സൗദിയുടെ 92-ാം ദേശീയദിന 'ഐഡന്റിറ്റി പ്രകാശനം ചെയ്തു

റിയാദ്- സൗദി അറേബ്യയുടെ 92-ാം ദേശീയ ദിന ആഘോഷത്തിനായുള്ള 'ഐഡന്റിറ്റി', ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ (ജി.ഇ.എ) ബോര്‍ഡ് ഓഫ് ഡയറക്ടേഴസ് ചെയര്‍മാന്‍ തുര്‍ക്കി ബിന്‍ അബ്ദുല്‍ മുഹ്സിന്‍ അല്‍ ശൈഖ് പ്രകാശനം ചെയ്തു.

സൗദി അറേബ്യയുടെ വികസന കാഴ്ചപ്പാടായ വിഷന്‍ 2030 ന്റെ ഭാഗമായുള്ള പദ്ധതികള്‍ക്ക് അനുസൃതമായാണ് 'ഐഡന്റിറ്റി' ഒരുക്കിയിരിക്കുന്നത്. ഇതില്‍ പ്രധാനമായും രണ്ട് മുദ്രാവാക്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്ന് കുറിപ്പായും മറ്റൊന്ന് കലാരൂപമായും. രാജ്യത്തിലെ ജനങ്ങളുടെ അഭിലാഷവും അവകാശവും ഐക്യവും ഉള്‍കൊണ്ട് 'ഇറ്റ് ഈസ് ഔര്‍ ഹോം' (ഇത് നമ്മുടെ വീടാണ്) എന്ന വാക്കാണ് ഇതില്‍ വാചകമായി ചേര്‍ത്തത്. സ്വന്തം നാടിനെ വീടാണെന്ന് വിശേഷിപ്പിക്കുന്ന സൗദികളുടെ മനസ്സാക്ഷിയെ സ്പര്‍ശിക്കുന്നതും അവരുടെ പാരമ്പര്യത്തിനേയും വര്‍ത്തമാനത്തിനേയും പ്രതിനിധീകരിക്കുന്നതുമാണ് ഈ വാചകം.

'ഐഡന്റിറ്റി' യില്‍ ചേര്‍ത്ത കാലാപരമായ ലോഗോ സവിശേഷമായ അര്‍ത്ഥങ്ങളുള്ളതാണ്. രാജ്യം എല്ലാ ജനങ്ങളേയും സ്വീകരിക്കുന്നുവെന്നും അവര്‍ക്കായി കഴിവുകള്‍ വിനിയോഗിക്കുന്നുവെന്നും അറിയിക്കുന്നതാണ് ലോഗോ. സൗദിയുടെ ഭൂപടത്തില്‍ രൂപകല്‍പന ചെയ്യപ്പെട്ട ലോഗോയിലെ സൗദി പതാകയില്‍ 'ഇറ്റ് ഈസ് ഔര്‍ ഹോം' എന്ന വാചകം എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. വളര്‍ച്ച, സുരക്ഷിതത്വം, അഭിലാഷം, നിശ്ചയദാര്‍ഢ്യം, ജ്ഞാനം, വിശ്വസ്തത തുടങ്ങിയ രാജ്യവുമായി ബന്ധപ്പെട്ട നിരവധി ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന വിവിധ നിറങ്ങളുടെ പ്രാതിനിധ്യത്തിലാണ് ഈ ലോഗോ രൂപകല്‍പന ചെയ്തിരിക്കുന്നത്.

വിവിധ തലമുറകളുടെ ഹൃദയങ്ങളില്‍ രാജ്യത്തിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രവേശിപ്പിക്കാനും വിജ്ഞാനപ്രദമായ കാഴ്ചപ്പാടിലധിഷ്ടിതമായ പദ്ധതികള്‍ ആഘോഷിക്കാനും പ്രചോദനം നല്‍കുന്ന ദേശീയ ദിനത്തിന്റെ പങ്കും ഈ ഐഡന്റിറ്റി സൂചിപ്പിക്കുന്നുണ്ട്.

92-ാം ദേശീയ ദിന ആഘോഷത്തിനായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ അംഗീകൃത ഐഡന്റിറ്റി മാത്രേമ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളോടും ഏജന്‍സികളോടും അതോറിറ്റി ആഹ്വാനം ചെയ്തു. വിവിധ ആപ്ലിക്കേഷനുകളിലൂടെ ഈ ഐഡന്റിറ്റി ഡൗണ്‍ലോഡ് ചെയ്തു എടുക്കാനാവും.


    

 

Latest News