നവരസങ്ങളെ അധികരിച്ച് ഒരുക്കിയ ചലച്ചിത്ര പരമ്പരയിലെ ഭയാനകത്തിലൂടെയാണ് ജയരാജ് മികച്ച സംവിധായകനും തിരക്കഥാകൃത്തുമായത്. നവരസങ്ങൾ എന്നു കേൾക്കുമ്പോൾ എളുപ്പമെന്നു തോന്നാമെങ്കിലും അവയിലെ ഓരോ ഭാവത്തെയും ഇതിവൃത്തമാക്കി പ്രമേയം കണ്ടെത്തി ചലച്ചിത്രമൊരുക്കുക എന്നത് സാഹസം തന്നെയാണെന്ന് ജയരാജ് സമ്മതിക്കുന്നു. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത കളിയാട്ടംപോലുള്ള സിനിമകളൊരുക്കിയ ജയരാജന് തന്റെ കഴിവിൽ ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് ഇത്തരം സാഹസത്തിനു മുതിർന്നത്. കരുണം, ശാന്തം, ബീഭത്സം, അത്ഭുതം, വീരം എന്നിവയ്ക്കു ശേഷമാണ് ഭയാനകത്തിലെത്തിയത്. ബീഭത്സം ഹിന്ദിയിലാണ് ഒരുക്കിയത്. ആദ്യത്തെ മൂന്നു ചിത്രങ്ങളും നിരവധി ബഹുമതികൾക്കും അർഹമായിരുന്നു.
കഴിഞ്ഞ വർഷം ഒറ്റാൽ എന്ന ചിത്രത്തിലൂടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയ ജയരാജിന്റെ ഭയാനകം എന്ന ചിത്രത്തിന്റെ തിരക്കഥയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തകഴിയുടെ കയർ എന്ന നോവലിലെ ഏതാനും അധ്യായങ്ങളിൽനിന്നാണ് ഭയാനകത്തിന്റെ ഇതിവൃത്തം മെനഞ്ഞെടുത്തിരിക്കുന്നത്. യുദ്ധങ്ങളുടെ നിരർത്ഥകതയാണ് ചിത്രം ആവിഷ്‌കരിക്കുന്നത്. യുദ്ധക്കെടുതിയുടെ ഭീകരതയ്‌ക്കൊപ്പം അത് സാധാരണ മനുഷ്യരിലുണ്ടാക്കുന്ന സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ പരിവർത്തനങ്ങളെയാണ് ഭയാനകം വിശകലനം ചെയ്യുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത് ഒരു കാലിനു പരിക്കേറ്റ് പോസ്റ്റ്മാൻ ജോലിയുമായി കുട്ടനാട്ടിലേയ്ക്ക് സ്ഥലം മാറിയെത്തുന്ന പോസ്റ്റ്മാനിലൂടെയാണ് ഭയാനകം ഇതൾ വിരിയുന്നത്. രഞ്ജി പണിക്കരാണ് പോസ്റ്റ്മാനായി എത്തുന്നത്. ആർക്കു വേണ്ടിയാണെന്നോ എവിടെയാണ് നടക്കുന്നതെന്നോ അറിയാത്ത ഒരു യുദ്ധം ഒരു കൊച്ചുഗ്രാമത്തിലെ മനുഷ്യർക്ക് ശവപ്പറമ്പാകുന്നതെങ്ങനെയെന്ന് ഭയാനകം ചൂണ്ടിക്കാണിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത് വീരചരമം പ്രാപിച്ച കുട്ടിനാട്ടിലെ ഒരുകൂട്ടം സൈനികർക്കും തകഴിച്ചേട്ടനുമാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് ജയരാജ് പറയുന്നു.
ഒരു കഥയിൽനിന്നും മനോഹരമായ ഒരു സിനിമ എങ്ങനെയുണ്ടാക്കാം എന്നതിന്റെ തെളിവു കൂടിയാണ് ഭയാനകം. ജയരാജിന്റെ സംവിധാന മികവാണ് ചിത്രത്തിന്റെ മറ്റാരു പ്ലസ് പോയന്റ്. തിരക്കഥയേക്കാൾ വിസ്മയപ്പെടുത്തുന്ന സംവിധാന പാടവം ചിത്രത്തിൽ തെളിഞ്ഞുകിടക്കുന്നുണ്ട്.