് റാം എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് ദുല്‍ഖര്‍ സീതാരാമത്തിലെത്തിയത്. പരേഡില്‍ പങ്കെടുത്ത സേനാംഗങ്ങള്‍ക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയെടുത്താണ് താരം മടങ്ങിയത്.

 

Latest News