മന്ത്രിയുടെ കാറിനുനേരെ ചെരിപ്പെറിഞ്ഞ അഞ്ച് ബി.ജെ.പിക്കാര്‍ അറസ്റ്റില്‍

ചെന്നൈ- തമിഴ്‌നാട്ടില്‍ ധനമന്ത്രി പളനിവേല്‍ ത്യഗരാജന്റെ കാറിനുനേരെ ചെരിപ്പെറിഞ്ഞ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മധുരയില്‍ വെച്ചാണ് സംഭവം. കശ്മീരിലെ രജൗരിയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ ഡി. ലക്ഷ്മണന് അന്ത്യഞ്ജലി അര്‍പ്പിക്കാനാണ് മന്ത്രി മധുരയിലെത്തിയത്.
അറസ്റ്റിലായവര്‍ ബി.ജെ.പി അംഗങ്ങളാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മന്തിയുടെ കാറിനുനേരെ ചെരിപ്പെറിയാനുള്ള കാരണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അന്വേഷണത്തിനുശേഷം വെളിപ്പെടുത്തുമെന്നാണ് പോലീസിന്റെ മറുപടി.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലയെ സ്വീകരിക്കാന്‍ കാത്തിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ മന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു. അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ നിശ്ചയിച്ച സ്ഥലത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ നിറഞ്ഞിരിക്കയായിരുന്നുവെന്നും ഇത് പ്രോട്ടോക്കോളിന്റെ ലംഘനമാണെന്നും ഭരണകക്ഷിയായ ഡി.എം.കെയുടെ ഭാരവാഹി ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചപ്പോള്‍ തങ്ങളെ നീക്കം ചെയ്യാന്‍ മന്ത്രി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിഷേധം തുടങ്ങി.
സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളിലൊരാള്‍ ചെരിപ്പൂരി മന്ത്രിയുടെ കാറിനുനേരെ എറിയുന്നത് പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. കാറില്‍ കെട്ടിയിരുന്ന ദേശീയ പതാകക്ക് സമീപമാണ് ചെരിപ്പ് പോയി വിണത്.

 

Latest News