Sorry, you need to enable JavaScript to visit this website.

പ്രവാസ ലോകത്തെ 40 കലാകാരന്‍മാര്‍ അണിനിരക്കുന്നു; ' ബുദ്ധ- ദി ഡിവൈന്‍' മെഗാ ഷോ ഞായറാഴ്ച

തിരുവനന്തപുരം- സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നോര്‍ക്കാ റൂട്ട്സ് , സൂര്യ ഇന്ത്യയുടെ സഹകരണത്തോടെ ബുദ്ധ -ദി ഡിവൈന്‍ എന്ന കലാവിരുന്ന് ഒരുക്കുന്നു. നാളെ ഞായറാഴ്ച വൈകിട്ട് 6.45 ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന കലാവിരുന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്‍ഡ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സൂര്യയോടൊപ്പം ബഹ്‌റൈനിലെ മലയാളി പ്രവാസി പ്രതിഭകളാണ് കലാവിരുന്നിന്റെ പിന്നണിയില്‍. കലാ കൂട്ടായ്മയായ 'ലക്ഷ്യ'യുടെ സ്ഥാപകയും നൃത്താധ്യാപികയുമായ വിദ്യാശ്രീയുടെ നൃത്ത നാടകമാണ് 'ബുദ്ധ - ദി ഡിവൈന്‍ '.

മാനവികത നിലനില്‍ക്കുന്നിടത്തോളം നിലനില്‍ക്കുന്ന മൂല്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ശ്രീബുദ്ധദര്‍ശനങ്ങളാണ് 70 മിനിട്ട് ദൈര്‍ഘ്യമുളള ദൃശ്യ വിരുന്നിന്റെ അടിസ്ഥാനം. സിദ്ധാര്‍ത്ഥനില്‍ നിന്നും ശ്രീബുദ്ധനിലേയ്ക്കുളള പരിവര്‍ത്തനത്തെ ലത്തീന്‍ രാജും വിദ്യാശ്രീയുമാണ് അവതരിപ്പിക്കുന്നത്.

ഒപ്പം പ്രവാസ ലോകത്തെ 40 ഓളം കലാകാരന്‍മാരും വേദിയെ സമ്പന്നമാക്കും. സംസ്‌കൃത പണ്ഡിതനായ ഡോ. എല്‍ സമ്പത്തിന്റെ വരികള്‍ക്ക് പാലക്കാട് ശ്രീറാമാണ് സംഗീതമൊരുക്കുന്നത്. പ്രവേശന പാസ്സുകള്‍ തൈയ്ക്കാട് നോര്‍ക്ക സെന്ററില്‍ ലഭിക്കും.

 

Latest News