Sorry, you need to enable JavaScript to visit this website.

പെണ്‍മക്കളില്‍ പ്രതീക്ഷയെന്ന് രാഷ്ട്രപതി

ന്യൂദല്‍ഹി- 2047 ആകുമ്പോഴേക്കും നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ പൂര്‍ണമായി സാക്ഷാത്കരിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു. ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടന തയാറാക്കിയവരുടെ കാഴ്ചപ്പാടിന് നാം മൂര്‍ത്തമായ രൂപം നല്‍കും. ഒരു ആത്മനിര്‍ഭര്‍ ഭാരതവും അതിന്റെ യഥാര്‍ഥ സാധ്യതകള്‍ തിരിച്ചറിയാമായിരുന്ന ഒരു ഇന്ത്യയും കെട്ടിപ്പടുക്കാനുള്ള പാതയിലാണ് നാം.
സമീപ വര്‍ഷങ്ങളില്‍ ഒരു പുതിയ ഇന്ത്യ ഉയര്‍ന്നുവരുന്നത് ലോകം കണ്ടു. മഹാമാരിയോടുള്ള നമ്മുടെ പ്രതികരണം എല്ലായിടത്തും പ്രശംസിക്കപ്പെട്ടു. രാജ്യത്ത് തന്നെ നിര്‍മ്മിച്ച വാക്‌സിനുകള്‍ ഉപയോഗിച്ച് മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി നാം ആരംഭിച്ചു. കഴിഞ്ഞ മാസത്തോടെ ആകെ വാക്‌സിന്‍ വിതരണത്തില്‍ നാം 200 കോടി കടന്നിരുന്നു. മഹാവ്യാധിയെ ചെറുക്കുന്നതില്‍ നമുക്കുണ്ടായ നേട്ടങ്ങള്‍ പല വികസിത രാജ്യങ്ങളെയും അപേക്ഷിച്ച് മികച്ചതാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയമാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
എല്ലാ മേഖലയിലും ഇന്ത്യ മുന്നോട്ട് പോകുന്നുവെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ സ്വപ്‌നം നമ്മള്‍ സാക്ഷാത്കരിക്കുമെന്നും ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ നമ്മുടെ പെണ്‍മക്കളാണ്. അടുത്തിടെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇവരില്‍ ചിലര്‍ രാജ്യത്തിന് കീര്‍ത്തി നേടിത്തന്നു. നമ്മുടെ വിജയികളില്‍ വലിയൊരു വിഭാഗം സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. യുദ്ധവിമാനത്തിന്റെ പൈലറ്റുമാരാകുന്നത് മുതല്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ വരെ എത്തി നമ്മുടെ പെണ്‍മക്കള്‍ വലിയ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.

 

Latest News