Sorry, you need to enable JavaScript to visit this website.

അബുദാബിയുടെ പെട്രോളിതര വിദേശ വ്യാപാരത്തിൽ 12 ശതമാനം വളർച്ച

അബുദാബി- ഈ വർഷം ആദ്യ പകുതിയിൽ അബുദാബി എമിറേറ്റിന്റെ പെട്രോളിതര വിദേശ വ്യാപാരത്തിൽ 12 ശതമാനം വളർച്ച രേഖപ്പെടുത്തി. ആറു മാസക്കാലത്ത് 124 ബില്യൺ ദിർഹമിന്റെ (33.7 ബില്യൺ ഡോളർ) വിദേശ വ്യാപാരമാണ് അബുദാബി നടത്തിയത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ വിദേശ വ്യാപാരം 110.3 ബില്യൺ ദിർഹം (30 ബില്യൺ ഡോളർ) ആയിരുന്നു. 
ആറു മാസക്കാലത്ത് കയറ്റുമതി 26 ശതമാനം തോതിൽ വർധിച്ചു. ആദ്യ പകുതിയിൽ 49.4 ബില്യൺ ദിർഹമിന്റെ (13.4 ബില്യൺ ഡോളർ) ഉൽപന്നങ്ങളാണ് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ കയറ്റുമതി 39.1 ബില്യൺ ദിർഹം (10.6 ബില്യൺ ഡോളർ) ആയിരുന്നു. 
റീ-എക്‌സ്‌പോർട്ട് മേഖലയിൽ ആറു ശതമാനം വളർച്ച രേഖപ്പെടുത്തി. ആറു മാസക്കാലത്ത് 23.4 ബില്യൺ ദിർഹമിന്റെ (6.3 ബില്യൺ ഡോളർ) ഉൽപന്നങ്ങളാണ് വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ റീ-എക്‌സ്‌പോർട്ട് 21.6 ബില്യൺ ദിർഹം (5.8 ബില്യൺ ഡോളർ) ആയിരുന്നു. 
ആറു മാസത്തിനിടെ ഇറക്കുമതി നാലു ശതമാനം തോതിലും വർധിച്ചു. ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലത്ത് 51.4 ബില്യൺ ദിർഹമിന്റെ (13.9 ബില്യൺ ഡോളർ) ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇറക്കുമതി 49.4 ബില്യൺ ദിർഹം (13.4 ബില്യൺ ഡോളർ) ആയിരുന്നു. 
ഈ വർഷം ആദ്യ പകുതിയിൽ അബുദാബിയുടെ വിദേശ വ്യാപാരത്തിന്റെ സിംഹഭാഗവും സൗദി അറേബ്യയുമായിട്ടായിരുന്നു. സൗദിയുമായി 28.63 ബില്യൺ ദിർഹമിന്റെ (7.7 ബില്യൺ ഡോളർ) വ്യാപാരം നടത്തി. കഴിഞ്ഞ വർഷം ആദ്യ പകുതിയെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പകുതിയിൽ അബുദാബി-സൗദി വ്യാപാരത്തിൽ മൂന്നു ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ടാം സ്ഥാനത്ത് സ്വിറ്റ്‌സർലാന്റ് ആണ്. സ്വിറ്റ്‌സർലാന്റുമായി ആറു മാസത്തിനിടെ 9.53 ബില്യൺ ദിർഹമിന്റെ (2.5 ബില്യൺ ഡോളർ) വ്യാപാരം നടത്തി. സ്വിറ്റ്‌സർലാന്റുമായുള്ള വ്യാപാരത്തിൽ 260 ശതമാനം വളർച്ച രേഖപ്പെടുത്തി. മൂന്നാം സ്ഥാനത്തുള്ള അമേരിക്കയുമായി ഇക്കാലയളവിൽ 9.33 ബില്യൺ ദിർഹമിന്റെ വ്യാപാരം നടത്തി. അമേരിക്കയുമായുള്ള വ്യാപാരത്തിൽ 21 ശതമാനം വളർച്ചയുണ്ടായി. 
നാലാം സ്ഥാനത്തുള്ള ചൈനയുമായി 5.95 ബില്യൺ ദിർഹമിന്റെയും അഞ്ചാം സ്ഥാനത്തുള്ള കുവൈത്തുമായി 5.87 ബില്യൺ ദിർഹമിന്റെയും വ്യാപാരം നടത്തി. ചൈനയുമായുള്ള വ്യാപാരത്തിൽ ഒമ്പതു ശതമാനവും കുവൈത്തുമായുള്ള വ്യാപാരത്തിൽ 13 ശതമാനവും വളർച്ചയുണ്ടായി. ഈ വർഷം ആദ്യ പകുതിയിലെ എണ്ണയിതര വിദേശ വ്യാപാരത്തിന്റെ സ്ഥിതിവിവര കണക്കുകൾ സമ്പദ്‌വ്യവസ്ഥയുടെ മികച്ച പ്രകടനം കാണിക്കുന്ന വ്യക്തമായ വളർച്ച പ്രതിഫലിപ്പിക്കുന്നതായി അബുദാബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ ഡയറക്ടർ ജനറൽ അഹ്മദ് ഫക്‌രി പറഞ്ഞു. 

Tags

Latest News