ചെങ്കൊടിക്കുണ്ടോ  പന്തികേട്?

 നിലമേൽ കമറുദ്ദീൻ മൗലവി

ആദർശത്തിൽ കടുകിട വിട്ടുവീഴ്ച ചെയ്യാത്ത വിഭാഗമാണ് മുസ്‌ലിം സമുദായം എന്നത് സുവിദിതമാണ്.  എന്നാൽ അത്തരം മനസ്സുകളിൽ നിന്നും ആദർശ പ്രതിബദ്ധത പിഴുതെറിയാനുള്ള നാളുകൾ നീണ്ട മാർക്‌സിസ്റ്റു ശ്രമങ്ങൾക്ക് ഫലം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നു സമാകാലിക സാഹചര്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. 
എം.എം. അക്ബർ, ജൗഹർ മുനവ്വർ, ഹാദിയ തുടങ്ങി മുസ്‌ലിംകളെ നേരിട്ട് ബാധിക്കുന്നതും അല്ലാത്തതുമായ സർവ പ്രശ്‌നങ്ങളിലും മുസ്‌ലിം സഖാക്കൾ മത പ്രമാണങ്ങൾക്ക് വിരുദ്ധമായും പാർട്ടി താൽപര്യങ്ങൾക്ക് അനുകൂലമായും പരസ്യ നിലപാടെടുത്തതിൽ അതിശയോക്തിയില്ല. അവർക്ക് അങ്ങനെയാവാനേ തരമുള്ളൂ. വിഷച്ചെടി നട്ടാൽ വിഷക്കായ മാത്രമേ വിളയൂ എന്നാണല്ലോ? 
സുന്നി, മുജാഹിദ്, ജമാഅത്ത് വ്യത്യാസമെന്യേ സർവ മുസ്‌ലിം സംഘടനകളുടെയും പൊതു വേദികളിൽ ഒരിടത്തുപോലും മാർക്‌സിസ്റ്റു വിമർശനം അസാധ്യമാം വിധം അവരുടെ സ്വാധീനം ശക്തിപ്പെട്ടുകഴിഞ്ഞുവെന്നാണ് സമകാലിക സംഭവങ്ങൾ നമ്മോട് പറയുന്നത്. ചുരുക്കത്തിൽ ദൈവാസ്തിക്യത്തെയും സദാചാര മൂല്യങ്ങളെയും കാറ്റിൽ പറത്തുന്ന ഒരുവേള ചോദ്യം ചെയ്യുന്ന ഒരു പ്രത്യയ ശാസ്ത്രത്തെ പരവതാനി വിരിച്ചാനയിക്കാൻ പാകത്തിൽ നമ്മുടെ പള്ളി, മദ്രസകൾ പോലും മാറിക്കഴിഞ്ഞുവെന്നു ചുരുക്കം! 
പലർക്കും അരുചികരമായി തോന്നാനിടയുള്ള ചില യാഥാർഥ്യങ്ങൾക്ക് നേരെ ഇനി കണ്ണടച്ചിട്ട് കാര്യമില്ല. അവ തിരിച്ചറിഞ്ഞു ഉടനടി ചികിത്സിച്ചില്ലെങ്കിൽ ചുംബന, മാറ് തുറക്കൽ സമര നായകർ നമ്മുടെ വീടുകളിലും ഉണ്ടാവാൻ അധിക നാൾ കാത്തിരിക്കേണ്ടി വരില്ല. 
മത വേദികളിൽ രാഷ്ട്രീയം വേണ്ട എന്ന അലിഖിത നിയമം അടിച്ചേൽപിക്കുന്നതിൽ മറ്റാരേക്കാളും താൽപര്യം കാണിക്കാറുള്ള  സഖാക്കൾ അമ്മായിക്ക് അടുക്കളയിലും ആവാമെന്ന മട്ടിൽ മത മൂല്യങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും നിരൂപണ വിമർശനങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ച പലവുരു നാം കണ്ടുകഴിഞ്ഞു. മമ്മൂട്ടിയുടെ നിലവിളക്ക് ഫത്‌വ അതിൽ ഒരു ഉദാഹരണം മാത്രം. പണ്ഡിതന്മാർ രാഷ്ട്രീയ അയിത്തം കൽപിക്കുന്നത് മൂലമുണ്ടാവുന്ന സർവ നേട്ടങ്ങളും അവർക്ക് മാത്രം സ്വന്തമായി കിട്ടുമെന്ന് മാർക്‌സിസ്റ്റ് ദാർശനികർ ദീർഘ ദർശനം നടത്തി. അങ്ങനെ ആളില്ലാ പോസ്റ്റിലേക്ക് ഗോളടിക്കാനുള്ള കനകാവസരമായി അവർ ഇതിനെ വേണ്ടുവോളം മുതലെടുത്തു. മാർക്‌സിസ്റ്റു ബുദ്ധിജീവികളാൽ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെട്ട സാമാന്യ മുസ്‌ലിംകൾക്കുണ്ടാവാനിടയുള്ള മതത്തെക്കുറിച്ച സംശയ നിവാരണങ്ങൾക്കുള്ള എല്ലാ അവസരങ്ങളും നഷ്ടപ്പെടുത്തുകയും തൽസ്ഥാനത്ത് നിരീശ്വരത്വം അടിച്ചേൽപിക്കുകയും ചെയ്യുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് രാഷ്ട്രീയം പറഞ്ഞു പോകരുതേ എന്ന അലിഖിത നിയമം അടിക്കടി ആവർത്തിച്ചുകൊണ്ടിരുന്നത്. മാർക്‌സിസ്റ്റ് വിതണ്ഡവാദങ്ങൾ മുസ്‌ലിംകൾക്കിടയിൽ ആയാസ രഹിതമായി കുത്തി വെക്കാൻ മാർക്‌സിസ്റ്റുകാ
ർക്ക് ഇത്തരം ഒരു സാഹചര്യം എളുപ്പമാക്കി എന്നാണു പറഞ്ഞു വരുന്നത്. 
ഭരണപാടവം കൊണ്ട് കീർത്തികേട്ട എത്രയോ പ്രവാചകന്മാരുടെ കഥകളിലേക്ക് ഖുർആൻ വെളിച്ചം വീശുന്നു. രാഷ്ട്രീയം അന്യമായവർക്കെങ്ങനെ രാഷ്ട്ര നായകനാവാമെന്നത് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. മാത്രമല്ല വ്യക്തിയെയും സമൂഹത്തെയും ബാധിക്കുന്ന സർവ കാര്യങ്ങളിലും സമഗ്രമായി പ്രദിപാദിക്കുന്ന ഇസ്‌ലാമിക ദർശനം രാഷ്ട്രീയ മേഖലയെ മാത്രം ഒഴിവാക്കിയെന്നത് എത്രമാത്രം അയുക്തികമാണ്. 
വർഗീയതയെ പാലൂട്ടി തേനൂട്ടി വളർത്തുന്നതിൽ സംഘ് പരിവാരവും മാർക്‌സിസ്റ്റുകാരും ഒരേ തൂവൽ പക്ഷികളാണ് എന്ന് കാണാൻ എമ്പാടും തെളിവുകളുണ്ട്. ഭരണ സംവിധാനങ്ങൾ പൂർണമായി കൈപ്പിടിയിൽ വന്നപ്പോഴൊക്കെ യഥാർത്ഥ വർഗീയവാദികൾക്കെതിരെ 
കമ എന്നുരിയാടാത്തവർ കൊടും വർഗീയതയെ എതിർക്കുന്നയാളുകൾക്ക് മേൽ മതമൗലികവാദം ആരോപിക്കുന്നത് ഇവരുടെ എക്കാലത്തെയും ഹോബിയായിരുന്നു. ഉദാഹരണത്തിന് സുലൈമാൻ സേട്ടു വിനെ പോലുള്ള പ്രഗൽഭ പാർലമെന്റേറിയൻ ചെയ്ത കുറ്റം താക്കറെ -തൊഗാഡിയമാരുടെ തീവ്ര വർഗീയമുഖം പൊതുജനങ്ങൾക്ക് മുന്നിൽ ഒരൽപം ശക്തമായ ശൈലിയിൽ തുറന്നു കാട്ടിയെന്നുള്ളതാണ്. സംഘ്പരിവാരത്തെ പോലെ മാർക്‌സിസ്റ്റുകാർക്കും അദ്ദേഹത്തെ പോലുള്ളവർ  മതമൗലികവാദികളാണ്. ഈ കോണിലൂടെ നോക്കിയപ്പോഴാണ് മഅ്ദനിയും കുറ്റവാളിയായി മുദ്രകുത്തപ്പെട്ടു അന്യായ തടങ്കലിൽ അടക്കപ്പെട്ടത്. 
മകളുടെ സമാധാനപരമായ വൈവാഹിക ജീവിതം അനുവദിക്കില്ലെന്ന് ശപഥം ചെയ്ത മാതാപിതാക്കൾക്ക് വേണ്ടി സാരോപദേശവുമായി ഊരുചുറ്റുന്ന മുസ്‌ലിം നാമധാരികളായ മന്ത്രിമാർ ഈ ചിന്താധാരയുടെ ഉൽപന്നമാണ്.ആസിഫയുടെ പേരിൽ ഇക്കൂട്ടർ ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നു പറയാനാണ് ഇതഃപര്യന്തമുള്ള പ്രവർത്തനങ്ങൾ പ്രേരിപ്പിക്കുന്നത്.  

 

Latest News